Deshabhimani

വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്: നെല്ലിയാമ്പതിയിലേക്കും അട്ടപ്പാടിയിലേക്കും യാത്രയ്ക്ക് നിയന്ത്രണം

Palakkad
വെബ് ഡെസ്ക്

Published on Oct 24, 2026, 09:33 PM | 1 min read

പാലക്കാട് : കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പാലക്കാട്ടെ മലയോര പ്രദേശങ്ങളായ നെല്ലിയാമ്പതി, അട്ടപ്പാടി എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികൾക്ക് നിയന്ത്രണം. സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് യാത്രകൾ നിയന്ത്രിക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.


നെല്ലിയാമ്പതി ചുരം വഴിയുള്ള യാത്രകൾക്കും അട്ടപ്പാടിയിലേക്കുള്ള യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ നെന്മാറ, മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരെ ചുമതലപ്പെടുത്തി. സംസ്ഥാനത്താകെ കനത്ത മഴ തുടരുന്നതിനാൽ മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് നാളെ കനത്ത ജാ​ഗ്രതാ നിർദേശമുള്ളത്. റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ഈ ജില്ലകളിലെ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്‍ററുകൾ, സ്പെഷ്യൽ ക്ലാസുകൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു.


അടുത്ത 3 മണിക്കൂറിൽ പാലക്കാട്, കണ്ണൂർ, കാസറഗോഡ് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ഇന്നു മുതൽ തിങ്കളാഴ്ച (26/10/2026) വരെ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിർദേശമുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് ജാ​ഗ്രതാ മുന്നറിയിപ്പ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home