print edition ആണവയുദ്ധം വേണ്ടെന്ന് വൻശക്തികൾ; ഷെൻഷെനിൽ ‘സമാധാന പ്രഖ്യാപനം'

ചൈനയിലെ ഷെൻഷെനിൽ ഏഷ്യ–പസിഫിക് സാന്പത്തിക സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവർ ത്രികക്ഷി ചർച്ച നടത്തിയപ്പോൾ
ഷെൻഷെൻ : ആഗോളസുരക്ഷയും സാമ്പത്തികസ്ഥിരതയും ഉറപ്പാക്കാൻ സഹകരണം ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി ചൈന, റഷ്യ, യുഎസ് ത്രികക്ഷി ഉച്ചകോടി. ചൈനയിലെ ഷെൻഷെനിൽ ഏഷ്യ–പസിഫിക് സാന്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവർ ആദ്യമായി ഉച്ചകോടിക്കായി ഒരുമിച്ചത്. ഒരു മണിക്കൂറും 20 മിനിറ്റും നീണ്ട ചർച്ചയ്‌ക്കൊടുവിൽ മൂവരും ചേർന്ന് ‘സംയുക്ത സമാധാന പ്രഖ്യാപനം' പുറത്തിറക്കി.
ഒരിക്കലും ആണവയുദ്ധം നടത്തരുതെന്നും യുദ്ധം ജയിക്കാനായി ആണവായുധം ഉപയോഗിക്കരുതെന്നും സംയുക്ത പ്രസ്‌താവന പറഞ്ഞു. ആണവനിർവ്യാപനം ഉറപ്പാക്കാൻ തുടർചർച്ച നടത്താൻ തീരുമാനിച്ചു. ആണവായുധങ്ങൾ പൂർണമായും നിരോധിച്ച് ആണവരഹിത ലോകം കെട്ടിപ്പടുക്കണമെന്ന് ഷി ജിൻപിങ് ആഹ്വാനംചെയ്‌തു. ആഗോള ഊർജവിതരണ ശൃംഖല സുസ്ഥിരമാക്കാനും പെട്രോളിയം വിതരണം വർധിപ്പിക്കാനും ധാരണയായി.
ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കേണ്ടതിന്റെ ആവശ്യകത ചർച്ചചെയ്‌തു. ഐക്യരാഷ്‌ട്ര സംഘടനയിൽ കാലാനുസൃത പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിനും അന്താരാഷ്‌ട്ര നിയമങ്ങൾക്കനുസൃതമായി രാഷ്‌ട്രത്തലവന്മാർക്കും ഉദ്യോഗസ്ഥർക്കുമുള്ള നിയമപരിരക്ഷ ഉയർത്തിപ്പിടിക്കാനും ഒരുമിച്ച് പ്രവർത്തിക്കും. അന്താരാഷ്‌ട്ര നീതിന്യായ കോടതി പോലുള്ള സംഘടനകൾ പദവി ദുരുപയോഗം ചെയ്യരുതെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
ശീതയുദ്ധ മാനസികാവസ്ഥ വെടിഞ്ഞ് വൻശക്തികൾ പരസ്‌പര ധാരണയോടെ പ്രവർത്തിക്കണമെന്നും അപ്പോൾ ലോകത്ത് സമാധാനം പുലരുമെന്നും ഷി ജിൻപിങ് പറഞ്ഞു. നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സുരക്ഷാപ്രശ്‌നങ്ങൾ പരിഹരിക്കാൻ ചൈനയും അമേരിക്കയും തമ്മിൽ ആശയവിനിമയവും ഏകോപനവുമുണ്ടാകണമെന്ന് അദ്ദേഹം നിർദേശിച്ചു. ചർച്ച തികച്ചും തുറന്നതും പരസ്‌പര ധാരണ വർധിപ്പിക്കുന്നതുമായിരുന്നുവെന്ന് വ്ലാദിമിർ പുടിൻ പ്രസ്‌താവിച്ചു.
ലോകത്തിലെ വലിയ മൂന്ന് ആണവശക്തികൾ ഒരുമിച്ചിരിക്കുന്നത് ചരിത്രപരമായ ചുവടുവയ്‌പ്പാണെന്നും മുന്പ് ഭിന്നാഭിപ്രായങ്ങൾ തമ്മിലുള്ള രാജ്യങ്ങൾ ആശയവിനിമയം നടത്താൻ മടിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. ചർച്ചക്ക് മുൻകൈയെടുത്ത ചൈനയെ പുടിനും ട്രംപും അഭിനന്ദിച്ചു.
ഉച്ചകോടിക്ക് മുന്നോടിയായി ഷി ജിൻപിങ്ങുമായും പുടിനുമായും ട്രംപ് വെവ്വേറെ ഉഭയകക്ഷി ചർച്ചകളും നടത്തി. അടുത്തമാസം മയാമിയിൽ നടക്കുന്ന ജി–20 ഉച്ചകോടിയിലേക്ക് പുടിനെ ട്രംപ് ക്ഷണിച്ചു. ഷി ജിൻപിങ്ങും മയാമി ഉച്ചകോടിയിൽ പങ്കെ ടുക്കും.








0 comments