print edition യുഎസ് സേന ഉടൻ പിൻവാങ്ങും: ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം രണ്ടോ മൂന്നോ ആഴ്‌ചകൊണ്ട് അവസാനിപ്പിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സേന ഉടൻ തന്നെ പശ്‌ചിമേഷ്യയിൽനിന്ന് മടങ്ങുമെന്നും ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാ ചുമതല ഇനി മറ്റ് രാജ്യങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തങ്ങളുടെ ജോലി പൂർത്തിയാക്കുകയാണ്. ഇറാന്റെ പക്കലുള്ള സായുധ ശേഷി പൂർണമായും തകർക്കുകയാണ് ലക്ഷ്യം. ഒരുപക്ഷേ ഇതിന് മുൻപ് തന്നെ സമാധാന കരാറിലെത്താൻ സാധ്യതയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു.
ഹോർമുസ് കടലിടുക്കിൽ ഫ്രാൻസും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇനി സ്വന്തം നിലയ്ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ട്രംപ് പറഞ്ഞു. ലോക സമ്പദ്‌വ്യവസ്ഥയെ ഉലച്ച പശ്ചിമേഷ്യൻ യുദ്ധം കരസേനയെ വിന്യസിച്ച് വീണ്ടും രൂക്ഷമാക്കണോ അതോ ചർച്ചകളിലൂടെ സമാധാനത്തിൽ എത്തണോ എന്നതിൽ ട്രംപ് നിരന്തരം നിലപാടുകൾ മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇറാനെതിരായ യുദ്ധത്തിൽ ഗൾഫ് രാജ്യങ്ങളും നാറ്റോ സഖ്യകക്ഷികളും നേരിട്ട് പങ്കെടുക്കാൻ തയ്യാറാകാത്തതിൽ ട്രംപിന് കടുത്ത നീരസമുണ്ട്. ഇറാനെ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്താൻ അമേരിക്കൻ സമയം ബുധൻ രാത്രി ഒമ്പതിന് (ഇന്ത്യൻ സമയം വ്യാഴം പകൽ 6.30) ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും.
അതേസമയം, ഇറാനെതിരായ സൈനിക നീക്കം പശ്‌ചിമേഷ്യയുടെ മുഖച്ഛായ മാറ്റിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അവകാശപ്പെട്ടു. ഇസ്രയേൽ– യുഎസ് സഖ്യം ഇറാനിൽ ശക്തമായ ആക്രമണം തുടരുകയാണ്. ലെബനനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഹിസ്ബുള്ള കമാൻഡറെ ലക്ഷ്യംവച്ചായിരുന്നു ആക്രമണം. ശത്രുരാജ്യങ്ങൾ ചില ഉറപ്പുകൾ നൽകിയാൽ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയൻ അറിയിച്ചതായും റിപ്പോർട്ടുണ്ട്. ഇറാൻ നേതാക്കളെ വധിച്ചാൽ ഗൂഗിൾ, മെറ്റാ, ആപ്പിൾ തുടങ്ങിയ യുഎസ് ടെക് കമ്പനികൾക്കെതിരെ ലക്ഷ്യംവയ്ക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് ഭീഷണി മുഴക്കി.










0 comments