Deshabhimani

യെമനിലെ യുഎസ് വ്യോമാക്രമണം: മരണസംഖ്യ 70 കവിഞ്ഞു

airstrike yemen

വീഡിയോ സ്ക്രീന്‍ഷോട്ട്

വെബ് ഡെസ്ക്

Published on Apr 19, 2025, 12:31 PM | 1 min read

സന : യെമനിലെ ഓയിൽ ടെർമിനലിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ മരണസംഖ്യ 70 കവിഞ്ഞു. 74 പേർ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൂതി കേന്ദ്രങ്ങൾക്കു നേരെയായിരുന്നു ആക്രമണം. ചെങ്കടൽ തീരത്ത് ഹൂതി നിയന്ത്രണത്തിലുള്ള റാസ് ഇസ ഓയിൽ ടെർമിനലിനു നേരെയായിരുന്നു അമേരിക്കയുടെ വ്യോമാക്രമണം. 171 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.


റാസ് ഇസ തകർത്തതായും ഹൂതികളുടെ ഇന്ധന വ്യാപാരം തടയുകയാണ് ലക്ഷ്യമെന്നും യുഎസ് മിലിട്ടറി പ്രസ്താവനയിറക്കി. അമേരിക്ക നടത്തിയത് യുദ്ധക്കുറ്റമാണെന്നും നിരവധി സാധാരണ പൗരൻമാരെയാണ് യുഎസ് കൊലപ്പെടുത്തിയതെന്നും വടക്കു പടിഞ്ഞാറൻ യെമനിലെ ഹൂതി ​ഗവൺമെന്റ് പറഞ്ഞു.


ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് ചെങ്കടലിൽ ഇസ്രയേൽ കപ്പലുകൾക്കുനേരെ ഹൂതികൾ ആക്രമണങ്ങൾക്ക് നടത്തിയെന്ന പേരിലാണ് കഴിഞ്ഞ മാസം യെമനിൽ ബോംബാക്രമണം ശക്തമാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടത്. ഇതിനു ശേഷം നടന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിനു ശേഷം യെമനിൽനിന്നുള്ള മാസൈൽ തടുത്തതായി ഇസ്രയേൽ സൈന്യം പറഞ്ഞു.


പതിനാലോളം ആക്രമണങ്ങളാണ് ഇന്നലെ റാസ് ഇസയിലുണ്ടായതെന്ന് യെമൻ മാധ്യമങ്ങൾ വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സ്ഥലത്ത് ഇപ്പോഴും പരിശോധന തുടരുകയാണെന്ന് ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. മരണസംഖ്യ 80 ആയെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home