യുഎഇയിൽ കനത്ത മഴ; മിന്നൽപ്രളയ മുന്നറിയിപ്പ്, തിങ്കളാഴ്ച വീണ്ടും മഴയ്ക്ക് സാധ്യത

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് പിന്നാലെ മലയോര മേഖലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പ്. ഫുജൈറയിലും റാസൽഖൈമയിലും മഴ ശക്തമായതോടെ വാദികളിലും താഴ്വരകളിലും വെള്ളമൊഴുക്ക് വർധിച്ചു. ചില മലയോര മേഖലകളിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) വ്യാഴാഴ്ച മലയോര മേഖലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു.
ഫുജൈറ, റാസൽഖൈമ, അൽഐനിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒൻപതുവരെ യെലോ അലർട്ടും കിഴക്കൻ തീരദേശ മേഖലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. ഫുജൈറയിലെ ഷെയ്ഖ് ഖലീഫ സ്ട്രീറ്റ്, അൽ തുവയ്യീൻ റോഡ്, റാസൽഖൈമയിലെ ജബൽ മുബ്റ പ്രദേശം എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. മലയോര മേഖലകളിൽനിന്ന് വെള്ളം കുത്തിയൊഴുകുന്നതിന്റെയും വാഹനങ്ങൾ വെള്ളക്കെട്ടുള്ള റോഡുകളിലൂടെ കടന്നുപോകുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വെള്ളിയാഴ്ചയും യുഎഇയുടെ വടക്കൻ, തീരദേശ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ പൊടിയും മണലും ഉയരുന്നത് റോഡുകളിലെ ദൂരക്കാഴ്ച കുറയ്ക്കാനിടയുണ്ട്. അറേബ്യൻ ഗൾഫിന്റെ വടക്കൻ മേഖലകളിൽ കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
ശനി, ഞായർ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത കുറവാണെങ്കിലും വടക്കൻ മേഖലകളിൽ മേഘാവൃതമായ കാലാവസ്ഥ തുടരും. രാത്രിയിലും പുലർച്ചെയും ഈർപ്പം വർധിക്കുന്നതോടെ തീരദേശ, ഉൾനാടൻ മേഖലകളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. തിങ്കളാഴ്ച (നവംബർ 23) കിഴക്കൻ, വടക്കൻ മേഖലകളിൽ വീണ്ടും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മഴ ശക്തമായ മേഖലകളിൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വാദികളിലെ (താഴ്വരകളിലെ) വെള്ളമൊഴുക്ക് പെട്ടെന്ന് ശക്തമാകാൻ സാധ്യതയുള്ളതിനാൽ വെള്ളം കയറിയ റോഡുകളിലൂടെയും വാദികളിലൂടെയും വാഹനങ്ങൾ ഓടിക്കരുത്. മലയോര മേഖലകളിലെ വിനോദസഞ്ചാരികളും യാത്രക്കാരും ജാഗ്രത പാലിക്കണം. മഴയുള്ള സമയങ്ങളിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കണമെന്നും സുരക്ഷിത അകലം പാലിക്കണമെന്നും അബുദാബി പൊലീസും നിർദേശിച്ചിട്ടുണ്ട്.








0 comments