ad
Deshabhimani

​ഗൾഫ് മേഖലയിൽ ആശങ്ക ഉയരുന്നു; ഊർജ പ്രതിസന്ധിയും വിലക്കയറ്റവും വെല്ലുവിളി

GULF IRAN
വെബ് ഡെസ്ക്

Published on Mar 17, 2026, 12:54 PM | 2 min read

പശ്ചിമേഷ്യയിൽ ഫെബ്രുവരി 28ന്‌ തുടങ്ങിയ ആക്രമണ–പ്രത്യാക്രമണങ്ങൾ മൂന്നാംവാരത്തിൽ എത്തിനിൽക്കെ ലോകം കടുത്ത ആശങ്കയിലേക്കും അനിശ്ചിതത്വത്തിലേക്കും നീങ്ങുകയാണ്‌. യുദ്ധം തുടങ്ങിവച്ച അമേരിക്കയുടെയും ഇസ്രയേലിന്റെയും അതിമോഹത്തിനാണ്‌ നിലവിൽ തിരിച്ചടി നേരിടുന്നത്‌. പരമേന്നത നേതാവായ അയത്തൊള്ള ഖമനേയിയെ കൊലപ്പെടുത്തിയാൽ ഇറാൻ കീഴടങ്ങുമെന്ന അമേരിക്കയുടേയും ഇസ്രയേലിന്റെയും ലോക രാജ്യങ്ങളുടെ തന്നെ ചിന്തകൾക്കാണ് തിരിച്ചടിയേറ്റത്. ഇതോടെ യുദ്ധം കൂടുതൽ ഭീതിതമാവുകയാണുണ്ടായത്.


ഇറാൻ കൂടുതൽ മാരക പ്രഹരശേഷിയുള്ള ശക്തിയായ മാറി. തികഞ്ഞ നയതന്ത്ര നീക്കം തന്നെയായിരുന്നു ഇറാന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായത്. യുഎസും ഇസ്രയേലും സത്യത്തിൽ പ്രതീക്ഷിക്കാതിരുന്നത്. എന്നാൽ നിലവിൽ യുദ്ധം കൂടുതൽ സങ്കീർ‌ണതയിലേക്ക് പോയതോടെ ഊർജ മേഖലയിലും അതുവഴി വ്യാപാര രം​ഗത്തുമുണ്ടായിരിക്കുന്ന പ്രതിസന്ധി കണക്കുകൂട്ടലുകൾക്കും അപ്പുറമായി മാറാൻ‌ അധിക സമയം വേണ്ടി വരുന്നില്ല. യുദ്ധം നീളുന്നത്‌ ഗൾഫ്‌ രാജ്യങ്ങളിലും ദക്ഷിണേഷ്യയിലും ബഹുമുഖ പ്രതിസന്ധികൾക്ക്‌ കാരണമായിട്ടുണ്ട്‌.


പ്രശ്നങ്ങൾ ബാധിക്കില്ലെന്ന് കരുതി സമാധാനത്തോടെ ജീവിച്ചിരുന്നവർക്ക് പോലും ഭീഷണിയും മിസെെൽ അക്രമണവും നേരിടേണ്ടി വന്നു.. അതായത് ​ഗൾഫ് അശാന്തിയുടെ നടുക്കടലിലേക്ക് നീങ്ങുന്നു. വിവിധ രാജ്യങ്ങളിൽ നിന്നെത്തി ​ജിസിസി രാജ്യങ്ങളിൽ തൊഴിലെടുക്കുന്നവരെ തിരിച്ചയക്കുക തുടങ്ങിയ നീക്കങ്ങൾക്ക് തുടക്കമിട്ടാൽ കടുത്ത ഊർജ പ്രതിസന്ധി നേരിടുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരിഹരിക്കാൻ ബുദ്ധിമുട്ടേറിയ പ്രതിസന്ധിയായി മാറുമത്. യുദ്ധത്തെ തുടർന്ന്‌ അസംസ്‌കൃത എണ്ണവില വീപ്പയ്‌ക്ക്‌ 100 ഡോളറിൽ കൂടുതലായത്‌ ആഗോളസമ്പത് ഘടനയിൽ വിനാശകരമായ ഫലങ്ങൾ സൃഷ്ടിക്കും. ഇക്കൊല്ലം എണ്ണവില 58–68 ഡോളർ പരിധിയിൽ തുടരുമെന്നായിരുന്നു നിഗമനങ്ങൾ. അസംസ്‌കൃത എണ്ണവില ഒരുശതമാനം ഉയർന്നാൽ പെട്രോൾവില അരശതമാനം വർധിക്കുമെന്നാണ്‌ അനുമാനക്കണക്ക്‌. നിലവിലെ സ്ഥിതിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 150 ഡോളർവരെയായി വർധിക്കാൻ സാധ്യത ഏറെയാണ്‌.


ഇങ്ങനെ സംഭവിച്ചാൽ സർവമേഖലയിലും വിലക്കയറ്റം നിയന്ത്രണാതീതമാകുമെന്ന്‌ ഉറപ്പ്‌. അതായത്‌ യുദ്ധത്തിന്റെ ആദ്യത്തെ പ്രത്യാഘാതം ആഗോള വിലക്കയറ്റത്തിന്റെ രൂപത്തിലാകും. ഇന്ധനക്ഷാമംപോലുള്ള പ്രശ്‌നങ്ങൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇപ്പോൾത്തന്നെ നേരിടുന്നുണ്ട്‌. അതേ സമയം ​ വിവിധ ​ഗൾഫ് രാജ്യങ്ങളിൽ സ്ഫോടനങ്ങൾ നിരന്തരമായിരിക്കുന്നു. കുവെെറ്റ്, ദുബായ് , ദോഹ, മനാമ എന്നീ പ്രദേശങ്ങൾ യുദ്ധമഖലയിലായിക്കഴിഞ്ഞു.


​ഗൾഫ് പ്രശ്നം സാധാരണ നിലയിലുള്ള പോലെയാണെന്നാണ് നിരീക്ഷകർ ഇപ്പോഴും കരുതുന്നത്. എന്നാൽ കാര്യങ്ങൾ അൽപ്പം വ്യത്യസ്തമാണ് . എയർ കണ്ടീഷനിം​ഗും , ശുദ്ധമായ വെള്ളവും ഇല്ലാതായാൽ ​​ഗൾഫിലെ അതി​കഠിനമായ ചൂടിൽ , രാജ്യത്തിന്റെ ആന്തരിക ഘടനയുടെ തന്നെ നിലനിൽപ്പിന് വെല്ലുവിളി നേരിടുന്ന അവസ്ഥയായി അത് മാറുമെന്ന് വിദ​ഗ്ധർ വ്യക്തമാക്കുന്നു


കായികമായ അസ്വസ്ഥകൾ കൊണ്ട് അവസാനിക്കുന്നതായിരിക്കില്ല ​ഗൾഫ് മേഖലയെ ഇനിയും യുദ്ധം വിടാതെ പിന്തുടർന്നാൽ സംഭവിക്കുക. കാലങ്ങളായ് മറ്റ് രാജ്യങ്ങളുടെ വലിയ വാണിജ്യ വ്യാപാര കേന്ദ്രമായ ​ഗൾഫ് എന്നും സ്വസ്ഥമായി നിലനിൽക്കുന്ന പ്രദേശമെന്ന ഖ്യാതി നേടിയിരുന്നു. നിരനന്തര മിസെെൽ ആക്രമണവും വിശാലമായ ​ഗൾഫിന്റെ ആകാശം കടുത്ത പുകപടലമായി മാറുകയും ചെയ്യുന്നതോടെ ഇൻ‌ഷുറൻസ് പ്രീമിയം വർധന, ടൂറിസം വഴിമാറിപ്പോകൽ, നിക്ഷേപകർ ഭീതിയിലാകുക , രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംബന്ധിച്ച് പ്രാദേശിക തലത്തിൽ രാഷ്ടീയ ചർച്ചയും ചോദ്യവുമുണ്ടാവുക എന്നിങ്ങനെ പ്രശ്നങ്ങളുടെ വലിയ കുത്തൊഴുക്ക് തന്നെയാണ് ​ഗൾഫ് മേഖലയെ ബാധിക്കാൻ പോകുന്നത്. ഈ തകർച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഏതെല്ലാം തലത്തിൽ ബാധിക്കുമെന്നുള്ളതും കണ്ടറിയേണ്ടതിണ്ട്.


എണ്ണശേഖരങ്ങൾ ലക്ഷ്യമിടുകയെന്നതും ഇരുപക്ഷവും യുദ്ധതന്ത്രമായി സ്വീകരിച്ചിട്ടുണ്ട്‌. ഇ‍ൗ സ്ഥിതിയിൽ മറ്റ്‌ ശക്തികളും യുദ്ധത്തിൽ നേരിട്ടും അല്ലാതെയും ഇടപെട്ടേക്കാം. അതായത്‌, ഇത്‌ കേവലം പ്രാദേശികയുദ്ധമല്ല, അന്താരാഷ്‌ട്ര ക്രമം നേരിടുന്ന കനത്ത വെല്ലുവിളിയുടെ പ്രതിഫലനമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home