വ്യാപാരക്കരാറിലെ തർക്കം; ഇന്ത്യൻ തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്നത് 600 കോടി രൂപയുടെ സ്കോച്ച് വിസ്കി

എഐ നിർമിത ചിത്രം
ന്യൂഡൽഹി: ഇന്ത്യ–ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാരിലുള്ള തർക്കത്തെത്തുടർന്ന് രാജ്യത്തെ വിവിധ തുറമുഖങ്ങളിലായി കെട്ടിക്കിടക്കുന്നത് 600 കോടി രൂപയുടെ സ്കോച്ച് വിസ്കി. ബ്രിട്ടനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സ്കോച്ച് വിസ്കിക്ക് 162.5 ശതമാനം തീരുവയും നികുതിയും ചുമത്തിയതാണ് പ്രതിസന്ധിക്ക് കാരണം. കരാർപ്രകാരം ചില സ്കോച്ച് വിസ്കി ഉൽപ്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ 150 ശതമാനത്തിൽനിന്ന് 75 ശതമാനമായി കുറച്ചിരുന്നു. എന്നാൽ വലിയ തോതിൽ ഇറക്കുമതി ചെയ്യുന്നതിന് ഇളവ് ബാധകമല്ലെന്ന കസ്റ്റംസ് നിലപാടിനെത്തുടർന്നാണ് ഉയർന്ന തീരുവ ഈടാക്കുന്നത്. ഇതോടെ ആഭ്യന്തര മദ്യ നിർമാണവും പ്രതിസന്ധിയിലായി.
ബൾക്ക് സ്കോച്ച് വിസ്കിയെ സാധാരണ വിസ്കിയായി പരിഗണിക്കാതെ മദ്യനിർമാണത്തിനുള്ള പ്രത്യേക അസംസ്കൃത വസ്തുവായി പരിഗണിച്ചാണ് 150 ശതമാനം തീരുവ ചുമത്തുന്നത്. അധിക നികുതികൂടി ഉൾപ്പെടുമ്പോൾ തീരുവ 162.5 ശതമാനമാകും. എന്നാൽ കുപ്പികളിലായാലും ബൾക്കായാലും ഇറക്കുമതി ചെയ്യുന്ന എല്ലാ സ്കോച്ച് വിസ്കിക്കും വ്യാപാരക്കരാറിലെ 75 ശതമാനം തീരുവ ബാധകമാണെന്നാണ് മദ്യക്കമ്പനികളുടെ വാദം.
തർക്കത്തെ തുടർന്ന് പെർനോ റിക്കാർഡ്, ഡിയാജിയോ, ബക്കാർഡി തുടങ്ങിയ കമ്പനികളുടെ 80ലധികം കണ്ടെയ്നറുകളിലായി ആയിരക്കണക്കിന് ലിറ്റർ സ്കോച്ച് വിസ്കി ഇന്ത്യൻ തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ചരക്കുകൾ താൽക്കാലികമായി വിട്ടുകിട്ടാൻ 75 ശതമാനം തീരുവ മുൻകൂറായി അടയ്ക്കുകയും ശേഷിക്കുന്ന തുകയ്ക്ക് ബാങ്ക് ഗ്യാരന്റി നൽകുകയും വേണം. ഇത് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നാണ് കമ്പനികൾ പറയുന്നത്.
ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്കുള്ള സ്കോച്ച് വിസ്കി ഇറക്കുമതിയുടെ ഏകദേശം 80 ശതമാനവും ബൾക്ക് രൂപത്തിലാണ്. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ ഉൽപ്പാദനത്തിന് ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തർക്കം നീണ്ടാൽ മദ്യനിർമാണച്ചെലവ് വർധിക്കാനും ആഭ്യന്തര ഉൽപ്പാദനത്തെ ബാധിക്കാനും സാധ്യതയുണ്ട്.
പ്രശ്നം പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ച തുടരുകയാണെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ധനമന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പ് വിഷയത്തിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.







0 comments