ഗൾഫ് രാജ്യങ്ങളിലെ യുഎസ് എംബസികൾ അടച്ചു; പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശം

റിയാദ്: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ എംബസികൾ അനിശ്ചിതകാലത്തേക്ക് അടച്ചു.
റിയാദിലെയും കുവൈത്തിലെയും യുഎസ് നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെ ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എംബസികൾ അടച്ചുപൂട്ടാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉത്തരവിട്ടത്.
റിയാദിലെ എംബസിക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കുവൈത്തിലെ എംബസിക്ക് സമീപം സ്ഫോടനം നടന്നതായും റിപ്പോർട്ടുകളുണ്ട്. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ജോർദാൻ, ലെബനൻ എന്നിവിടങ്ങളിലെ എംബസി പ്രവർത്തനങ്ങളും നിർത്തിവെച്ചു.
സൗദി അറേബ്യ, യുഎഇ, ഖത്തർ ഉൾപ്പെടെ 14 പശ്ചിമേഷ്യൻ രാജ്യങ്ങളിലുള്ള അമേരിക്കൻ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ അധികൃതർ കർശന നിർദ്ദേശം നൽകി. മേഖലയിലെ വ്യോമപാതകൾ പലതും അടച്ചതോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ വലിയ പ്രതിസന്ധിയിലാണ്.
യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിന് ഇറാൻ നൽകുന്ന തിരിച്ചടി മേഖലയെ വലിയൊരു യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക ശക്തമാണ്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ പലതും പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.










0 comments