Deshabhimani

ചൈനയെ സാങ്കേതിക വളർച്ചയെ തളർത്താൻ വീണ്ടും അമേരിക്കയുടെ കരിമ്പട്ടിക; ഏഴ് പ്രമുഖ സ്ഥാപനങ്ങൾക്ക് വിലക്ക്

china
വെബ് ഡെസ്ക്

Published on Nov 24, 2026, 11:31 AM | 2 min read

വാഷിങ്ടൺ: ചൈനയുടെ സാങ്കേതിക വളർച്ചയെ തളർത്താൻ ഏഷ്യൻ രാജ്യങ്ങളിലെ ഏഴ് പ്രമുഖ കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തി അമേരിക്ക. ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബ ഗ്രൂപ്പിന്റെ സിംഗപ്പുർ ഉപസ്ഥാപനമായ 'അപെക്സ് എന്റർപ്രൈസ് സൊല്യൂഷൻസ്', സിംഗപ്പുർ ആസ്ഥാനമായ 'മെഗാസ്പീഡ് ഇന്റർനാഷണൽ' എന്നിവയടക്കമുള്ള കമ്പനികൾക്കാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.


അമേരിക്കൻ വാണിജ്യ വകുപ്പിന്റെ 'എന്റിറ്റി ലിസ്റ്റിൽ' ഉൾപ്പെടുത്തിയതോടെ, അമേരിക്കൻ നിർമിത എഐ ചിപ്പുകളും മറ്റ് നൂതന സാങ്കേതികവിദ്യകളും വാങ്ങുന്നതിന് ഈ കമ്പനികൾക്ക് ഇനിമുതൽ യുഎസ് സർക്കാരിന്റെ പ്രത്യേക അനുമതി തേടേണ്ടിവരും. എൻവിഡിയയുടെ നൂതന എഐ ചിപ്പുകൾ അമേരിക്കൻ കയറ്റുമതി നിയന്ത്രണങ്ങൾ മറികടന്ന് ചൈനയിലേക്ക് കടത്താൻ ഈ സ്ഥാപനങ്ങൾ സഹായിച്ചുവെന്ന ഏകപക്ഷീയമായ ആരോപണമുന്നയിച്ചാണ് വാഷിങ്ടണിന്റെ നടപടി.


മലേഷ്യയിൽ, MSFusion Sdn. Bhd., PT Megaspeed International, Speedmatrix Sdn. Bhd. തുടങ്ങിയ കമ്പനികളേയും, സിംഗപ്പൂരിൽ, Apex Enterprise Solutions (Singapore) Private Limited, Megaspeed International Pte. Ltd., Swiftdata Pte. Ltd. എന്നീ കമ്പനികളെയും , തായ്‌ലൻഡിൽ Megaspeed (Thailand) Co., Ltd.-നെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


അതേസമയം അമേരിക്കയുടെ ഏകപക്ഷീയമായ ഉപരോധ നീക്കത്തെ ആലിബാബ ശക്തമായി അപലപിച്ചു. തങ്ങളുടെ ഉപസ്ഥാപനമായ അപെക്സ് എന്റർപ്രൈസ്, അമേരിക്കൻ കയറ്റുമതി നിയന്ത്രണങ്ങളുള്ള ചിപ്പുകൾ വകമാറ്റിയിട്ടില്ലെന്നും, കരിമ്പട്ടികയിൽപ്പെടുത്തിയ നടപടി തികച്ചും തെറ്റാണെന്നും ആലിബാബ വക്താവ് വ്യക്തമാക്കി. കമ്പനിയുടെ അവകാശങ്ങളും സൽപ്പേരും സംരക്ഷിക്കാൻ സാധ്യമായ എല്ലാ നിയമവഴികളും തേടുമെന്നും ആലിബാബ അറിയിച്ചു. അമേരിക്കൻ ഉപരോധങ്ങളെ മറികടക്കാൻ സ്വന്തമായി വികസിപ്പിക്കുന്ന ചിപ്പ് സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ആലിബാബ.


അതേസമയം, മെഗാസ്പീഡ് കമ്പനിക്കെതിരായ അമേരിക്കൻ നീക്കങ്ങൾക്കിടയിലും വസ്തുതകൾ വ്യക്തമാക്കി സിംഗപ്പുർ പ്രധാനമന്ത്രി ലോറൻസ് വോങ് രംഗത്തെത്തി. വിവാദത്തിലുള്ള ചിപ്പുകൾ സിംഗപ്പുരിലേക്ക് കയറ്റി അയച്ചിട്ടില്ലെന്നും, അവ മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് കടത്തിവിടുക മാത്രമാണ് ചെയ്തതെന്നും ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ അദ്ദേഹം വ്യക്തമാക്കി. മെഗാസ്പീഡ് മുൻ സിഇഒ ആലീസ് ഹുവാങ്ങിനെതിരെ സിംഗപ്പുർ അന്വേഷണം നടത്തിയെങ്കിലും, പ്രോസിക്യൂഷൻ നടപടികൾക്ക് ആവശ്യമായ യാതൊരു തെളിവുകളും കണ്ടെത്താനായില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രാദേശിക നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ മാത്രമാണ് സിംഗപ്പുർ അന്വേഷണം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home