ബസ് ജീവനക്കാർക്ക് പ്രത്യേക ഐഡി കാർഡ്; പെരുമാറ്റം നന്നാക്കാൻ ക്ലാസ്

കൊച്ചി : സ്വകാര്യബസിലെ ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കാൻ പൊലീസ്. ഇവരുടെ ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് പരിശോധന പൂർത്തിയാക്കിയശേഷം പ്രശ്‌നക്കാരല്ലാത്തവർക്ക് മാത്രമാകും കാർഡ് നൽകുക. കാർഡ് ലഭിച്ചവർക്ക് മാത്രമേ ബസ് ഓടിക്കാൻ അനുവാദമുണ്ടാകൂവെന്നും എറണാകുളം സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ്‌കുമാർ വ്യക്തമാക്കി. കമീഷണർ വിളിച്ചുചേർത്ത ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുകളുടെയും തൊഴിലാളി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.
നടപടികൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ജീവനക്കാർക്ക് രണ്ടുദിവസത്തെ ക്ലാസോ ശിൽപ്പശാലയോ സംഘടിപ്പിക്കും. പെരുമാറ്റം മെച്ചപ്പെടുത്താനാണിത്. മത്സരയോട്ടം നിയന്ത്രിക്കുന്നതിനായി മുമ്പുണ്ടായിരുന്ന പഞ്ചിങ് രീതി പരിഷ്‌കരിച്ച് ഡിജിറ്റൽ പഞ്ചിങ് സംവിധാനം നടപ്പാക്കും. ബസുകൾ പാട്ടത്തിനെടുത്ത് ഓടിക്കുന്ന പ്രവണതയ്‌ക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചു.
കഴിഞ്ഞദിവസം കാർ യാത്രക്കാരനെ തടഞ്ഞ് ഭീഷണിപ്പെടുത്തുകയും പിടികൂടാൻ എത്തിയ എഎസ്‌ഐയെ ആക്രമിക്കുകയും ചെയ്‌ത സ്വകാര്യ ബസ് ക്ലീനറെ ജാമ്യത്തിൽ വിട്ടത് വിവാദമായിരുന്നു. പൊലീസിന് നാണക്കേടുണ്ടാക്കുകയും ചെയ്‌തു. നഗരത്തിലെ മത്സരയോട്ടവും അപകടങ്ങളും ചില ജീവനക്കാരുടെ മോശം പെരുമാറ്റവും ഇതിനെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതും ശക്തമായ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസിന്റെ പരിഷ്‌കാരങ്ങൾ.









0 comments