Deshabhimani

ഇറാനെതിരെ യുദ്ധത്തിനിറങ്ങാനുള്ള ട്രംപിന്റെ 
 തീരുമാനം നിയമവിരുദ്ധമെന്ന് ഡെമോക്രാറ്റുകൾ

print edition ട്രംപിന്റെ യുദ്ധക്കൊതി ചെറുക്കാന്‍ യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം

korea

ഇറാനിൽ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ നടന്ന പ്രതിഷേധ പ്രകടനം

വെബ് ഡെസ്ക്

Published on Mar 04, 2026, 04:12 AM | 2 min read


വാഷിങ്‌ടൺ

ഇറാനെതിരായ സൈനിക നടപടികൾ നിർത്തിവെക്കാൻ ആവശ്യപ്പെടുന്ന പ്രമേയം ഈ ആഴ്ച അവസാനം യുഎസ് കോൺഗ്രസ് വോട്ടിനിടും. .യുഎസ് കോൺഗ്രസിന്റെ വ്യക്തമായ അംഗീകാരമില്ലാതെ വിദേശ രാജ്യങ്ങളിലേക്ക് സൈന്യത്തെ അയക്കാനുള്ള അമേരിക്കൻ പ്രസിഡന്റിന്റെ അധികാരത്തെ പരിമിതപ്പെടുത്തുന്ന "വാർ പവേഴ്‌സ് ആക്‌ട്‌' പ്രകാരമാണ് പ്രമേയം കൊണ്ടുവരുന്നത്. ഇറാനെതിരെ യുദ്ധം തുടങ്ങാനുള്ള ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് ഡെമോക്രാറ്റുകൾ ഉൾപ്പെടെയുള്ള നിരവധി കോൺഗ്രസ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ പെട്ടെന്നുണ്ടാകാൻ സാധ്യതയുള്ള ഭീഷണി തടയാനാണ്‌ യുദ്ധത്തിന്‌ നിർബന്ധിതരായതെന്നാണ്‌ ട്രംപിന്റെ വാദം.


ഇറാനെതിരായ സൈനിക നടപടി വ്യോമാക്രമണങ്ങൾ മാത്രമാണെന്നും നിലവിൽ കരസേനയെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ട്രംപ്‌ ന്യായീകരിക്കുന്നു. വാർ പവേഴ്‌സ് ആക്‌ട്‌ പ്രകാരം, യുഎസ്‌ സായുധ സേനയെ ശത്രുരാജ്യത്തേക്കോ അല്ലെങ്കിൽ സംഘർഷസാധ്യതയുള്ള സാഹചര്യങ്ങളിലേക്കോ പ്രവേശിപ്പിക്കുന്നതിന് മുമ്പ്, പ്രസിഡന്റ് കോൺഗ്രസുമായി ആലോചിക്കണം.യുദ്ധപ്രഖ്യാപനം ഇല്ലാതെ സൈന്യത്തെ വിന്യസിക്കുകയാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ പ്രസിഡന്റ് കോൺഗ്രസിനെ അറിയിക്കണം. കൂടാതെ, ഈ നടപടിക്കുള്ള ഭരണഘടനാപരവും നിയമപരവുമായ അധികാരം വ്യക്തമാക്കുന്ന വിശദീകരണം നൽകുകയും വേണം. കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ഇറാനെതിരെ യുഎസ് സൈനിക നടപടി നടത്തുന്നതിൽ അംഗങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നത് ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ്. 2025 ജൂണിലും, ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ഇറാന്റെ ആണവ നിലയങ്ങൾക്കും തെഹ്‌റാനിലെ നിരവധി ലക്ഷ്യങ്ങൾക്കും അമേരിക്ക മാരക ആക്രമണം നടത്തിയിരുന്നു.


പശ്‌ചിമേഷ്യയിലെ പ‍ൗരന്മാർ ഉടൻ 
മടങ്ങണമെന്ന്‌ യുഎസ്‌

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കഴിയുന്ന തങ്ങളുടെ പൗരന്മാരോട് ഉടനടി അവിടം വിടാൻ അമേരിക്ക ആവശ്യപ്പെട്ടു. സൗദി അറേബ്യ, ഖത്തർ ഉൾപ്പെടെയുള്ള പതിനഞ്ചിലധികം രാജ്യങ്ങളിൽ കഴിയുന്നവർ ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം മടങ്ങണമെന്ന്‌ യുഎസ് വിദേശമന്ത്രാലയം മുന്നറിയിപ്പ്‌ നൽകി. ഇറാൻ തിരിച്ചടി ഇനിയും ശക്തമാക്കുമെന്ന സാധ്യത മുൻകൂട്ടി കണ്ടാണ്‌ നടപടി. വിമാന സർവീസുകൾ തടസ്സപ്പെട്ടിരിക്കുന്നതിനാൽ മടക്കയാത്ര സാധ്യമാകുമോയെന്ന ആശങ്കയിലാണ്‌ മേഖലയിലെ അമേരിക്കക്കാർ.


ഇറാഖിലെ യുഎസ്‌ എംബസി ജീവനക്കാരോട്‌ രാജ്യംവിടാൻ ആവശ്യപ്പെട്ടു. സുരക്ഷാ ഭീഷണിയെത്തുടർന്ന് ബാഗ്‌ദാദ് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്നതിൽ നിന്ന് എംബസി ജീവനക്കാരെ വിലക്കി. ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഒഴിപ്പിക്കാൻ കഴിയില്ലെന്നും ഈജിപ്ത് അതിർത്തിയായ ടാബയിലേക്ക് ഇസ്രയേൽ ടൂറിസം മന്ത്രാലയം ഒരുക്കുന്ന ബസുകൾ ഉപയോഗിക്കാമെന്നും ജറുസലേമിലെ യുഎസ് എംബസി വ്യക്തമാക്കി. എന്നാൽ ഈ യാത്രയ്‌ക്ക്‌ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നും അറിയിച്ചു.

ഗൾഫ് രാജ്യങ്ങളിലും സുരക്ഷാ സ്ഥിതി വഷളാകുകയാണ്. റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് സൗദിയിലെ എല്ലാ കൗൺസിലർ സേവനങ്ങളും നിർത്തിവെച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home