യുദ്ധകപ്പലിൽ നിന്നും തെന്നി വീണ സൂപ്പർസോണിക് വിമാനം കടലിൽ മുങ്ങി

വാഷിങ്ടൺ : അമേരിക്കൻ വിമാനവാഹിനി കപ്പൽ ഹാരി എസ് ട്രൂമാനിൽനിന്ന് പോർവിമാനം ചെങ്കടലിൽ പതിച്ചു. എഴ് കോടി ഡോളർ വിലവരുന്ന ശബ്ദത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന എഫ്–-എ18ഇ സൂപ്പർ ഹോർണറ്റ് യുദ്ധവിമാനമാണ് കപ്പലിന്റെ ഉപരിതലത്തിൽനിന്ന് തെന്നിനീങ്ങി കടലിൽ പതിച്ചത്.
വിമാനം കടലിൽ മുങ്ങിപ്പോയെന്ന് യുഎസ് നാവികസേന അറിയിച്ചു. അതിനകം പുറത്തുചാടിയ പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. പൈലറ്റ് സീറ്റിൽ ഇരിക്കുമ്പോഴാണ് സംഭവം എന്നാണ് വ്യക്തമാവുന്നത്. കപ്പലിന്റെ ഹാംഗർ ബേയ്ക്കുള്ളിലേക്ക് നീക്കുന്നതിനിടെ ടോവിംഗ് ക്രൂവിന് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം. 28 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പലാണ് ട്രൂ മാൻ.
യെമനിലെ ഹൂതികളെ നേരിടാനാണ് ഈ വിമാനവാഹിനി കപ്പലിൽ ചെങ്കടലിൽ നിലയുറപ്പിച്ചിട്ടുള്ളത്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി യുഎസ് നാവികസേന വക്താവ് പറഞ്ഞു.
ശബ്ദത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന എഫ്–-എ18ഇ സൂപ്പർ ഹോർണറ്റ് വിമാനത്തിൽ പൈലറ്റിന് മാത്രമാണ് സീറ്റുള്ളത്. 1092 അടി നീളവും 257 അടി വീതിയുമുള്ള യുഎസ് ഹാരി എസ് ട്രൂമാൻ 90 യുദ്ധവിമാനങ്ങൾ വഹിക്കാൻ ശേഷിയുള്ള കപ്പലാണ്. ഏകദേശം 60 മില്യൺ ഡോളർ വിലമതിക്കുന്ന യുദ്ധവിമാനം പറക്കൽ പ്രവർത്തനങ്ങൾക്കോ അറ്റകുറ്റപ്പണികൾക്കോ വേണ്ടി തയ്യാറാക്കുന്നതിനായി സാധാരണയായി കപ്പലിലെ ഹാംഗർ ഡെക്കിന് ചുറ്റും നീക്കുന്ന പതിവുണ്ട്.
നഷ്ടപ്പെട്ട ജെറ്റ് വീണ്ടെടുക്കാൻ നാവികസേന ശ്രമിക്കുമോ എന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.









0 comments