വെടിനിർത്തലിലേക്ക് തിരിച്ചെത്താമെന്ന് ഇസ്രയേൽ, കുഷ്നറും സംഘവും എത്തി

ടെൽ അവീവ്: കരാർ ലംഘിച്ച് ആക്രമണം തുടരുന്നതിനിടെ വെടിനിർത്തൽ തുടരാൻ സന്നദ്ധതയറിയിച്ച് ഇസ്രയേൽ സേന. സഹായ വിതരണത്തിന് തടസം വരുത്തിയത് പിൻവലിക്കാനും സമ്മതിച്ചു. വെടിനിർത്തൽ ശക്തിപ്പെടുത്തുന്നതിനായി യു എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറും തിങ്കളാഴ്ച ഇസ്രായേലിലെത്തി.
ഹമാസ് തീവ്രവാദികൾ രണ്ട് സൈനികരെ കൊന്നതായി ആരോപിച്ച് ഇസ്രായേൽ 26 പേരെ കഴിഞ്ഞ ദിവസം ബോംബിട്ട് കൊലപ്പെടുത്തി. ദുർബലമായ കരാർ വലിയ പ്രതിസന്ധിയിലായി. അന്താരാഷ്ട്ര സമൂഹം ഇസ്രയേൽ നടപടിയെ അപലപിച്ച് രംഗത്ത് എത്തിയതോടെയാണ് കരാർ തുടരാൻ സന്നദ്ധത അറിയിച്ചത്.
രണ്ട് വർഷത്തെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ ആരംഭിച്ചിട്ട് ഒരു ആഴ്ചയിലേറെയായി. ഹമാസ് "തികച്ചും അഹങ്കാരികളാണെന്നും" "അവർ കുറച്ച് വെടിവയ്പ്പ് നടത്തുന്നുണ്ടെന്നും" യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനിടെ കയറിപ്പറഞ്ഞു.
വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഹമാസ് സുരക്ഷാ സേന ഗാസയിൽ വീണ്ടും തെരുവിലിറങ്ങി സായുധ ഗ്രൂപ്പുകളുമായി ഏറ്റുമുട്ടുകയും ഗുണ്ടാസംഘങ്ങളെ കൊലപ്പെടുത്തുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണമായി പറഞ്ഞത്. ഇസ്രായേൽ സൈന്യം പിൻവാങ്ങിയ പ്രദേശങ്ങളിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമമാണിതെന്ന് ഹമാസ് പ്രതികരിച്ചു.
കരാറിന്റെ വിജയമോ പരാജയമോ നിശ്ചയിക്കുന്നത് ഹമാസിന് ഒരു പ്രായോഗിക ബദൽ സൃഷ്ടിക്കാൻ കഴിയുമോ എന്നതിനെ ആശ്രയിച്ചായിരിക്കുമെന്ന് കുഷ്നർ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ "അവർ വിജയിച്ചാൽ ഹമാസ് പരാജയപ്പെടും, ഗാസ ഭാവിയിൽ ഇസ്രായേലിന് ഭീഷണിയാകില്ല," എന്നും അഭിപ്രായപ്പെട്ടു.
ഞായറാഴ്ചത്തെ സംഘർഷത്തിനുശേഷം കരാർ നിലനിൽക്കുമോ എന്ന ആശങ്ക പരക്കെ ഉയർന്നിരുന്നു. ഇതിനിടയിലാണ് ട്രംപിന്റെയും മരുമകന്റെയും പ്രതികരണങ്ങൾ എരിതീയിൽ എണ്ണയൊഴിക്കും വിധം പുറത്ത് വരുന്നത്. സ്ട്രിപ്പിലുടനീളം ഇസ്രായേലി ആക്രമണങ്ങളിൽ നേരത്തെ കൊല്ലപ്പെട്ട ഡസൻ കണക്കിന് ആളുകളുടെ ശവസംസ്കാര ചടങ്ങുകൾ തുടരുകയാണ്. ഇത് വളരെ വൈകാരികമായ അന്തരീക്ഷത്തിലാണെന്ന് മാധ്യമ ഏജൻസികൾ റിപ്പോർട് ചെയ്യുന്നു. റെഡ് ക്രോസ് പറയുന്നതനുസരിച്ച് ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ട്.
കരാറിന് അനുസൃതമായി, ഇസ്രായേൽ പരിശോധനയ്ക്ക് ശേഷം കെറെം ഷാലോമിലൂടെയും മറ്റ് ക്രോസിംഗുകളിലൂടെയും സഹായം ഗാസയിലേക്ക് പ്രവേശിക്കുന്നത് തുടരുമെന്ന് ഒരു ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു.










0 comments