ഹന്റാ വൈറസ് : കപ്പലിൽ നിന്നെത്തിയ യുഎസ് പൗരന് രോഗം സ്ഥിരീകരിച്ചു

പ്രതീകാത്മക ചിത്രം
വാഷിങ്ടൻ: ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. ആൻഡീസ് സ്ട്രെയിൻ വിഭാഗത്തിൽപ്പെട്ട വൈറസ് ബാധയാണ് കണ്ടെത്തിയതെന്നും, രണ്ടാമതൊരു യാത്രക്കാരനിൽ കൂടി രോഗലക്ഷണങ്ങൾ പ്രകടമാണെന്നും യുഎസ് ആരോഗ്യ വകുപ്പ് അറിയിച്ചു.
ലക്ഷണങ്ങളുള്ളവരെ വിമാനത്തിലെ പ്രത്യേക ബയോകൺടെയ്ൻമെന്റ് യൂണിറ്റുകളിലാണ് നെബ്രാസ്ക സർവകലാശാല മെഡിക്കൽ സെന്റർ ഉൾപ്പെടെയുള്ള സ്പെഷ്യലൈസ്ഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് എയർലിഫ്റ്റ് ചെയ്തത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 50 ശതമാനത്തോളം മരണനിരക്ക് ഉണ്ടാക്കാൻ സാധ്യതയുള്ള ഈ മാരക വൈറസ് ബാധയെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന മൂന്ന് വിദേശ പൗരന്മാർ ഇതിനോടകം മരണപ്പെട്ടിട്ടുണ്ട്.
നിലവിൽ ആറ് പേർക്ക് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, തിരിച്ചെത്തിയ എല്ലാ യാത്രക്കാരെയും കർശന ആരോഗ്യ നിരീക്ഷണത്തിന് വിധേയരാക്കിയിരിക്കുകയാണ്. ഹൻ്റാ വൈറസ് ബാധയെത്തുടർന്ന് ആഴ്ചകളോളം കടലിൽ കുടുങ്ങിക്കിടന്ന എംവി ഹോണ്ടിയാസ് ആഡംബരക്കപ്പലിലെ യാത്രക്കാരെ സ്പാനിഷ് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു തുടങ്ങി. യാത്രക്കാരെ പൂർണ്ണമായി ഒഴിപ്പിച്ച ശേഷം ശുചീകരണ പ്രവർത്തനങ്ങൾക്കായി കപ്പൽ നെതർലൻഡ്‌സിലേക്ക് കൊണ്ടുപോകും.
കപ്പലിലെ ലഗേജുകൾ ഉപേക്ഷിക്കണമെന്നും മൊബൈൽ ഫോൺ, രേഖകൾ തുടങ്ങിയ അവശ്യവസ്തുക്കൾ മാത്രമേ കരുതാവൂ എന്നും കർശന നിർദ്ദേശമുണ്ട്. സ്പെയിനിലെ കാനറി ദ്വീപുകളിലുള്ള ടെനറൈഫ് തീരത്ത് നങ്കൂരമിട്ട കപ്പലിൽ നിന്ന് അതീവ സുരക്ഷാ മുൻകരുതലുകളോടെയാണ് ആളുകളെ പുറത്തെത്തിക്കുന്നത്.
സ്പെയിൻ സ്വദേശികളെ ആദ്യം ഒഴിപ്പിച്ചതായും നെതർലൻഡ്‌സ്, ജർമ്മനി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെ പ്രത്യേക വിമാനങ്ങളിൽ നാട്ടിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചു. പ്രാദേശിക ജനതയുമായി സമ്പർക്കം ഒഴിവാക്കാൻ ചെറുകപ്പലുകളിൽ കരയിലെത്തിച്ച യാത്രക്കാരെ പ്രത്യേക വാഹനങ്ങളിലാണ് വിമാനത്താവളത്തിലേക്ക് മാറ്റുന്നത്.











0 comments