ad
Deshabhimani

യുഎസ് - ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു; ശക്തമായ മിസൈൽ - ഡ്രോൺ ആക്രമണം

attack

മിസൈൽ ഡ്രോൺ ആക്രമണത്തിൽ നിന്ന് | Photo:BSS News

വെബ് ഡെസ്ക്

Published on Jun 06, 2026, 12:32 PM | 2 min read

വാഷിംഗ്ടൺ : അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാർ പൂർണമായും ലംഘിക്കപ്പെടുന്ന തരത്തിൽ ഗൾഫ് മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ വീണ്ടും ശക്തമാകുന്നു. ഹോർമുസ് കടലിടുക്കിന് നേരെ ഇറാൻ പ്രയോഗിച്ച നാല് ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതോടെയാണ് പുതിയ സംഘർഷങ്ങൾക്ക് തുടക്കമായത്. മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഇവ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുഎസ് സെൻട്രൽ കമാൻഡിന്റെ നടപടി. ഇതിന് പിന്നാലെ ഇറാന്റെ തെക്കൻ തീരങ്ങളിലെ യുദ്ധക്കപ്പൽ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ ആക്രമണവും നടത്തി.


അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിയായി കുവൈത്തിലെ രണ്ട് യുഎസ് വ്യോമസേന താവളങ്ങൾക്കും ബഹ്‌റൈനിലെ യുഎസ് നാവികസേന കേന്ദ്രങ്ങൾക്കും നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി ഇറാന്റെ ഇർനാ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഏഴ് മിസൈലുകളിൽ ആറെണ്ണവും തങ്ങൾ പ്രതിരോധിച്ചതായും ഒരെണ്ണം ലക്ഷ്യം കാണാതെ പതിച്ചതായും യുഎസ് സൈന്യം വ്യക്തമാക്കി.


കഴിഞ്ഞ ബുധനാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും, 60ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചെങ്കിലും, യുഎസിന്റെ മിസൈൽ പ്രതിരോധ സംവിധാനത്തിന് സംഭവിച്ച പിഴവാണ് വിമാനത്താവളത്തിലെ നാശനഷ്ടങ്ങൾക്ക് കാരണമെന്നാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് വാദിക്കുന്നത്.


ഫെബ്രുവരി 28ന് ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യാപകമായ ആക്രമണങ്ങളാണ് നിലവിലെ യുദ്ധസാഹചര്യങ്ങൾക്ക് കാരണമായത്. ഇതിന് പ്രതികാരമായി ലോകത്തെ 20 ശതമാനം എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഇതോടെ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയർന്നു.


തുടർന്ന് ഏപ്രിലിൽ താൽക്കാലിക വെടിനിർത്തൽ ഉണ്ടായെങ്കിലും ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇപ്പോഴും തുടരുകയാണ്. പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് ട്രംപ് കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നതാണ് സമാധാന ചർച്ചകൾ തടസപ്പെടാൻ കാരണമെന്ന് ഇറാൻ കുറ്റപ്പെടുത്തുന്നു.


ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധം തുടരുമ്പോഴും, ജൂൺ 15 മുതൽ ലോസ് ആഞ്ചലസിൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ ഇറാന്റെ ദേശീയ ടീമിന് അമേരിക്ക വിസ അനുവദിച്ചു. ചരിത്രത്തിലാദ്യമായാണ് തങ്ങളുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ കായിക ടീമിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം വിസ അനുവദിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home