ഫ്രാൻസ് വീണ്ടും തെരുവിലേക്ക്; സർക്കാരിനെതിരെ ജനരോഷം ഇരമ്പുന്നു

പാരിസ് : വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിക്കും ഉയർന്ന ജീവിതച്ചെലവിനുമെതിരെ ഫ്രാൻസിൽ വാരാന്ത പ്രതിഷേധത്തെ അടിച്ചമർത്തുകയാണ് തീവ്രവലതുപക്ഷ സർക്കാർ. രാജ്യത്തുടനീളം വിലക്കുകൾ ഭേദിച്ച് ആയിരക്കണക്കിന് യുവാക്കളും വിദ്യാർഥികളും തെരുവിലറങ്ങി. പാരിസിലും മറ്റു നഗരങ്ങളിലും തൊഴിലാളികളും പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തിറങ്ങി.
പ്രതിഷേധക്കാർക്കുനേരെ പൊലീസ് വ്യാപകമായ നടപടികൾ തുടർന്നു. ചിലയിടങ്ങളിൽ പ്രക്ഷോഭകർക്കെതിരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രതിഷേധ ശബ്ദത്തെ അടിച്ചമർത്താൻ രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പൊലീസും ഭരണകൂടവും. ഹെലികോപ്റ്ററുകൾ, കവചിത വാഹനങ്ങൾ, ജലപീരങ്കികൾ എന്നിവയും സുരക്ഷാ നടപടികളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഫ്രാൻസിലെ ല്യോണിൽ പ്രതിഷേധക്കാർക്ക് നേരെ രാവിലെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ക്ലെർമോൺ-ഫെറാന്റിൽ പ്രതിഷേധക്കാർ നഗരത്തിലേക്ക് നീങ്ങിയതോടെ പൊലീസ് കണ്ണീർവാതകവും ഗ്രനേഡുകളും പ്രയോഗിച്ചു.
ഫ്രാൻസിലെ പൊതുവിദ്യാലയങ്ങളിലെയും കോളേജുകളിലെയും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി വിദ്യാർഥികളാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. പിന്നീട് ജീവിതച്ചെലവ് വർധനവ്, ഭവനപ്രതിസന്ധി തുടങ്ങിയ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഈ പ്രതിഷേധം ജനരോക്ഷമായി മാറുകയായിരുന്നു. സ്കൂളുകളിൽ കൂടുതൽ അധ്യാപകരെ നിയമിക്കുക, തകർന്ന സ്കൂൾ കെട്ടിടങ്ങൾ നന്നാക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയത്. വിദ്യാഭ്യാസ അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതിനും, ജനജീവിതത്തെ ബാധിക്കുന്ന ജീവിതച്ചെലവിനെതിരെയും നടത്തുന്ന സമരത്തെ അടിച്ചമർത്തുകയാണ് ഫ്രാൻസിലെ തീവ്രവലതുപക്ഷ ഭരണകർത്താക്കൾ.
ഒക്ടോബർ 17ന് നടന്ന രാജ്യവ്യാപക പ്രതിഷേധത്തിനിടെ നിരവധി നഗരങ്ങളിൽ പൊലീസ് പ്രക്ഷോഭർക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. കഴിഞ്ഞ ആഴ്ച മാത്രം ഏകദേശം 2,400 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
പാരിസ് ഉൾപ്പെടെ ചില നഗരങ്ങളിൽ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ തൊഴിലാളി സംഘടനകളും പ്രതിഷേധക്കാരും വിമർശനം ഉന്നയിച്ചിരുന്നു. അഭിപ്രായപ്രകടനത്തിനും സമരം ചെയ്യുന്നതിനുമുള്ള അവകാശത്തെ തടയാൻ കഴിയില്ലെന്ന് കോടതി പറഞ്ഞതോടെയാണ് ഈ വാരാന്തത്തിലും പ്രതിഷേധം തുടരാൻ തീരുമാനിച്ചത്.
വിദ്യാർഥി പ്രതിനിധികളുമായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കൂടിക്കാഴ്ച നടത്തിയെങ്കിലും ആവശ്യങ്ങൾക്കു വ്യക്തമായ പരിഹാരം ലഭിക്കുന്നതുവരെ സമരം തുടരാനാണ് സംഘടനകളുടെ തീരുമാനം. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ആരംഭിച്ച പ്രക്ഷോഭത്തെ തൊഴിലാളികളും ഇടതുപക്ഷ സംഘടനകളും പിന്തുണച്ചതോടെ ഏറ്റവും വലിയ പ്രതിഷേധത്തിനാണ് ഫ്രഞ്ച് ജനത സാക്ഷ്യം വഹിക്കുന്നത്.








0 comments