ഓൺലൈൻ തട്ടിപ്പ് : കെഎസ്‌യു നേതാവടക്കം 4 പേർ പിടിയിൽ

തൃശൂർ : ഓൺലൈൻ തട്ടിപ്പ് കേസിൽ കെഎസ്‌യു മണ്ഡലം ജനറൽ സെക്രട്ടറി ഉൾപ്പെടെ നാല് പേരെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് അക്കൗണ്ട് തുടങ്ങി ലക്ഷങ്ങളുടെ ഇടപാടുകൾ നടത്തി കമീഷൻ വാങ്ങുന്ന സംഘത്തിലെ കണ്ണികളായി പ്രവർത്തിക്കുന്ന നാലുപേരെയാണ് സൈബർ ഹണ്ട് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കെഎസ്‌യു കുന്നംകുളം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കടങ്ങോട് കോയമ്പട്ട പീടികയിൽ ഹനീൻ റഹ്‌മാൻ (19) വെള്ളറക്കാട് അമ്പലത്ത് വീട്ടിൽ ഇർഫാൻ (19) കടങ്ങോട് പറമ്പിൽപീടികയിൽ മുഹമ്മദ് ഷഫീർ (20), ചാവക്കാട് മന്ദലംകുന്ന് ഷംനാദ് എന്നിവരാണ് പിടിയിലായത്. ഇവർക്ക് പുറകിൽ വൻകിട കുഴൽപ്പണ ലോബിയുണ്ടെന്ന് പൊലീസ് കണ്ടെത്തി.
യുവാക്കളുടെ ആധാർ കാർഡും പാൻ കാർഡും ഉപയോഗിച്ച് ബാങ്കിൽ അക്കൗണ്ട് തുടങ്ങി അതിലേക്ക് പതിനഞ്ചര ലക്ഷത്തോളം രൂപയുടെ ഇടപാട് നടത്തി പിൻവലിച്ചതായും ഗൂഗിൾ പേ വഴി ഇവർക്ക് 4000 രൂപയോളം തിരിച്ചു നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ സൈബർ തട്ടിപ്പ് മാഫിയയുടെ പങ്കിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതികളെ റിമാൻഡ് ചെയ്തു. എരുമപ്പെട്ടി എസ്ഐ ആന്റോ ഫ്രാൻസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.









0 comments