പശ്ചിമേഷ്യൻ യുദ്ധം; അമേരിക്കൻ ജനപ്രതിനിധി സഭയിൽ പീറ്റ് ഹെഗ്‌സെത്തിന് രൂക്ഷവിമർശനം

അമേരിക്കൻ ജനപ്രതിനിധി സഭയിൽ പീറ്റ് ഹെഗ്‌സെത്ത് | Photo Credit : KEVIN DIETSCH / AFP
വാഷിംഗ്ടൺ : ഇറാനെതിരെ ഇസ്രയേലിനൊപ്പം ചേർന്ന് നടത്തുന്ന യുദ്ധത്തെ പരാമർശിച്ച് അമേരിക്കൻ ജനപ്രതിനിധി സഭയിൽ കടുത്ത വാദപ്രതിവാദങ്ങൾ. യുദ്ധം തുടങ്ങിയ ശേഷം ആദ്യമായി ജനപ്രതിനിധികൾക്ക് മുന്നിലെത്തിയ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ ഡെമോക്രാറ്റിക് അംഗങ്ങൾ നിശിതമായി വിമർശിച്ചു. കോൺഗ്രസിന്റെ അനുമതിയില്ലാത്തതും ലക്ഷ്യബോധമില്ലാത്തതുമായ യുദ്ധം രാജ്യത്തിന് ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തിവക്കുന്നുവെന്ന് ഡെമോക്രാറ്റുകൾ ആരോപിച്ചു.
2027ലെ സൈനിക ബജറ്റ് ചർച്ചക്കായി ചേർന്ന ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി യോഗത്തിലാണ് യുദ്ധത്തെച്ചൊല്ലി തർക്കം രൂക്ഷമായത്. പ്രതിരോധ ബജറ്റ് ചരിത്രത്തിലാദ്യമായി 1.5 ട്രില്യൺ ഡോളറിലേക്ക് ഉയർത്തണമെന്ന ഭരണകൂടത്തിന്റെ നിർദേശത്തെ ഡെമോക്രാറ്റുകൾ ചോദ്യം ചെയ്തു.
യുദ്ധം തുടങ്ങിയപ്പോൾ ഇറാൻ ആണവായുധം നിർമിക്കുന്നുവെന്ന ഭീഷണിയാണ് ട്രംപ് ഭരണകൂടം നൽകിയിരുന്നതെന്ന് ഡെമോക്രാറ്റിക് പ്രതിനിധി ആദം സ്മിത്ത് ചൂണ്ടിക്കാട്ടി. എന്നാൽ 2025ലെ ആക്രമണത്തിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർക്കപ്പെട്ടുവെന്ന് ഇപ്പോൾ പ്രതിരോധ സെക്രട്ടറി തന്നെ സമ്മതിക്കുന്നത് യുദ്ധത്തിനായി നൽകിയ ന്യായീകരണങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്നതാണെന്ന് സ്മിത്ത് തുറന്നടിച്ചു.
യുദ്ധത്തിന് ഇതുവരെ 25 ബില്യൺ ഡോളർ ചെലവായതായാണ് അമേരിക്കൻ സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഈ തുക ഭൂരിഭാഗവും വെടിക്കോപ്പുകൾക്കായാണ് ഉപയോഗിച്ചത്. യുദ്ധം തുടങ്ങാൻ പ്രസിഡന്റ് നൽകുന്ന മാറിക്കൊണ്ടിരിക്കുന്ന ന്യായീകരണങ്ങളും സ്കൂൾ ബോംബാക്രമണമുൾപ്പെടെയുള്ള സിവിലിയൻ നാശനഷ്ടങ്ങളും സഭയിൽ ചർച്ചയായി. എന്നാൽ സൈനിക നടപടികളെ എതിർക്കുന്ന ഡെമോക്രാറ്റുകളാണ് അമേരിക്കയുടെ ഏറ്റവും വലിയ ശത്രുക്കളെന്ന് പീറ്റ് ഹെഗ്‌സെത്ത് പരിഹസിച്ചു.
ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നത് അമേരിക്കയിൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. മേഖലയിൽ മൂന്ന് വിമാനവാഹിനിക്കപ്പലുകളെ വിന്യസിച്ചും നാവിക ഉപരോധം ഏർപ്പെടുത്തിയും സമ്മർദം ചെലുത്താനാണ് ട്രംപിന്റെ ശ്രമം. യുദ്ധം അവസാനിപ്പിക്കണമെന്ന നിർദേശങ്ങളിൽ നിന്ന് പിന്മാറാൻ ഇറാനും തയ്യാറായിട്ടില്ല. ഈ സംഘർഷം നീണ്ടുപോവുകയാണെങ്കിൽ വരാനിരിക്കുന്ന മിഡ്‌ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് അത് വലിയ തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കോൺഗ്രസിന്റെ മേൽനോട്ടമില്ലാതെ യുദ്ധം തുടരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഡെമോക്രാറ്റുകൾ.









0 comments