സംഘർഷം തുടരുന്നു; ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലിന് നേരെ വെടിയുതിർത്തതായി യുഎസ്

പ്രതീകാത്മക ചിത്രം
തെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം കൊടുക്കുന്ന സാഹചര്യത്തിൽ ഹോർമുസ് കടക്കാൻ ശ്രമിച്ച വാണിജ്യക്കപ്പലിന് നേരെ വെടിയുതിർത്തതായി യുഎസ്. തുടർച്ചയായ 13-ാം ദിവസവും ഇരുരാജ്യങ്ങളും തമ്മിൽ ആക്രമണങ്ങൾ തുടരുകയാണ്. ഹോർമുസ് മുകളിലുള്ള ആധിപത്യം പിടിച്ചെടുക്കാനായി ഇരു രാജ്യങ്ങളും മേഖലയിൽ സംഘർഷം തുടരുന്നു.
പുതിയ ആക്രമണങ്ങൾ നാവികരെയും ഹോർമുസിലൂടെ കടന്നു പോകുന്ന വാണിജ്യ കപ്പലുകളെയും ഭീഷണിപ്പെടുത്തുന്ന ഇറാനെ ദുർബലപ്പെടുത്താനാണെന്നാണ് യുഎസ് സൈന്യത്തിന്റെ ന്യായീകരണം. ആക്രമണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലുള്ള യുഎസ് സൈനികത്താവളങ്ങളിൽ നിന്ന് കുറഞ്ഞത് 500 മീറ്ററെങ്കിലും മാറി താമസിക്കണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത് യുദ്ധം കടുക്കുന്നതിനുള്ള സൂചനയാണ്. ഹോർമുസ് കടലിടുക്കിൽ ഗതാഗതം നിയന്ത്രിക്കാനും ഫീസ് ഈടാക്കാനും തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇറാൻ വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 28ന് യുഎസ് - ഇസ്രയേൽ സഖ്യം ഇറാനെതിരെ കടന്നാക്രമണം ആരംഭിച്ചതിന് മുൻപ് ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം ടോൾ ഫ്രീയായിരുന്നു.
അതേസമയം അമേരിക്ക കൈവശം വെച്ചിരിക്കുന്ന ഇറാന്റെ സ്വത്തുവകകൾ യുദ്ധത്തിൽ നിന്നുള്ള ചെലവുകൾ പരിഹരിക്കുന്നതിന് ഉപയോഗിക്കുമെന്ന് ട്രംപ് പുതിയ ഭീഷണി ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഈ പ്രസ്താവനയെ തള്ളിപ്പറഞ്ഞു.
യുദ്ധം അവസാനിച്ച് സ്ഥിതിഗതികൾ പഴയപടിയായാൽ ആരുടെയും സ്വത്തുവകകൾ സുരക്ഷിതമായിരിക്കില്ലെന്നും തുടർന്നുണ്ടാകുന്ന സംഭവങ്ങൾ സമാധാനപരമായിരിക്കില്ലെന്നും അരാഗ്ചി എക്സിൽ കുറിച്ചു. ഈ സംഭവങ്ങളോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ വർധിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ വില 6 ശതമാനത്തിലധികം ഉയർന്ന് ബാരലിന് 100 യുഎസ് ഡോളറിലെത്തി.









0 comments