Deshabhimani

യുഎൻ കോടതി വിധി സ്വാഗതം ചെയ്ത് റോഹിംഗ്യകള്‍, തിരിച്ചു പോക്ക് ഇനിയും പ്രതീക്ഷകള്‍ക്ക് അപ്പുറം

Rohingyan Coxs Bazar
വെബ് ഡെസ്ക്

Published on Nov 20, 2026, 03:53 PM | 2 min read

കോക്സ് ബസാര്‍: മ്യാൻമർ റോഹിംഗ്യൻ വംശഹത്യ നടത്തിയെന്ന യു എൻ പരമോന്നത കോടതി വിധി സ്വാഗതം ചെയ്ത് അഭയാർഥി ക്യാമ്പുകൾ. നെതർലൻഡ്‌സിലെ ഹേഗിൽ നിന്നുള്ള വിധി തത്സമയം കാണാൻ കോക്സ് ബസാറിലെ കൂറ്റൻ അഭയാർഥി ക്യാമ്പിൽ സ്ഥാപിച്ച വലിയ സ്ക്രീനിന് മുന്നിൽ നൂറുകണക്കിന് റോഹിംഗ്യൻ അഭയാർഥികളാണ് തടിച്ചുകൂടിയത്.


2017-ലെ ക്രൂരമായ സൈനിക നടപടിയിലൂടെ മ്യാൻമർ റോഹിംഗ്യൻ ന്യൂനപക്ഷത്തിനെതിരെ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതിയുടെ ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ് ചരിത്രവിധി പ്രഖ്യാപിച്ചപ്പോള്‍ കണ്ണീര്‍ പൊഴിച്ചും പരസ്പരം ആലിംഗനംചെയ്തും അവ‍ർ നിരന്തര വേട്ടയാടപ്പെട്ട കാലം ഓര്‍ത്തെടുത്തു. ഒരു രാജ്യം വംശഹത്യ നടത്തിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്. നാസി ഹോളോകോസ്റ്റിന് ശേഷം വംശഹത്യ തെളിയിക്കുന്നതിനുള്ള നിയമപരമായ മാനദണ്ഡങ്ങൾ പൂർത്തീകരിക്കപ്പെട്ടതായി ഒരു അന്താരാഷ്ട്ര കോടതി വിധിക്കുന്നത് ഇത് നാലാം തവണയാണ്.


മ്യാൻമാർ സർക്കാർ വക്താവ് ഖൈങ് ഖൈങ് സോ യു എൻ കോടതി വിധിക്കെതിരെ വെള്ളിയാഴ്ച മാധ്യമ സമ്മേളനത്തിൽ പ്രതികരിച്ചു. "ഞങ്ങളുടെ രാജ്യത്തിനെതിരെ അന്യായമായാണ് കുറ്റം ചുമത്തിയത്. ഈ തീരുമാനം എല്ലാവരും ചേർന്ന് എടുത്ത ഏകകണ്ഠമായ തീരുമാനമല്ല, ഇത് നീതിയുക്തവുമല്ല," എന്നു മാത്രമായിരുന്നു വാക്കുകള്‍.


'ക്ലിയറൻസ് ഓപ്പറേഷൻ' എന്ന പേരിൽ മ്യാൻമർ സൈന്യം പുരുഷന്മാരെയും ആൺകുട്ടികളെയും കൂട്ടക്കൊല ചെയ്യുകയും, റോഹിങ്ക്യൻ സ്ത്രീകൾക്കെതിരെ വ്യാപകമായി ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും നടത്തുകയും, നൂറുകണക്കിന് ഗ്രാമങ്ങൾ ചുട്ടെരിക്കുകയും നശിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.



സ്വന്തം മണ്ണിലേക്ക്

തിരിച്ചു പോക്ക് എന്ന സ്വപ്നം

സ്വന്തം നാടായ മ്യാൻമറിലേക്ക് സുരക്ഷിതമായി മടങ്ങിപ്പോകാൻ സാധിക്കുമെന്ന പ്രതീക്ഷയുടെ ചെറിയൊരു കിരണമാണ് ഈ "ചെറിയ വിജയം" നൽകുന്നതെന്ന് അഭയാർഥികൾ പ്രതികരിച്ചു. സ്വന്തം മണ്ണിലേക്ക് തിരിച്ചെത്താൻ കഴിയുമ്പോൾ മാത്രമേ തങ്ങൾ പൂർണ്ണമായും സംതൃപ്തരാകൂ എന്നും അവർ വ്യക്തമാക്കി. റോഹിംഗ്യൻ പൗരൻമാരെ സുരക്ഷിതമായി മ്യാൻമറിലേക്ക് തിരികെ പ്രവേശിപ്പിക്കാൻ സൈനിക പിന്തുണയുള്ള മ്യാൻമർ ഭരണകൂടം നടപടിയെടുക്കണം. വംശഹത്യയ്ക്ക് ഇരയായവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. വംശഹത്യയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ വിചാരണ ചെയ്ത് ശിക്ഷിക്കണം എന്നീ ഉത്തരവുകളാണ് കോടതി പുറപ്പെടുവിച്ചത്.


മ്യാൻമർ സൈന്യം ഏകദേശം 10,000-ത്തോളം റോഹിംഗ്യകളെ കൊലപ്പെടുത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 1948-ലെ വംശഹത്യ വിരുദ്ധ കൺവെൻഷൻ പ്രകാരം, ഒരു ജനവിഭാഗത്തെ പൂർണ്ണമായോ ഭാഗികമായോ നശിപ്പിക്കാനുള്ള കൃത്യമായ ഉദ്ദേശ്യത്തോടെയാണ് ഈ ആക്രമണങ്ങൾ നടന്നതെന്ന് കോടതി കണ്ടെത്തി.


കോടതി വിധി അന്തിമവും നിയമപരമായി ബാധകവുമാണെങ്കിലും, അത് നടപ്പിലാക്കാൻ കോടതിക്ക് നേരിട്ട് അധികാരമില്ല. വിധി ലംഘിക്കപ്പെട്ടാൽ യു.എൻ സുരക്ഷാ കൗൺസിലിന് റിപ്പോർട്ട് ചെയ്യാൻ മാത്രമേ കോടതിക്ക് സാധിക്കൂ. ഈ നിർദ്ദേശങ്ങൾ എത്രത്തോളം പ്രാവർത്തികമാകുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. അഭയാർഥി സംരക്ഷണം സംബന്ധിച്ച കോടതി ഉത്തരവിനോട് ഹേഗിലെ മ്യാൻമർ പ്രതിനിധി സംഘമോ മ്യാൻമർ സർക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.


ബുദ്ധമത ഭൂരിപക്ഷ രാജ്യമായ മ്യാൻമറിൽ തങ്ങൾ അനുഭവിച്ച ക്രൂരതകളും വംശഹത്യയും അംഗീകരിക്കപ്പെട്ടതിനാൽ ഇതൊരു വിജയമാണ്. എന്നാൽ തങ്ങളുടെ ദുരിതങ്ങൾക്ക് ഇതോടെ അന്ത്യമാകുന്നില്ല. "നീതിയുടെ തുടക്കം മാത്രമാണിത്, ഞങ്ങൾക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്," എന്ന് ക്യാമ്പിലെ കമ്മ്യൂണിറ്റി നേതാവ് മുഹമ്മദ് റഫീഖ് പറഞ്ഞു. റോഹിംഗ്യകൾ ഒരു പ്രത്യേക വംശീയ വിഭാഗമാണെന്ന ചരിത്രപരമായ അംഗീകാരമാണ് ഈ വിധി. "റോഹിംഗ്യകളുടെ അസ്തിത്വത്തെ മ്യാൻമർ നിഷേധിച്ചിരുന്നു. എന്നാൽ ഞങ്ങൾക്ക് സ്വന്തമായി സംസ്കാരവും ഭാഷയും മണ്ണുമുണ്ടെന്നും, ഒരു പ്രത്യേക വംശീയ വിഭാഗത്തിന്റെ എല്ലാ സവിശേഷതകളും ഞങ്ങൾക്കുണ്ടെന്നും യു.എൻ കോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Related News

നിലവിൽ ഏകദേശം 12 ലക്ഷത്തോളം റോഹിംഗ്യൻ അഭയാർഥികളാണ് ബംഗ്ലാദേശിലെ കോക്സ് ബസാറിലുള്ള തിങ്ങിനിറഞ്ഞ ക്യാമ്പുകളിൽ കഴിയുന്നത്. തീപിടുത്ത ഭീഷണി, പകർച്ചവ്യാധികൾ, മൺസൂൺ മണ്ണിടിച്ചിൽ, ശുചിത്വമില്ലായ്മ, കർശനമായ തൊഴിൽ നിയന്ത്രണങ്ങൾ എന്നിവയാൽ ദുരിതപൂർണ്ണമായ ജീവിതമാണ് ഇവർ ഇവിടെ നയിക്കുന്നത്. അഭയാർഥികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ബംഗ്ലാദേശും നിരന്തരം ആവശ്യപ്പെടുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home