ഇറാനിലെ ബുഷെഹർ ആണവനിലയത്തിന് സമീപം യുഎസ് വ്യോമാക്രമണം

ബുഷെഹർ ആണവനിലയം |Photo: Mehr News
തെഹ്റാൻ : ഇറാന്റെ ഏക സിവിലിയൻ ആണവനിലയമായ ബുഷെഹർ ആണവനിലയത്തിന്റെ പരിസരപ്രദേശങ്ങൾ ലക്ഷ്യമാക്കി യുഎസ് വ്യോമാക്രമണം. ഇന്നായിരുന്നു സംഭവം. ആണവനിലയത്തിന്റെ പരിസര പ്രദേശങ്ങൾക്ക് പുറമെ, ചോഘാഡക് നഗരത്തിലെ സൈനിക താവളത്തിന് നേരെയും പ്രവിശ്യയുടെ തെക്കൻ മേഖലയിലെ ഫിഷിങ് പിയറിന് (മത്സ്യബന്ധന തുറമുഖം) നേരെയും യുഎസ് ആക്രമണമുണ്ടായതായി റിപ്പോർട്. ആക്രമണങ്ങളിൽ ഇതുവരെയും മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ആണവനിലയത്തിൽ നിന്നും 20 കിലോമീറ്ററിലധികം മാത്രം അകലെയുള്ള ചോഘാഡക് നഗരത്തിൽ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക നിവാസികൾ സാക്ഷ്യപ്പെടുത്തി. നിലവിലുള്ള മിഡിൽ ഈസ്റ്റ് യുദ്ധത്തിനിടയിൽ ഇതിനുമുമ്പും ബുഷെഹർ ആണവനിലയത്തിന് സമീപം ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന നിരീക്ഷണ സംഘടനയായ എസിഎൽഇഡി യുടെ റിപ്പോർട്ട് പ്രകാരം യുദ്ധത്തിനിടയിൽ നാലാം തവണയാണ് ആണവനിലയത്തിന് സമീപം ആക്രമണമുണ്ടാകുന്നത്.
ആണവനിലയത്തിന് സമീപമുള്ള ആക്രമണങ്ങൾ ആണവ സുരക്ഷയ്ക്ക് വൻ ഭീഷണിയാണെന്നും ഇത് ഉടനടി അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഐഎഇഎ കഴിഞ്ഞ ഏപ്രിലിൽ മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയുടെ സഹായത്തോടെ നിർമിച്ച ബൂഷെഹർ പ്ലാന്റിൽ നിലവിൽ ഒരു റിയാക്ടറാണ് പ്രവർത്തിക്കുന്നത്. മറ്റ് രണ്ട് റിയാക്ടറുകളുടെ നിർമാണം പുരോഗമിക്കുകയാണ്. യുദ്ധ സാഹചര്യം കണക്കിലെടുത്ത് റഷ്യ തങ്ങളുടെ ഉദ്യോഗസ്ഥരെ ഇവിടെ നിന്നും നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. ആക്രമണത്തെ തുടർന്ന് മേഖലയിൽ വലിയ രീതിയിലുള്ള യുദ്ധഭീതിയും ആശങ്കയും നിലനിൽക്കുകയാണ്.










0 comments