print edition ഇറാനിൽ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം; പശ്ചിമേഷ്യ ഭീതിയിൽ

ഇറാനിലെ ബന്ദർ അബ്ബാസിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ തീ ഉയർന്നപ്പോൾ
വാഷിങ്ടൺ : ഹോർമുസിൽ ഇറാന്റെ നിയന്ത്രണത്തിലല്ലാത്ത ബദൽപാത തുറക്കാനുള്ള അമേരിക്കൻ പ്രകോപനം ഒരിടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയെ സംഘർഷത്തിലേക്ക് നയിക്കുന്നു. ബദൽപാതയിൽ മൂന്ന് വാണിജ്യകപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി. ഇന്ത്യയിലേക്കുള്ള എൽഎൻജി ടാങ്കർ അൽ റക്കായത്ത് അടക്കമാണ് ആക്രമിക്കപ്പെട്ടത്.
പിന്നാലെ അമേരിക്ക ഇറാനിലെ 80ലധികം സൈനിക കേന്ദ്രങ്ങളിൽ മിസൈലാക്രമണം നടത്തി. ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങളും റഡാറുകളും ഹോർമുസ് കടലിടുക്കിലെ ഇറാൻ റവല്യൂഷണറി ഗാർഡ് കോറിന്റെ 60 വള്ളങ്ങളും ആക്രമിച്ചെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമായ ബഹ്റൈനിലും കുവൈത്തിലെ യുഎസ് താവളങ്ങളിലും ഇറാൻ മിസൈലാക്രമണം നടത്തി.
ഇറാനിൽനിന്ന് ഡോളർ ഉപയോഗിച്ച് എണ്ണ വാങ്ങാൻ താൽക്കാലിക കരാറിന്റെ ഭാഗമായി അന്താരാഷ്‌ട്ര വിപണിക്ക് നൽകിയ അനുമതി പിൻവലിച്ചെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഇറാനുമായി ഒപ്പുവച്ച താൽക്കാലിക സമാധാന കരാർ അവസാനിച്ചെന്നും ഇനി ചർച്ചയില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുർക്കിയയിൽ നാറ്റോ യോഗത്തിനിടെ പ്രതികരിച്ചു. ‘വളരെ മോശം മനുഷ്യരാണവർ. ആണവായുധം ഉണ്ടായിരുന്നെങ്കിൽ അവരതുപയോഗിച്ചേനെ. ഇനി സമാധാന ചർച്ച മുന്നോട്ട് പോകണമെങ്കിൽ ഇറാൻ മുൻകൈ എടുക്കണം. ഇറാനെതിരെ ഉടൻ തുടർ ആക്രമണം ഉണ്ടാകും’ –ട്രംപ് ഭീഷണിമുഴക്കി.
വിരട്ടലിന്റെയും പിടിച്ചുപറിയുടെയും കാലം കഴിഞ്ഞെന്നും കീഴടങ്ങില്ലെന്നും ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഖലീബഫ് പ്രതികരിച്ചു. അമേരിക്കയുടെ വ്യോമാക്രമണം പാകിസ്ഥാൻ,- ഖത്തർ ചർച്ചകളുടെ അന്തസ്സത്ത തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യകപ്പൽ ആക്രമിക്കപ്പെട്ടതിൽ ഖത്തർ ശക്തമായി അപലപിച്ചു.
അമേരിക്ക വധിച്ച ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ഖബറടക്ക ചടങ്ങുകൾക്കിടെയാണ് പശ്ചിമേഷ്യ സംഘർഷഭരിതമായത്. വ്യാഴാഴ്‌ച ഖമനേയിയുടെ ജന്മനാടായ മഷദിലാണ് ഖബറടക്കം. വിമാനങ്ങൾ ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ആഗസ്‌ത് 31വരെ ഇറാൻ, ഇറാഖ് വ്യോമപാത ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയൻ വ്യോമസുരക്ഷാ ഏജൻസി മുന്നറിയിപ്പുനൽകി.










0 comments