കാനഡയ്‌ക്കെതിരെ പുതിയ നീക്കവുമായി ട്രംപ്,വിമാനങ്ങൾക്ക് 50%തീരുവ ഭീഷണി

വാഷിങ്ടൺ:അമേരിക്കയിൽ വിൽക്കുന്ന എല്ലാ കാനഡൻ വിമാനങ്ങൾക്കും 50ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്.കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര സംഘർഷം ഇതോടെ കൂടുതൽ ശക്തമാകുകയാണ്. കാനഡൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള തർക്കം പുതിയ ഘട്ടത്തിലേക്കാണ് കടന്നിരിക്കുന്നതായാണ് സൂചന.
സവന്നയിലെ ജോർജിയ ആസ്ഥാനമായ ഗൾഫ്‌സ്ട്രീം എയറോസ്പേസിന്റെ വിമാനങ്ങൾക്ക് കാനഡ സർട്ടിഫിക്കേഷൻ നിഷേധിച്ചിരുന്നു.ഇതിന് പ്രതികാരമായാണ് ഉടൻ തന്നെ താരിഫ് ഭീഷണി നടത്തിയത്.കാനഡയിലെ വിമാന നിർമാതാക്കളായ ബോംബാർഡിയറിന്റെ ഗ്ലോബൽ എക്സ്പ്രസ് ബിസിനസ് ജെറ്റുകൾ അമേരിക്കയിൽ നിന്ന് “ഡീസർട്ടിഫൈ” ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
വിമാന വ്യവസായ ഡാറ്റ നൽകുന്ന സിരിയം എന്ന സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരം,നിലവിൽ 150ബോംബാർഡിയർ ഗ്ലോബൽ എക്സ്പ്രസ് വിമാനങ്ങൾ അമേരിക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 115ഓപ്പറേറ്റർമാരാണ് ഇവ ഉപയോഗിക്കുന്നത്.ഗൾഫ്‌സ്ട്രീമും ബോംബാർഡിയറും ബിസിനസ് ജെറ്റ് വിപണിയിൽ നേരിട്ടുള്ള എതിരാളികളാണ്.
കാനഡയിൽ നിർമ്മിച്ച ആയിരക്കണക്കിന് സ്വകാര്യവും പൊതുവായതുമായ വിമാനങ്ങൾ ദിവസേന അമേരിക്കൻ ആകാശത്ത് പറക്കുന്നു.വ്യാപാര തർക്കത്തിന്റെ പേരിൽ വിമാനങ്ങൾ ഡീസർട്ടിഫൈ ചെയ്യുന്നത് അത്യന്തം അസാധാരണമാണ്.
അമേരിക്ക–മെക്സിക്കോ–കാനഡ വ്യാപാര കരാർ (USMCA)പുനപരിശോധനയ്ക്ക് വിധേയമാക്കുന്ന സമയമാണ്. ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വിടവ് വര്‍ധിക്കുന്നത്. അമേരിക്കൻ വ്യാപാര നയങ്ങളെ വിമർശിച്ച കാർണിയുടെ പരാമർശങ്ങൾ തിരിച്ചടിയാകാമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ഇതിനിടെ മുന്നറിയിപ്പ് നൽകി. എന്നാൽ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടെ താൻ പറഞ്ഞ കാര്യങ്ങളിൽ നിന്ന് പിന്മാറില്ലെന്ന് കാർണിയും വ്യക്തമാക്കിയിരുന്നു.










0 comments