Deshabhimani

യമനില്‍ യുഎസ് ആക്രമണം 80 മരണം

airstrike yemen
avatar
അനസ് യാസിന്‍

Published on Apr 19, 2025, 10:27 PM | 1 min read

മനാമ : യമനിൽ ചെങ്കടൽ തുറമുഖ നഗരമായ ഹൊദയ്ദയിൽ എണ്ണ തുറമുഖത്തിനുനേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടു. 171 പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് തിരിച്ചടിയായി ചെങ്കടലിലും അറബിക്കടലിലുമുളള യുഎസ് വിമാനവാഹിനിക്കപ്പലുകളായ ട്രൂമാനും വിൻസണും ലക്ഷ്യമിട്ട് ഹുതി സായുധസംഘം മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. അമേരിക്കയുടെ ആളില്ലാ ചാരവിമാനമായ എംക്യു -9 വീഴ്‌ത്തിയെന്നും ഇസ്രയേൽ സൈനിക കേന്ദ്രം ആക്രമിച്ചതായും ഹൂതി വക്താവ് യഹിയ സരി അറിയിച്ചു. 2023 ഒക്ടോബറിൽ ഇസ്രയേൽ ഗാസ കടന്നാക്രമണം തുടങ്ങിയശേഷം ഹൂതികൾ വെടിവെച്ചിടുന്ന 19-ാമത്തെ എംക്യു 9 ആണിത്.


വ്യാഴം വൈകിട്ട്‌ റാസ് ഇസ തുറമുഖത്തിനുനേരെ അമേരിക്ക 14 വ്യോമാക്രമണങ്ങളാണ്‌ നടത്തിയതെന്ന്‌ അൽ മസീറ ടിവി റിപ്പോർട്ട് ചെയ്തു. ഇന്ധന ടാങ്കറുകൾ പൊട്ടിതെറിച്ചു. തുടർച്ചയായ ആക്രമണം വൻ സ്‌ഫോടനങ്ങൾക്കും തീപിടുത്തത്തിനും കാരണമായി. കൊല്ലപ്പെവർ സാധാരണക്കാരും തൊഴിലാളികളുമാണ്. രക്ഷാപ്രവർത്തനത്തിന് എത്തിയ അഞ്ച് പാരാമെഡിക്കൽ ജീവനക്കാരും കൊല്ലപ്പെട്ടു. ഇറാൻ പിന്തുണയുള്ള ഹൂതി ഭീകരർക്കുള്ള ഇന്ധനത്തിന്റെ ഉറവിടം ഇല്ലാതാക്കാനും അവരുടെ വരുമാനം ഇല്ലാതാക്കാനുമാണ്‌ ആക്രമണമെന്ന്‌ അമേരിക്കൻ സൈന്യം പറഞ്ഞു.


മാർച്ച് 15ന് യമനുനേരെ അമേരിക്ക ആക്രമണം ആരംഭിച്ചശേഷമുള്ള ഏറ്റവും മാരകമായ ആക്രമണമാണിത്‌. ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാന താവളത്തിനുസമീപത്തെ സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് വെള്ളിയാഴ്ച സബീൻ സ്‌ക്വയറിൽ നടന്ന വൻ റാലിയിൽ യഹിയ സാരി പറഞ്ഞു. നിരവധി ഇസ്രയേലി പ്രദേശങ്ങളിൽ സൈറണുകൾ മുഴങ്ങി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മിസൈൽ തടഞ്ഞതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Home