അഞ്ച് ഇറാനിയൻ ടാങ്കറുകൾ തകർത്തതായി യുഎസ്; ജോർദാനിലെ അമേരിക്കൻ താവളങ്ങളിൽ ഇറാൻ ആക്രമണം

തെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനക്കുന്നു. ഇറാന്റെ അഞ്ച് ടാങ്കറുകൾ തകർത്തതായി അമേരിക്ക അവകാശപ്പെടുന്നു. യുദ്ധക്കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന് പ്രതികാര നടപടിയാണിതെന്നാണ് ആക്രമണം അമേരിക്ക പറയുന്നത്. ചൊവ്വാഴ്ച രാത്രി ജാസ്കിന്റെ തെക്കൻ തുറമുഖത്തിനും പേർഷ്യൻ ഗൾഫിലെ ഖാർഗ് ദ്വീപിനും സമീപം നിലയുറപ്പിച്ചിരുന്ന എണ്ണ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജീവനക്കാരെ ഒഴിപ്പിച്ചതായാണ് വിവരം. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനുനേരെയും ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്.
ആറ് മാസമായി ഇറാനും അമേരിക്കയും തമ്മിൽ തുടരുന്ന ഉപരോധങ്ങൾക്കും തുറന്ന യുദ്ധത്തിനുമിടെയാണ് പുതിയ ആക്രമണം. ഹോർമുസ് കടലിടുക്ക് പിടിച്ചെടുത്ത് ഇറാനെകൊണ്ട് മറുപടി പറയിക്കാതെ ആക്രമണങ്ങൾ അവസാനിപ്പിക്കില്ല എന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പ്രതികരണം.
അമേരിക്ക ഇറാനിയൻ എണ്ണ ടാങ്കറുകൾ തകർത്തതിന് പിന്നാലെ ഇറാൻ ജോർദാനിലെ യുഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ വിക്ഷേപിച്ചു. ആക്രമണത്തിൽ നാശനഷ്ടമുണ്ടായോ എന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചിട്ടില്ല. ഇറാൻ വിക്ഷേപിച്ച 18 ബാലിസ്റ്റിക് മിസൈലുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞുവെന്നും മറ്റ് രണ്ടെണ്ണം ആരും താമസിക്കാത്ത സ്ഥലങ്ങളിൽ പതിച്ചെന്നും ജോർദാൻ സൈന്യം അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്ന് കടന്നുപോയിരുന്നത് ഹോർമുസ് കടലിടുക്ക് വഴിയായിരുന്നു. പാതയുടെ അവകാശ തർക്കങ്ങളിലാണ് നിലവിൽ പശ്ചിമേഷ്യയിൽ അശാന്തി തുടരുന്നത്. ജലപാതയിലൂടെയുള്ള യാത്ര സാധ്യമാകാതെ വന്നതോടെ അന്താരാഷ്ട്ര വിപണികളിൽ എണ്ണ വില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള ബ്രെന്റ് ക്രൂഡോയിലിന്റെ വില ഒരു ബാരലിന് 99.46 ഡോളറായി ഉയർന്നു.









0 comments