Deshabhimani

കാനഡയ്‌ക്കുള്ള ചുങ്കത്തിലും ഇളവുവരുത്തി യുഎസ്‌

Trump
വെബ് ഡെസ്ക്

Published on Oct 24, 2026, 09:06 PM | 1 min read

വാഷിങ്‌ടൺ/ ഒട്ടാവ: റഷ്യൻ ഉൽപ്പന്നങ്ങൾക്കേർപ്പെടുത്തിയ ചുങ്കത്തിൽ ഇളവ്‌ പ്രഖ്യാപിച്ചതിന്‌ പിന്നാലെ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും തീരുവ ഇളവ്‌ നൽകി അമേരിക്ക. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക്‌ ഏർപ്പെടുത്തിയ 50 ശതമാനം തീരുവയിലാണ്‌ ഇളവ്‌.


പ്ലൈവുഡ് ഷീറ്റുകൾ, ചില പേപ്പർ ഉൽപ്പന്നങ്ങൾ, പ്രത്യേക യന്ത്രസാമഗ്രികൾ, റഫ്രിജറേഷൻ ഉപകരണങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ തീരുവ പിൻവലിക്കുമെന്ന്‌ വൈറ്റ്ഹൗസ് വെള്ളിയാഴ്ച അറിയിച്ചു.


അതേസമയം, പരവതാനികൾ, മാലിന്യ ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്‌ക്ക്‌ തീരുവ ചുമത്തുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. കാനഡയുമായി അതിർത്തി പങ്കിടുന്ന മെയ്‌നിൽ മധ്യകാല തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം നേരിടുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി സൂസൻ കോളിൻസ്‌ ദിവസങ്ങൾക്ക്‌ മുമ്പ്‌ ഇളവുകളെ കുറിച്ച്‌ സൂചന നൽകിയിരുന്നു.


മെയ്‌നിലെ കർഷക താൽപ്പര്യം സംരക്ഷിക്കാൻ തീരുവയിൽ ഇളവുകൾ നൽകണമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപടക്കമുള്ള അധികാരികളോട്‌ അഭ്യർഥിച്ചിട്ടുണ്ടെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നും അവർ പറഞ്ഞിരുന്നു.


ആസന്നമായ മധ്യകാല തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്നാണ്‌ തീരുവയിളവിന്‌ ട്രംപ്‌ തയ്യാറായതെന്ന്‌ ഇതിലൂടെ വ്യക്തമാകുന്നു. തീരുവ ഇളവ്‌ കാനഡയുടെ താൽപ്പര്യങ്ങളെ മാനിക്കുന്നതാണെന്നും പരസ്‌-പരം പ്രയോജനകരമായ ഒരു വ്യാപാര ബന്ധത്തിനായി ക്രിയാത്മകമായി പ്രവർത്തിക്കാൻ തങ്ങൾ തയ്യാറാണെന്നും കനേഡിയൻ വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു.


ആഗസ്‌തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരചർച്ചകൾ വഴിമുട്ടിയതിനെ തുടർന്നാണ്‌ ട്രംപ്‌ പ്രതികാരച്ചുങ്കം ചുമത്തിയത്‌. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക്‌ തിരിച്ച്‌ ചുങ്കം ചുമത്തി കാനഡ പ്രധാനമന്ത്രി മാർക്ക്‌ കാർണി തിരിച്ചടിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home