സിഎൻജി വില വർധന; ഡൽഹിയിൽ ഇന്ന് ഓട്ടോ ടാക്സി പണിമുടക്ക്

Photo: PTI
ന്യൂഡൽഹി: സിഎൻജി വില വർധനക്കെതിരെ ഡൽഹിയിൽ ഇന്ന് ഓട്ടോ ടാക്സി പണിമുടക്ക്. നിരക്ക് വർധനയാണ് ഉയർത്തിയിരിക്കുന്ന ആവശ്യം. സിഎൻജിയിൽ കഴിഞ്ഞ മൂന്നുമാസക്കാലയളവിൽ ഏകദേശം 11 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ഓട്ടോ-ടാക്സി ഡ്രൈവർമാർ പറയുന്നു.
അതേസമയം, ഡൽഹിയിലെ എല്ലാ ടാക്സി ഡ്രൈവർമാരും പണിമുടക്കുന്നില്ല. ഓട്ടോറിക്ഷാ അസോസിയേഷൻ ആൻഡ് ഡൽഹി പ്രദേശ് ടാക്സി യൂണിയൻ മാത്രമാണ് പണിമുടക്കുന്നത്. മറ്റ് അസോസിയേഷനിലുള്ള ടാക്സിൽ ഓടും. സിഎൻജി വില വർധന തിരിച്ചടിയാണെന്നും നിരക്ക് വർധിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ സബ്സിഡി നൽകണമെന്നും ഓട്ടോ-ടാക്സി തൊഴിലാളികൾ ആവശ്യപ്പെടുന്നു.
ശനിയാഴ്ച മുതലാണ് ഡൽഹിയിലും സമീപ നഗരങ്ങളിലും സിഎൻജിയുടെ വില കിലോഗ്രാമിന് 3.89 രൂപ വർധിച്ചതായി ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് അറിയിച്ചത്. പുതിയ വില നിലവിൽ വന്നതോടെ സിഎൻജിയുടെ വില കിലോഗ്രാമിന് 86.98 രൂപയായി. മെയ് മാസത്തിൽ മാത്രം 15 ദിവസത്തിനുള്ളിൽ നാല് തവണ സിഎൻജി വില 6 രൂപ വർധിപ്പിച്ചിരുന്നു. പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ ആരംഭിച്ചതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള എൽഎൻജി ചരക്ക് നീക്കത്തിൽ തടസം നേരിട്ടതാണ് നിലവിലെ വില വർധനക്ക് കാരണം.
വിതരണത്തിൽ തടസം നേരിടുന്നതിനാൽ ആഗോളതലത്തിൽ എൽഎൻജി വില ഇരട്ടിയായി വർധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന രാജ്യമായതിനാൽ സിഎൻജിയുടെ കുറവ് വളരെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയുൾപ്പടെയുള്ള വികസ്വര രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ പശ്ചിമേഷ്യയിൽ നിലവിലെ സംഘർഷങ്ങൾ ബാധിക്കുമെന്ന വസ്തുത ഉറപ്പിക്കുന്നതാണ് ഈ വിലവർധന.









0 comments