print edition ഹോർമുസിന്റെ നിയന്ത്രണം പിടിച്ചെന്ന് യുഎസ്

വാഷിങ്‌ടൺ/തെഹ്‌റാൻ: ഉപാധികൾ അംഗീകരിക്കാതെ ഒത്തുതീർപ്പിനില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുന്പോൾ ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം തങ്ങൾക്കാണെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ തുറമുഖത്തേക്ക് നീങ്ങുകയായിരുന്ന പാനമ പതാകയുള്ള ചരക്കുകപ്പൽ യുഎസ് സേന രണ്ട് മിസൈൽ വർഷിച്ച് തകർത്തു. മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപിച്ചായിരുന്നു യുഎസിന്റെ കപ്പൽവേട്ട. ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്ന യുഎസ് സൈന്യം 55 വാണിജ്യക്കപ്പലുകൾ പ്രവർത്തനരഹിതമാക്കിയതായി യുഎസ് സെന്റ്‌കോം പറഞ്ഞു.
അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കി. യുഎസ് നടത്തുന്ന യുദ്ധവും സാമ്പത്തിക ഉപരോധവും പൂർണമായി അവസാനിപ്പിക്കുക, മരവിപ്പിച്ച ആസ്തി വിട്ടുനൽകുക, വെടിനിർത്തൽ പ്രഖ്യാപിക്കുക എന്നീ ആവശ്യം അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സൻ റെസായ് പ്രഖ്യാപിച്ചു. അതേസമയം, മധ്യസ്ഥ ചർച്ചകൾക്കായി പാകിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്‌വി തെഹ്‌റാനിലെത്തി ചർച്ച നടത്തി.
ലെബനനിലും ഗാസയിലും ഇസ്രയേൽ നരനായാട്ട്
പശ്ചിമേഷ്യയിൽ അമേരിക്കയുടെ ഒത്താശയോടെ ഇസ്രയേൽ നടത്തുന്ന വിനാശകരമായ ആക്രമണം തുടരുന്നു. തെക്കൻ ലെബനനിലെ നാലുനില പൊതുവിദ്യാലയം ഇസ്രയേൽ സൈന്യം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തു. ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ ബെയ്റൂത്തിൽ യുഎസ് ജനറൽ ജോസഫ് ക്ലിയർഫീൽഡുമായി ചർച്ച നടത്തുന്നതിനിടയിലാണ് ഇസ്രയേലി ആക്രമണം.
ഗാസയിൽ 24 മണിക്കൂറിനിടെ ഇസ്രയേലി വ്യോമാക്രമണങ്ങളിൽ രണ്ട് പലസ്തീൻകാർക്ക് പരിക്കേൽക്കേറ്റു. ഒരു മൃതദേഹം കണ്ടെത്തി. അധിനിവേശ വെസ്റ്റ്ബാങ്കിലെ റാമല്ലയിൽ ഇസ്രയേലി സേന നടത്തിയ റെയ്ഡിൽ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പലസ്തീൻകാരെ തടവിലാക്കി.









0 comments