വെസ്റ്റ് ബാങ്കിൽ പലസ്‌തീൻ ജനതയെ പൊറുതിമുട്ടിച്ച് ഇസ്രയേലി കുടിയേറ്റക്കാർ

ആക്രമണത്തിനിടെ പലസ്തീനികൾക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ഇസ്രയേൽ സൈനികൻ
വെസ്റ്റ് ബാങ്ക് : അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെയുള്ള ആക്രമണം ശക്തമാക്കുമ്പോൾ ജീവിതം ഇരുട്ടിലാകുന്നത് പലസ്തീൻ ജനതയുടേതുകൂടിയാണ്. ഇൗ യുദ്ധാന്തരീക്ഷം പലസ്തീനിലെ ഗ്രാമപ്രദേശങ്ങളേയും ബാധിക്കുന്നുണ്ട് എന്നതാണ് സത്യാവസ്ഥ. ഇറാനെതിരെയുള്ള ആക്രമണം ബലപ്പെടുത്തുന്നതിനോടാപ്പം അധിനിവേശ വെസ്റ്റ് ബാങ്കിൽ പലസ്തീൻ ജനതയ്ക്ക് നേരെ ഇസ്രയേലി കുടിയേറ്റക്കാരുടെ അതിക്രമങ്ങൾ വർധിച്ചു വരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ആകാശത്ത് യുദ്ധവിമാനങ്ങളും മിസൈലുകളും തലങ്ങും വിലങ്ങും പറന്നുയരുമ്പോഴും ആ ഭീഷണികളേക്കാൾ വെസ്റ്റ് ബാങ്കിലെ ഗ്രാമീണർ ഭയക്കുന്നത്, ഇല്ലാതാക്കാനും കൊല്ലാനും തയ്യാറായി ആയുധങ്ങളുമായി എത്തുന്ന കുടിയേറ്റക്കാരെയാണ്. ഇസ്രയേൽ സൈന്യം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കുടിയേറ്റക്കാർക്ക് അധിനിവേശ വെസ്റ്റ് ബാങ്കിൽ പലസ്തീൻ ജനതയ്ക്ക് നേരെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമായി മാറിക്കഴിഞ്ഞു.
വെസ്റ്റ് ബാങ്കിലെ പലസ്തീൻ ഗ്രാമങ്ങളുടെ പ്രവേശന കവാടങ്ങൾ ഇസ്രയേൽ സൈന്യം ഗേറ്റുകൾ ഉപയോഗിച്ച് അടച്ചുപൂട്ടിയതോടെ മരുന്നുകൾക്കോ ഭക്ഷണത്തിനോ പോലും പുറത്തുപോകാൻ കഴിയാത്ത അവസ്ഥയിലാണ് ആ ഗ്രാമങ്ങളിലെ ജനങ്ങൾ. ഈ സാഹചര്യം മുതലെടുത്ത് കുടിയേറ്റക്കാർ ഗ്രാമങ്ങളിൽ അതിക്രമിച്ചു കയറുന്നതാണ് ഏറെ ഭീതിജനകം. അവർ അതിക്രമിച്ച് കയറുകയും വീടുകൾ തകർക്കുകയും സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ മർദ്ദിക്കുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയായി മാറുകയാണ്. കുടിയേറ്റക്കാരുടെ ഇത്തരം ആക്രമണങ്ങൾക്ക് ഇസ്രയേൽ സൈന്യം സംരക്ഷണം നൽകുന്നുവെന്നാണ് ഗ്രാമവാസികൾ പരാതിപ്പെടുന്നത്.
കഴിഞ്ഞ ദിവസം പ്രായമായവർക്കും കുട്ടികൾക്കും നേരെ ഇസ്രയേൽ കുടിയേറ്റക്കാർ ആക്രമണമഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ പലസ്തീൻ പുരുഷന്മാർക്ക് മാരകമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇവരുടെ ആക്രമണങ്ങളെ തടയാനോ പലസ്തീനുകാരെ രക്ഷപ്പെടുത്താനോ ഇസ്രയേൽ സൈന്യം തയ്യാറായില്ലെന്ന് ദൃക്സാക്ഷികളും സാമൂഹിക പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
ഇനിയും അവിടെ തുടർന്നാൽ ജീവൻ നഷ്ടപ്പെടുമോ എന്ന ഭീതി കാരണം പല കുടുംബങ്ങളും തങ്ങളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള വീടുകൾ ഉപേക്ഷിച്ച് നാടുവിട്ട് പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ആക്രമികൾ ഗ്രാമത്തിൽ വളര്‍ത്തുന്ന ആടുകളെ മോഷ്ടിച്ചുകൊണ്ട് പോയും കൃഷികൾ നശിപ്പിച്ചും സാധാരണക്കാരെ ബുദ്ധിമുട്ടിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. യുദ്ധത്തിന്റെ മറവിൽ വെസ്റ്റ് ബാങ്കിനെ പൂർണ്ണമായും വംശീയമായി ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത് എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.










0 comments