'സൈനിക താവളങ്ങളും വിമാനവാഹിനിക്കപ്പലുകളും ഉടനടി തകർക്കും'; യുഎസിന് ഒരു പരിധിയുമില്ലാത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഡോണാൾഡ് ട്രംപ്, മസൂദ് പെസെഷ്കിയാൻ
തെഹ്‌റാൻ: രാജ്യത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ അമേരിക്കയുടെ സൈനിക താവളങ്ങൾക്കും വിമാനവാഹിനിക്കപ്പലുകൾക്കും നേരെ ഉടനടി പ്രത്യാക്രമണം നടത്തുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ആണവ കരാറിൽ ഏർപ്പെടാൻ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവർത്തിക്കുകയും, ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിനെ യൂറോപ്യൻ യൂണിയൻ 'ഭീകര' സംഘടനയായി കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് പ്രതികരണം.
യുഎസ് വിമാനവാഹിനിക്കപ്പലുകൾക്ക് ഗുരുതരമായ സുരക്ഷാ പിഴവുകളുണ്ടെന്നും ഗൾഫ് മേഖലയിലെ നിരവധി യുഎസ് സൈനിക ആസ്തികൾ തങ്ങളുടെ മിസൈലുകളുടെ പരിധിയിലാണെന്നും ഇറാന്റെ സൈനിക വക്താവ് പറഞ്ഞു. മേഖലയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പ്രതിസന്ധി ഒഴിവാക്കാൻ ആണവ ചർച്ചകൾ പുനരാരംഭിക്കണമെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
അതേസമയം, മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇറാന്റെ പ്രസിഡന്റ് പെസെഷ്കിയാനെ അറിയിച്ചു. ഫോൺ സംഭാഷണത്തിലൂടെ ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.










0 comments