ഇസ്രയേൽ അധിനിവേശം വെസ്റ്റ്ബാങ്കിൽ വൻദുരന്തം വിതയ്ക്കുന്നു: യുഎൻ

ന്യൂയോർക്ക് : പലസ്തീൻ മണ്ണിൽ ജനവാസകേന്ദ്രങ്ങൾ തകർത്ത് ഇസ്രയേൽ നടത്തുന്ന അധിനിവേശം വെസ്റ്റ്ബാങ്കിൽ വൻദുരന്തം വിതയ്ക്കുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. 1967-ലെ യുദ്ധത്തിനു ശേഷം വെസ്റ്റ്ബാങ്ക് നേരിടുന്ന ഏറ്റവും ഭീതിദമായ കുടിയൊഴിപ്പിക്കൽ പ്രതിസന്ധിയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.
അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി ഇസ്രയേൽ നടത്തുന്ന അനധികൃത നിർമാണവും ജൂതകുടിയേറ്റക്കാരുടെ അക്രമങ്ങളുമാണ് പലസ്‌തീൻകാരെ സ്വന്തം മണ്ണിൽ അഭയാർത്ഥികളാക്കുന്നത്.
യുഎൻ രക്ഷാസമിതിയിൽ സമർപ്പിച്ച റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയിൽ ഭൂരിഭാഗം അംഗരാജ്യങ്ങളും ഇസ്രയേലിന്റെ ക്രൂരതയ്ക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചത്. അധിനിവേശ പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന കമ്പനികൾക്ക് കടുത്ത നിയമ-–സാമ്പത്തിക ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്ന് ഫ്രാൻസ് മുന്നറിയിപ്പ് നൽകി. വെസ്റ്റ്ബാങ്കിലെ വംശഹത്യയും കുടിയൊഴിപ്പിക്കലും ചർച്ചചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിൽ ഇസ്രയേലിന്റെ ക്രൂരതകളെ മറച്ചുവയ്ക്കാൻ അമേരിക്ക പതിവുപോലെ ശ്രമിച്ചു. ഹമാസിനെ നിരായുധരാക്കാതെ സമാധാനം സാധ്യമല്ലെന്ന വാദമുയർത്തി ഇസ്രയേലിന്റെ അധിനിവേശത്തിന് കുടപിടിക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്.
വെസ്റ്റ്ബാങ്കിലെ പലസ്‌തീൻകാരുടെ ഭൂമി കൈയേറി ആയിരക്കണക്കിന് ജൂതപാർപ്പിടങ്ങളാണ് ഇസ്രയേൽ നിർമിക്കുന്നത്. സൈന്യത്തിന്റെ സംരക്ഷണത്തിൽ ഗുണ്ടകൾ പലസ്തീൻകാരുടെ കൃഷിയിടങ്ങളും വീടുകളും തകർക്കുകയും ആട്ടിയോടിക്കുകയും ചെയ്യുന്നു.










0 comments