എച്ച്-1ബി വിസ ഫീസ് ഉയർത്തിയതിന് പിന്നാലെ തൊഴിൽ രേഖകളുടെ പരിശോധനയിലും കുരുക്കിട്ട് ട്രംപ്

വാഷിങ്ടൺ: എച്ച് വൺ ബി വിസ ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തി ആഴ്ചകൾക്കുശേഷം വിദേശികൾക്കുള്ള തൊഴിൽ അംഗീകാര രേഖകളുടെ (EAD) ഓട്ടോമാറ്റിക് എക്സ്റ്റൻഷനും നിർത്തലാക്കി ട്രംപ് ഭരണകൂടം. 540 ദിവസത്തെ ഇടവേള 180 ആയി പരിമിതപ്പെടുത്തുകയും ചെ്യതു.
പുതിയ നിയമം അനുസരിച്ച്, ഒക്ടോബർ 30-നോ അതിനുശേഷമോ EAD പുതുക്കാൻ അപേക്ഷിക്കുന്ന വിദേശികൾ അവയുടെ പുതുക്കൽ മുൻകൂട്ടി നിർവ്വഹിക്കേണ്ടി വരും.
യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജോലി ചെയ്യുന്നത് ഒരു അവകാശമല്ല, ഒരു പദവി മാത്രമാണെന്ന് എല്ലാ വിദേശികളും ഓർമ്മിക്കണം," എന്ന് USCIS ഡയറക്ടർ ജോസഫ് എഡ്‌ലോ ഇതു സംബന്ധിച്ച പ്രസ്താവനയിൽ പറഞ്ഞു.
രേഖകൾ കാലഹരണപ്പെടുന്നതിന് 180 ദിവസം മുമ്പ് പുതുക്കൽ അപേക്ഷ ഫയൽ ചെയ്തുകൊണ്ട് സമയബന്ധിതമായി പുതുക്കാൻ ശ്രമിക്കണമെന്ന് മുന്നറിയിപ്പും നൽകി. കുടിയേറ്റം തടയുന്നതിനുള്ള ഏറ്റവും പുതിയ ശ്രമങ്ങളുടെ ഭാഗമായാണ് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ പുതിയ നീക്കം.
ഇതുവരെ സമയബന്ധിതമായി പുതുക്കൽ ഫയൽ ചെയ്ത ഒരു വിദേശ പൗരന് ഓട്ടോമാറ്റിക് എക്സ്റ്റൻഷന് കീഴിൽ ജോലി ചെയ്യുന്നത് തുടരാമായിരുന്നു. ആ സുരക്ഷാ വല ഇല്ലാതാകുന്നതോടെ പഴയ EAD കാലഹരണപ്പെടുന്നതിന് മുമ്പ് പുതുക്കൽ അംഗീകരിച്ചില്ലെങ്കിൽ, ആ വ്യക്തി ജോലി നിർത്തണം. കൂടെ താമസിക്കുന്ന കുടുംബങ്ങളെയും ഇത് കൂടുതൽ പ്രതിസന്ധിയിലാക്കും.
ബൈഡൻ ഭരണകൂടത്തിന് കീഴിലുള്ള പഴയ നിയമം അനുസരിച്ച് രേഖകൾ (EAD: Employment Authorisation Documents) പുതുക്കുന്നതിനായി സമയബന്ധിതമായി ഫോം I-765 ഫയൽ ചെയ്തിരുന്ന വിദേശികൾക്ക് 540 ദിവസത്തെ ഓട്ടോമാറ്റിക് വിപുലീകരണ അവസരം ലഭിക്കുമായിരുന്നു.
പുതിയ നിബന്ധന ഇന്ത്യൻ കുടിയേറ്റക്കാരെയും തൊഴിലാളികളെയും നിരന്തരം അധികാരികൾക്ക് മുന്നിൽ തെളിവ് നൽകേണ്ട സാഹചര്യത്തിലേക്ക് നയിക്കും.
യുഎസ് സെൻസസ് ബ്യൂറോയുടെ ഡാറ്റ പ്രകാരം, 2022 ലെ കണക്കനുസരിച്ച്, ഏകദേശം 4.8 ദശലക്ഷം ഇന്ത്യൻ അമേരിക്കക്കാർ അമേരിക്കയിലുണ്ട്. ഇതിൽ 66 ശതമാനം ഇന്ത്യൻ അമേരിക്കക്കാരും കുടിയേറ്റക്കാരാണ്. 34 ശതമാനം പേർ യുഎസിൽ ജനിച്ചവരാണ്.
സെപ്റ്റംബർ 19 ന്, എച്ച്1-ബി വിസകൾക്കുള്ള ഫീസ് പ്രതിവർഷം 100,000 ഡോളറായി ഉയർത്തുന്ന ഒരു പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു.










0 comments