print edition ഇറാന്റെ എണ്ണക്കപ്പലുകൾക്ക് ഉപരോധമേർപ്പെടുത്തി യുഎസ്

വാഷിങ്‌ടൺ: ഒമാന്റെ മധ്യസ്ഥതയിൽ പരോക്ഷ ചർച്ച നടത്തിയതിന് പിന്നാലെ ഇറാൻ എണ്ണക്കപ്പലുകൾക്ക് ഉപരോധമേർപ്പെടുത്തിയും ഇറാനുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്കുമേൽ പ്രതികാരച്ചുങ്കം ചുമത്തിയും പ്രകോപനം തുടർന്ന് യുഎസ്. ഒമാനിൽ നടന്ന ചർച്ച നല്ല തുടക്കമാണെന്നായിരുന്നു ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി പ്രതികരിച്ചത്.
ഇറാനുമായി വ്യാപാരബന്ധമുള്ള എല്ലാരാജ്യങ്ങൾക്കും ചുങ്കം ചുമത്താനുള്ള ഉത്തരവിൽ ഒമാൻ ചർച്ച അവസാനിച്ചതിന് പിന്നാലെ ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ചുങ്കം എത്ര ശതമാനമാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും 25 ശതമാനം വരെ ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമേയാണ് ഇറാൻ എണ്ണക്കപ്പലുകൾക്കും കമ്പനികൾക്കും യുഎസ് ഉപരോധം ഏർപ്പെടുത്തിയത്. 15 കമ്പനികൾക്കും 14 കപ്പലുകൾക്കും രണ്ട് വ്യവസായികൾക്കുമാണ് വെള്ളിയാഴ്‌ച ഉപരോധം ഏർപ്പെടുത്തിയത്. യുഎസ് സൈന്യം ഇറാനെ ആക്രമിച്ചാൽ മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞു. ഇത് സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളോടുള്ള ആക്രമണമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.










0 comments