ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മുഖ്യ പരിശീലകനായി സഹീർ ഖാൻ

ചെന്നൈ: 2027ലെ ഐപിഎൽ സീസണിന് മുന്നോടിയായി മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ ചെന്നൈ സൂപ്പർ കിംഗ്സ് മുഖ്യ പരിശീലകനായി നിയമിച്ചു. 18 വർഷത്തെ സിഎസ്കെ ബന്ധം അവസാനിപ്പിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാഗമായ സ്റ്റീഫൻ ഫ്ലെമിങ്ങിന് പകരമാണ് സഹീർ എത്തുന്നത്.
2017 ൽ ഐപിഎല്ലിൽ നിന്ന് വിരമിച്ച ശേഷം സഹീർ വിവിധ പരിശീലക, മെന്റർ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസായും പിന്നീട് ഗ്ലോബൽ ഡെവലപ്മെന്റ് വിഭാഗത്തിന്റെ തലവനായും പ്രവർത്തിച്ച അദ്ദേഹം 2025ൽ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററുമായിരുന്നു.
കളിക്കാരനെന്ന നിലയിൽ 100 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 102 വിക്കറ്റുകൾ നേടിയ സഹീർ ഇന്ത്യക്കായി മൂന്ന് ഫോർമാറ്റുകളിലുമായി 610 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
“ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നിന്റെ ഭാഗമാകുന്നത് വലിയ ബഹുമതിയാണ്. ചെപ്പോക്കിലെ സൂപ്പർഫാൻസിന്റെ പിന്തുണ ഇതിനെ കൂടുതൽ സവിശേഷമാക്കുന്നു. ഈ സമ്പന്നമായ പാരമ്പര്യത്തിന്റെ ഭാഗമാകാൻ കാത്തിരിക്കുകയാണ്,” സഹീർ പ്രതികരിച്ചു.
യുവ താരങ്ങളെ വളർത്തിയെടുക്കുന്നതിലെ സഹീർ പരിചയവും ക്രിക്കറ്റിലെ അറിവും ചെന്നൈയ്ക്ക് ഗുണകരമാകുമെന്ന് ടീം ഉടമ റൂപ ഗുരുനാഥും മാനേജിംഗ് ഡയറക്ടർ കെഎസ് വിശ്വനാഥനും വ്യക്തമാക്കി.








0 comments