നെതന്യാഹുവും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു
ഇറാനിലെ അമേരിക്കന്‍ ആക്രമണം ; കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ; ഇറാനിൽ ഭരണമാറ്റം വേണമെന്ന് ട്രംപ്

അനസ് യാസിന്‍
Published on Jun 24, 2025, 03:31 AM | 3 min read
മനാമ
ഇറാനിലെ ആണവകേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതോടെ അമേരിക്കയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ. ഇറാനോട് അകന്നുകഴിഞ്ഞിരുന്ന സൗദി അറേബ്യയും യുഎഇയുമടക്കം അമേരിക്കൻ ഇടപെടലിനെ ശക്തമായി വിമർശിച്ചു. സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ട്, യുദ്ധത്തിന്റെ വിപത്തിൽനിന്ന് മേഖലയെ ഒഴിവാക്കാനുള്ള ശക്തമായ നയതന്ത്ര സമ്മർദമാണ് രാജ്യങ്ങൾ ചെലുത്തുന്നത്. ഇറാന്റെ പരമാധികാരം ലംഘിക്കപ്പെട്ടെന്ന നിലപാടാണ് സൗദി അടക്കം രാജ്യങ്ങൾക്കുള്ളത്. 2019–-20ൽ യുഎസ്–-ഇറാൻ സംഘർഷമുണ്ടായപ്പോൾ സ്വീകരിച്ച നിലപാടുകളിൽനിന്ന് വലിയ മാറ്റമാണിത്.
സാമ്പത്തിക വളർച്ചയ്ക്ക് പ്രാധാന്യം നൽകുന്ന ഗൾഫ് രാജ്യങ്ങൾ, ഇറാനുമായുള്ള സംഘർഷം ലഘൂകരിച്ച് ബന്ധം സാധാരണ നിലയിലാക്കാൻ ശ്രമിച്ചിരുന്നു. ചൈനയുടെ മധ്യസ്ഥതയിൽ സൗദി ഇറാനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു. പുതിയ സാഹചര്യത്തിൽ, തങ്ങളുടെ മണ്ണിൽനിന്ന് ഇറാനെതിരെ ആക്രമണങ്ങൾ ഉണ്ടാകരുതെന്ന് പല ഗൾഫ് രാജ്യങ്ങളും അമേരിക്കയെ അറിയിച്ചു. ഇസ്രയേൽ ഇറാനിൽ ആക്രമണം ആരംഭിച്ചശേഷം, ഭൂരിഭാഗം ഗൾഫ് സർക്കാരുകളും ട്രംപിനോട് അമേരിക്കൻ ബോംബറുകളെ യുദ്ധത്തിൽനിന്ന് മാറ്റിനിർത്താൻ ആവശ്യപ്പെട്ടിരുന്നു. ഇറാൻ ആണവായുധം നിർമിക്കുന്നത് തടയാൻ ചർച്ചകൾ നടത്താനും ആവശ്യപ്പെട്ടു.
മേഖലയിലെ അസ്ഥിരത വ്യാപാര രംഗത്ത് തിരിച്ചടിയുണ്ടാകുമെന്ന് ഗൾഫ് രാജ്യങ്ങൾ ആശങ്കപ്പെടുന്നു. എണ്ണ ഉൽപ്പാദനം, ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം എന്നിവയെല്ലാം തടസ്സപ്പെടുന്നത് തിരിച്ചടിയാകും. മാത്രമല്ല, ഇസ്രയേലിന്റെ ഗാസ കടന്നാക്രമണത്തിന് പുറമേ, മേഖലയിൽ മറ്റൊരു വലിയ യുദ്ധം ഒഴിവാക്കാന്‍ നയതന്ത്ര ഇടപെടൽ നടത്തണമെന്ന ഒറ്റക്കെട്ടായ ആവശ്യമാണ് അറബ് ലീഗ് ഉള്‍പ്പെടെയുള്ള വേദികളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉന്നയിക്കുന്നത്.
പത്തുദിവസം മുമ്പ് ഇസ്രയേൽ ഇറാനിൽ ആക്രമണം ആരംഭിച്ചതുമുതൽ ഒരേ സ്വരത്തിൽ ഇസ്രയേലിനെതിരെ സംസാരിക്കുകയാണ് അറബ് സർക്കാരുകൾ. വെള്ളിയാഴ്ച അടിയന്തര അറബ് ലീഗ് യോഗം ഇറാനിലേക്കുള്ള ഇസ്രയേൽ ആക്രമണത്തെ അപലപിച്ചു.
യുഎസ് ലക്ഷ്യം ഇറാനിലെ ഭരണ അട്ടിമറി
ഇറാനിൽ കടന്നുകയറി ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെ ഇറാനിലെ ഭരണമാറ്റമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ ഭരണമാറ്റം ഉണ്ടാകുന്നതിൽ തനിക്ക് അനുകൂല നിലപാടാണെന്ന് ട്രംപ് എക്‌സിൽ കുറിച്ചിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ആവശ്യം ഉന്നയിച്ചിരുന്നു.
‘ഭരണമാറ്റം എന്ന പദപ്രയോഗം ശരിയല്ല. എന്നാൽ നിലവിലെ ഭരണകൂടത്തിന് ഇറാനെ വീണ്ടും മഹത്തരമാക്കാൻ സാധിക്കുന്നില്ലെങ്കിൽ എന്ത് കൊണ്ട് ഭരണമാറ്റം ഉണ്ടായിക്കൂടാ?’ – എന്നാണ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇറാനെ സൈനികമായും സാമ്പത്തികമായും തകർത്ത്, നിലവിലുള്ള ഭരണാധികാരികളെ മാറ്റി പാവ സർക്കാരിനെ അവരോധിക്കാനാണ് നീക്കമെന്ന് ആക്ഷേപമുയർന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ട്രംപിന്റെ പ്രതികരണം. ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമനേയി എവിടെയാണ് ഉള്ളതെന്ന് അറിയാമെന്നും ഇപ്പോൾ വധിക്കുന്നില്ലെന്നും ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ട്രംപിന്റെ പരാമർശം വിവാദമായതോടെ ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ് രംഗത്തെത്തി. പ്രസിഡന്റ് ഒരു ചോദ്യമുന്നയിക്കുകമാത്രമാണ് ചെയ്‌തതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലവിറ്റ് പ്രതികരിച്ചു.
അതേസമയം, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ ആഗ്രഹിക്കുന്നതായി ദി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്‌തു. ഇസ്രയേൽ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന സന്ദേശം ഇറാന് കൈമാറാൻ അറബ് പങ്കാളികളോട് അമേരിക്ക ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
അപലപിക്കാതെ അന്താരാഷ്ട്ര ആണവോര്‍ജ ഏജൻസി
ഇറാനിലെ ആണവകേന്ദ്രങ്ങളിലേക്കുള്ള യുഎസ്, ഇസ്രയേൽ ആക്രമണങ്ങളെ അപലപിക്കാതെ അന്താരാഷ്ട്ര ആണവോര്‍ജ ഏജൻസി (ഐഎഇഎ). യുഎസ് ആക്രമണ പശ്ചാത്തലത്തിൽ ചേര്‍ന്ന ഐഎഇഎ അടിയന്തരയോഗത്തിൽ ആണവകേന്ദ്രങ്ങളിലേക്കുള്ള ആക്രമണം നടക്കാൻ പാടില്ലാത്തതാണെന്ന് മാത്രമാണ് ഏജൻസി തലവൻ റാഫേൽ ഗ്രോസി പറഞ്ഞത്. ഇറാനും അമേരിക്കയും ചര്‍ച്ചകളിലേക്ക് മടങ്ങണം.
ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് സാരമായ നാശം സംഭവിച്ചു. ഫോര്‍ദൊയിലെ കേന്ദ്രത്തിൽ ഗര്‍ത്തങ്ങളുണ്ടായത് വ്യക്തമാണ്. എന്നാൽ ഭൂഗർഭ കേന്ദ്രത്തിലെ നാശനഷ്ടങ്ങൾ പൂർണമായി വിലയിരുത്താൻ കഴിഞ്ഞിട്ടില്ല.നതാൻസിലെയും ഇസ്‍ഫഹാൻ ആണവകേന്ദ്രങ്ങള്‍ക്കും സാരമായി നാശനഷ്‌ടമുണ്ടായി. അണുവികരണം കൂടിയതായി റിപ്പോര്‍ട്ടില്ല.
ആണവകേന്ദ്രങ്ങളിലെ നഷ്‌ടം പരിശോധിക്കാൻ ഐഇഇഎ ഇൻസ്‍പെക്‌ടര്‍മാരെ ഇറാൻ അനുവദിക്കണം. ഇറാനിലേക്ക് പോകാൻ തയ്യാറാണെന്നും ഗ്രോസി പറഞ്ഞു.
വേണ്ടത് അടിയന്തര വെടിനിർത്തൽ: റഷ്യ, ചൈന
ഇറാനിൽ കടന്നുകയറിയുള്ള അമേരിക്കയുടെ ആക്രമണത്തെ യുഎൻ രക്ഷാ കൗൺസിലിൽ രൂക്ഷമായി വിമർശിച്ച് ചൈനയും റഷ്യയും പാകിസ്ഥാനും ഉൾപ്പടെയുള്ള രാജ്യങ്ങൾ. അമേരിക്കയുടേത് നിരുത്തരവാദപരമായ നടപടിയാണെന്നും മേഖലയിൽ അടിയന്തര വെടിനിർത്തലാണ് വേണ്ടതെന്നും ചൈനയുടെയും റഷ്യയുടെയും പ്രതിനിധികൾ ആവശ്യപ്പെട്ടു.
ആണവ നിർവ്യാപന ഉടമ്പടിയിൽ ഒപ്പുവച്ച അന്താരാഷ്‌ട്ര ആണവോർജ ഏജൻസിയുടെ നിരീക്ഷണത്തിലുള്ള ഒരു രാജ്യത്തിലെ ആണവകേന്ദ്രങ്ങൾക്കുനേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ചൈനയുടെ പ്രതിനിധി ഫു കോങ് പറഞ്ഞു.
അന്താരാഷ്‌ട്ര നിയമങ്ങളും യുഎൻ ചട്ടങ്ങളും ലംഘിച്ചാണ് ഇസ്രയേലും അമേരിക്കയും ഇറാനെ ആക്രമിച്ചത്. സംഘർഷം മൂർച്ഛിപ്പിക്കുന്നതും എരിതീയിൽ എണ്ണയൊഴിക്കുന്നതുമായ സമീപനം ആരും കൈക്കൊള്ളരുത്. മധ്യപൂർവദേശത്ത് സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ചൈന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണങ്ങളെ അമേരിക്കയും ഇസ്രയേലും ന്യായീകരിച്ചു. ഇറാൻ പശ്ചിമേഷ്യയിൽ പതിറ്റാണ്ടുകളായി നാശമുണ്ടാക്കുന്നുവെന്ന് യുഎസ് പ്രതിനിധി അഭിപ്രായപ്പെട്ടു. അമേരിക്കയുടെ സൈനിക നടപടി ഇറാന്റെ ഭീഷണി തടയാനായിരുന്നുവെന്നും യുഎസ് പ്രതിനിധി അവകാശപ്പെട്ടു.









0 comments