ഈ പൊലീസിനെ ആര് നിയന്ത്രിക്കും?

തിരുവനന്തപുരം: രണ്ട് കസ്റ്റഡി മരണം, അനവധിയായ പൊലീസ് പീഡനങ്ങൾ, ആർഎസ്എസിന് കുഴലൂത്ത്- ആറ് മാസത്തെ യൂഡിഎഫ് ഭരണത്തിലെ ആഭ്യന്തരവകുപ്പിന്റെ പ്രോഗ്രസ് കാർഡ് ഇങ്ങനെയാണ്. യുഡിഎഫ് ഭരണത്തിലേറി രണ്ടാംനാൾ എറണാകുളം മലയിടംതുരുത്ത് പര്യാത്ത്‌കാവിൽ ദളിതരെ തല്ലിച്ചതച്ച് തുടങ്ങിയ പൊലീസ് രാജ് തുടർക്കഥയാവുകയാണ്.
പൊലീസിനെ നിയന്ത്രിക്കേണ്ട ആഭ്യന്തരമന്ത്രി കാഴ്ചക്കാരൻ മാത്രമാണ്. മുഖ്യമന്ത്രി കസേര കൊതിച്ചെത്തി രമേശ് ചെന്നിത്തല ആഭ്യന്തരത്തിൽ ഒതുങ്ങിപോയപ്പോൾ ഭരണം ആർഎസ്എസും ഉദ്യോഗസ്ഥരും ഏറ്റെടുത്ത് നടത്തുകയാണ്. ഒത്താശയായി മുഖ്യമന്ത്രിയും. കാപ്പ തടവുകാരനായ ബിജെപി കൗൺസിലർ സുഗതന് സത്യപ്രതിജ്ഞയ്ക്ക് അവസരം നൽകിയതും സംസ്ഥാന പൊലീസ് മേധാവിയെ ഗവർണർ നേരിട്ട് വിളിച്ചുവരുത്തി നിർദേശം നൽകിയതുമെല്ലാം ഇതാണ് സാക്ഷ്യപ്പെടുത്തുന്നത്.
ഭരണത്തണലിൽ പൊലീസ് അഴിഞ്ഞാട്ടം
യുഡിഎഫ് സർക്കാരിന്റെ തണലിൽ പൊലീസ് അഴിഞ്ഞാടുകയാണ്. കൊല്ലം കുണ്ടറയിൽ കള്ളക്കേസിൽ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമർദനമേറ്റ് മരിച്ച കുണ്ടറ കുരീപ്പള്ളി കുളത്തിൻകര കടയിൽ വീട്ടിൽ സിയാദും ചിറയിൻകീഴിൽ പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായി മരിച്ച അഴൂർ പെരുങ്ങുഴി ചല്ലിമുക്ക് വയൽവീട്ടിൽ സജിയും പൊലീസ് ഭീഷണിയിൽ മനംനൊന്ത് ജീവനൊടുക്കിയ നെടുമങ്ങാട് താന്നിമൂട് ഉണ്ടപ്പാറ കുഴിവിള പൂരം വീട്ടിൽ രതീഷുമെല്ലാം യുഡിഎഫിന്റെ കുത്തഴിഞ്ഞ ഭരണത്തിന്റെ ഇരകളാണ്.
മുഖ്യമന്ത്രിക്ക് പരാതി നൽകാൻ സെക്രട്ടറിയറ്റിൽ എത്തിയ ഹൃദ്രോഗിയായ വയോധികയെ മർദിച്ചതും സമൂഹമാധ്യമത്തിൽ സർക്കാരിനെ വിമർശിച്ചെന്നാരോപിച്ച് പത്തനംതിട്ട ചിറ്റാറിൽ വൃക്കരോഗിയെ തല്ലിച്ചതച്ചതും വൈദ്യുതിക്കമ്പി മോഷ്‌ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവിനെ ക്രൂരമായി മർദിച്ചതും 17 കാരന്റെ കാൽ തല്ലിയൊടിച്ചതും കാർ ഡ്രൈവറായ യുവാവിനെ കസ്‌റ്റഡിയിലെടുത്ത് കണ്ണിടിച്ച് കലക്കിയതുമെല്ലാമാണ് രമേശ് ചെന്നിത്തലയുടെ പൊലീസിന്റെ നേട്ടങ്ങൾ.
വേലി തന്നെ വിളവ് തിന്നുന്നു
പൊലീസ് സ്റ്റേഷനിലും പൊലീസ് അഴിഞ്ഞാട്ടമാണ്. സ്‌റ്റേഷനിൽ സീൽ ചെയ്‌ത് സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചതും സ്റ്റേഷനിൽനിന്ന് തൊണ്ടിമുതലായുള്ള ഏഴു ചാക്ക് ഹാൻസ് മോഷ്ടിച്ചതും സ്റ്റേഷനിൽ ഏൽപ്പിച്ച മൊബൈൽ ഫോൺ മോഷ്ടിച്ച് വിറ്റതും പൊലീസ് ഉദ്യോഗസ്ഥരാണ്.
എറണാകുളം സെൻട്രൽ എസ്‌ഐയും തൂഫാൻ പോരാളി’യുമായ കാട്ടാക്കട സ്വദേശി അനസ് എസ് തൗഫീഖാണ് എംഡിഎംഎ മോഷ്ടിച്ച കേസിൽ അറസ്റ്റിലായത്. ബത്തേരി സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സബിതാണ് ഹാൻസ് മോഷ്ടിച്ചത്. ചന്തേര സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ തിരുവനന്തപുരം സ്വദേശി ബൈജു, അതിഥിത്തൊഴിലാളിക്ക് കളഞ്ഞുകിട്ടി പൊലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ച മൊബൈൽ ഫോൺ ആണ് മോഷ്‌ടിച്ചു വിറ്റത്. ഇങ്ങനെ രക്ഷകരാകേണ്ട പൊലീസ് ക്രിമിനലുകളാകുന്ന കാഴ്‌ചയാണ് അരങ്ങിൽ.







0 comments