ഇറാൻ വെടിവച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ ക്രൂ അംഗത്തെ കണ്ടെത്തി

എഫ്-15 വിമാനം. photo credit: US Department of Defence file photo
ടെഹ്റാൻ : ഇറാനിൽ വെടിവച്ചിട്ട അമേരിക്കൻ എഫ്-15ഇ യുദ്ധവിമാനത്തിൽ നിന്ന് കാണാതായ പൈലറ്റിനെ കണ്ടെത്തിയതായി യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഘർഷത്തിനൊടുവിൽ സൈനികനെ ഇറാൻ അതിർത്തിക്കു പുറത്ത് സുരക്ഷിതമായി എത്തിച്ചതായി യുഎസ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ചയാണ് തെക്കൻ ഇറാനിൽ എഫ്-15 സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനം ഇറാൻ വെടിവച്ചിട്ടത്. രണ്ടു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരാളെ അപകടം നടന്നതിനു പിന്നാലെ കണ്ടെത്തിയെങ്കിലും രണ്ടാമത്തെയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നാലെ ഇറാനും അമേരിക്കയും ക്രൂ അംഗത്തിനായി തെരച്ചിൽ ആരംഭിച്ചിരുന്നു. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ക്രൂ അംഗത്തെ കണ്ടെത്തിയത്. വിമാനം തകർന്നുവീണതിനു പിന്നാലെ ഇറാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ കോഹ്ഗിലുയേയിലെയും ബോയർ- അഹമ്മദിലെയും പർവതപ്രദേശത്ത് യുഎസ് തെരച്ചിൽ ആരംഭിച്ചിരുന്നു.
ഇറാൻ വെടിവച്ചതിനു പിന്നാലെ വിമാനത്തിലുണ്ടായിരുന്നവർ സ്വയം ഇജക്‌ട് ചെയ്ത് ചാടിയതായിരുന്നു റിപ്പോർട്ട്. സൈനികനെ കണ്ടെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്ഥിരീകരിച്ചു. സൈനികന് പരിക്കേറ്റിട്ടുണ്ടെങ്കിലും സുരക്ഷിതനാണെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
സംഘർഷം ആരംഭിച്ചതിനുപിന്നാലെ ഇറാൻ പ്രദേശത്ത് തകർന്നുവീഴുന്ന ആദ്യത്തെ യുഎസ് വിമാനമായിരുന്നു എഫ്-15. ഇറാനെ നശിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനു രണ്ട് ദിവസത്തിന് ശേഷമാണ് ഇറാൻ രണ്ട് യുഎസ് സൈനിക വിമാനങ്ങൾ വെടിവച്ചു വീഴ്ത്തിയത്. യുഎസ് എ-10 വിമാനമാണ് ഇറാൻ തകർത്ത രണ്ടാമത്തേത്. വെള്ളിയാഴ്ച രണ്ട് യുഎസ് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ആക്രമിച്ചതായി ഇറാന്റെ സംയുക്ത സൈനിക കമാൻഡ് ശനിയാഴ്ച പറഞ്ഞു.










0 comments