പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന് നേരെ വ്യോമാക്രമണത്തിന് തയ്യാറെടുത്ത് അമേരിക്ക

തെഹ്റാൻ: ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക. മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് തിയോഡോർ റൂസ്‌വെൽറ്റ് മേഖലയിൽ എത്തിയതോടെ ആയിരക്കണക്കിന് സൈനികരെയും നൂറുകണക്കിന് യുദ്ധവിമാനങ്ങളുമാണ് അമേരിക്ക വിന്യസിച്ചിരിക്കുന്നത്.
ഞായറാഴ്ചയാണ് യുഎസ്എസ് തിയോഡോർ റൂസ്‌വെൽറ്റ് യുഎസ് സെൻട്രൽ കമാൻഡിന്റെ പരിധിയിൽ പ്രവേശിച്ചത്. നിലവിൽ മേഖലയിലുള്ള യുഎസ്എസ് ജോർജ് എച്ച്ഡബ്ല്യു ബുഷ് , യുഎസ്എസ് ജോർജ് വാഷിംഗ്ടൺ എന്നിവയ്ക്കൊപ്പമാണ് റൂസ്‌വെൽറ്റും ചേർന്നിരിക്കുന്നത്. മുൻപ് വിന്യസിച്ച കപ്പലുകളിലൊന്നിന് പകരമായാണ് റൂസ്‌വെൽറ്റ് എത്തുന്നതെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും, ജോർജ് വാഷിംഗ്ടൺ മേഖലയിൽ തന്നെ തുടരാൻ തീരുമാനിച്ചതോടെ മൂന്ന് കപ്പലുകളും ഒരേസമയം പ്രവർത്തിക്കുന്ന സാഹചര്യമുണ്ടായി.
ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ മൂന്ന് വിമാനവാഹിനിക്കപ്പലുകളിലും 60 മുതൽ 75 വരെ യുദ്ധവിമാനങ്ങൾ ഉൾക്കൊള്ളാൻ സാധിക്കും. എഫ്/എ-18 സൂപ്പർ ഹോർനെറ്റ് യുദ്ധവിമാനങ്ങൾ, ഇഎ-18ജി ഗ്രൗളർ ഇലക്ട്രോണിക് വാർഫെയർ വിമാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഓരോ കപ്പലിലും ഏകദേശം 5,000 മുതൽ 6,000 വരെ സൈനികരുണ്ട്. റൂസ്‌വെൽറ്റിനൊപ്പം യുഎസ്എസ് ചോസിൻ എന്ന ക്രൂയിസറും യുഎസ്എസ് പോൾ ഹാമിൽട്ടൺ, യുഎസ്എസ് ഡെക്കാറ്റൂർ എന്നീ ഡിസ്ട്രോയറുകളും സുരക്ഷയൊരുക്കുന്നുണ്ട്. മേഖലയിലെ സൈനിക താവളങ്ങളെ പൂർണ്ണമായി ആശ്രയിക്കാതെ തന്നെ തുടർച്ചയായ വ്യോമാക്രമണങ്ങൾ നടത്താൻ ഇതിലൂടെ അമേരിക്കയ്ക്ക് സാധിക്കും.
ആഴ്ചകളായി നയതന്ത്ര ചർച്ചകൾ വഴിമുട്ടി നിൽക്കുന്നതിനിടെ ഇരുരാജ്യങ്ങളും സൈനിക നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഞായറാഴ്ച ബഹ്‌റൈനിലെ അൽ-റിഫ ഹെലികോപ്റ്റർ താവളത്തിലെ യുഎസ് റഡാർ സംവിധാനത്തിന് നേരെ ആറ് ഡ്രോണുകൾ വിക്ഷേപിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. നിരവധി ആക്രമണങ്ങൾ പ്രതിരോധിച്ചതായി ബഹ്‌റൈൻ വ്യക്തമാക്കിയപ്പോൾ, റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് യുഎസ് സൈന്യം അറിയിച്ചു.
ബഹ്‌റൈനിലെ ആക്രമണത്തിന് പിന്നാലെ ഞായറാഴ്ച രാത്രി തെക്കൻ ഇറാനിലെ ബന്ദർ ലെംഗെ, സിറിക് എന്നിവിടങ്ങളിലെ ഇറാൻ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക വ്യോമാക്രമണം നടത്തി. ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളും, അന്താരാഷ്ട്ര ആണവ പരിശോധനകൾക്ക് ഇറാൻ അനുമതി നിഷേധിക്കുന്നതും പശ്ചിമേഷ്യയെ വലിയൊരു യുദ്ധത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്.








0 comments