വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമം; 3 പേർ പിടിയിൽ, കാറിൽനിന്ന് കഞ്ചാവ് കണ്ടെത്തി

പാലായിൽ കഞ്ചാവ് കടത്തിയ കേസിൽ പിടിയിലായ അജ്മൽ, ഷാഹിദ്, മുഹമ്മദ്.
പാലാ : വാഹന പരിശോധനയ്ക്കിടെ കാറുകൊണ്ട് പൊലീസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. കാറിൽനിന്ന് അര കിലോ കഞ്ചാവും കണ്ടെത്തി. ഈരാറ്റുപേട്ട നടക്കൽ കണിയാംകുന്നേൽ ഷാഹിദ്(29), തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ(33), എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ(30) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വ പകൽ ഒന്നിന് പാലാ ബൈപാസിലെ ആർവി ജങ്ഷനിലാണ് സംഭവം.
ലഹരി കടത്തൽ സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. വേഗത്തിൽ മുന്നോട്ട് എടുത്ത് കാർ ഡൻസാഫ് സംഘത്തിലെ എം എസ് അഭിലാഷിന്റെ(38) കാലിലൂടെ കയറ്റിയിറക്കി. ഈ സമയം മറ്റു വാഹനങ്ങളും നാട്ടുകാരും പൊലീസും ചേർന്ന് കാർ തടഞ്ഞു. വാഹനത്തിന്റെ ഗ്ലാസുകൾ ഉയർത്തി അകത്തിരുന്ന പ്രതികളെ പൊലീസ് ബലംപ്രയോഗിച്ച് പിടികൂടി. വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് 450 ഗ്രാമിലേറെ കഞ്ചാവ് കണ്ടെത്തിയത്. എറണാകുളത്തുനിന്ന് ഈരാറ്റുപേട്ട ഭാഗത്ത് വില്പനയ്ക്ക് കഞ്ചാവുമായി പോയ സംഘമാണ് പിടിയിലായത്.
പതിവായി കഞ്ചാവ് കടത്തൽ നടത്തിവരുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. നാലുമാസം മുമ്പ് മറ്റൊരു കേസിൽ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അജ്മലും മുഹമ്മദും ഓടി രക്ഷപ്പെട്ടിരുന്നു. കാറിടിച്ച് ഡൻസാഫ് അംഗം അഭിലാഷിന് കാലിന് ഒടിവും ചതവുമുണ്ട്. ഗുരുതര പരിക്കേറ്റ എസ് അഭിലാഷ് ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര ചികിത്സയിലാണ്. കഞ്ചാവ് കടത്തലിന് പുറമെ വധശ്രമത്തിനും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു









0 comments