യുഎൻ പഠന രേഖ
ലോകത്ത് ഏറ്റവുമധികം കുട്ടികൾ കൊല്ലപ്പെടുന്നത് സൈനിക നടപടികളിൽ, മരണങ്ങളിൽ 34 ശതമാനം വര്‍ധന

യുണൈറ്റഡ് നേഷൻസ്: ലോകമെമ്പാടുമുള്ള യുദ്ധ-സംഘർഷ മേഖലകളിൽ കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളും കൊലകളും മുൻവർഷങ്ങളെ അപേക്ഷിച്ച് സർവകാല റെക്കോർഡിലെന്ന് ഐക്യരാഷ്ട്രസഭ. യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ചരിത്രത്തിലെ തന്നെ ഞെട്ടിക്കുന്ന ക്രൂരതകളുടെ കണക്കുകൾ. മനുഷ്യത്വത്തിന്റെ കണികകൾ പോലുമില്ലാതെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതിലും അപായപ്പെടുത്തുന്നതിലും മുന്നിൽ രാജ്യങ്ങളുടെ ഔദ്യോഗിക സൈനിക വിഭാഗങ്ങളാണ്. ഇത്തരം സേനകൾ ക്രൂരതകളിൽ പരസ്പരം മത്സരക്കുന്ന സാഹചര്യമാണ് ലോകത്ത് നിലനിൽക്കുന്നത്.
യു എൻ ഈ വിഷയം നിരീക്ഷിക്കാൻ തുടങ്ങിയ ശേഷമുള്ള കഴിഞ്ഞ 30 വർഷത്തെ കണക്കുകളാണ് പഠന വിധേയമാക്കിയത്. സായുധ വിമത ഗ്രൂപ്പുകളെയല്ല, മറിച്ച് വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക സർക്കാർ സൈന്യങ്ങളെയാണ് (Government Forces) ഭൂരിഭാഗം അതിക്രമങ്ങളുടെയും ഉത്തരവാദികളായി യു എൻ കണ്ടെത്തിയിട്ടുള്ളത്. മുൻകാലങ്ങളിൽ ഇത്തരം ക്രൂരകൃത്യങ്ങളിൽ മുഖ്യപങ്കും സായുധ വിമത ഗ്രൂപ്പുകളുടെതായിരുന്നു. ഇത്തരം സായുധ അരാജക ഗ്രൂപ്പുകളുടെയും സംഘങ്ങളുടെയും മനുഷ്യത്വ വികാരം പോലും ഇപ്പോൾ സൈന്യങ്ങളെ അലട്ടുന്നില്ല.
കഴിഞ്ഞ നാലുവര്‍ഷം
മത്സരത്തോടെ കൊന്നൊടുക്കൽ
കഴിഞ്ഞ നാലുവർഷമായി സംഘർഷ ബാധിത പ്രദേശങ്ങളിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടർച്ചയായി ഉയരുന്ന സാഹചര്യമാണ്. ഓരോ വര്‍ഷവും കുട്ടികളെ കൊന്നൊടുക്കാൻ സൈന്യങ്ങൾ മത്സരിക്കുന്ന സാഹചര്യം. ക്രൂരതകളിൽ മുന്നിൽ പരിഷ്കൃതം എന്നവകാശപ്പെടുന്ന രാജ്യങ്ങളും ഭരണ മേധാവികളുമാണ്.
യു എൻ സ്ഥിരീകരിച്ച അതിക്രമങ്ങളുടെ എണ്ണം 38,558 ആണ്. കൊലപാതകം, മാരകമായി പരിക്കേൽപ്പിക്കൽ, ബലാത്സംഗം ഉൾപ്പെടെ ലൈംഗിക അതിക്രമങ്ങൾ, തട്ടിക്കൊണ്ടുപോകൽ, സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങൾ, മാനുഷിക സഹായങ്ങൾ നിഷേധിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കുട്ടികളെ കൊലപ്പെടുത്തുന്നതിൽ
34 ശതമാനം വര്‍ധന
യു എൻ ശേഖരിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം ആകെ 24,174 കുട്ടികളെ ഈ സംഘർഷങ്ങൾ നേരിട്ട് ബാധിച്ചു. ഇതിൽ മൂന്നിലൊന്ന് പെൺകുട്ടികളാണ്. ഇവരിൽ തന്നെ ആയിരക്കണക്കിന് കുട്ടികൾ ഒരേസമയം ഒന്നിലധികം നിഷ്ഠൂരമായ അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് കുട്ടികളെ കൊലപ്പെടുത്തുന്നതിൽ 34% വർധനവാണുണ്ടായത്. വിവിധ രാജ്യങ്ങളിലെ സർക്കാർ സൈന്യങ്ങൾ മാത്രം 6,266 കുട്ടികളെ കൊലപ്പെടുത്തുകയും 7,958 കുട്ടികൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു.
കുറ്റവാളികളുടെ യു എൻ കരിമ്പട്ടിക
മുന്നിൽ ഇസ്രയേൽ
ഐക്യരാഷ്ട്രസഭ പുറത്തുവിട്ട പുതിയ കരിമ്പട്ടികയിൽ എട്ടു രാജ്യങ്ങളിലെ ഔദ്യോഗിക സർക്കാർ സൈന്യങ്ങളും, 16 രാജ്യങ്ങളിലോ പ്രദേശങ്ങളിലോ ആയി പ്രവർത്തിക്കുന്ന 67 സായുധ ഗ്രൂപ്പുകളും ഉൾപ്പെടുന്നു. കുഞ്ഞുങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ലോകത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടിക യുഎൻ വകതിരിച്ച് വ്യക്തമാക്കുന്നു. ഇതിൽ മുന്നിൽ ഇസ്രയേലാണ്. അവരുടെ സൈന്യവും സുരക്ഷാ സേനകളും ചേര്‍ന്ന് 12,445 കുട്ടികളെയാണ് കൊന്നൊടുക്കിയത്. 4114 കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ കോംഗോയാണ് തൊട്ടുപിന്നിൽ. വംശീയ കലാപങ്ങളും വേട്ടയും തുടരുന്ന മ്യാൻമാറിലും സൊമാലിയയിലും നൈജീരിയയിലുമായി 2000 കുഞ്ഞുങ്ങൾ വീതവും സൈനിക നേതൃത്വത്തിലുള്ള കശാപ്പു സംഘങ്ങൾക്ക് ഇരായായി.
സുഡാൻ, ദക്ഷിണ സുഡാൻ, സിറിയ എന്നീ രാജ്യങ്ങളിലെ ഔദ്യോഗിക സൈന്യങ്ങളും, യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യൻ സായുധ സേനയും യു എൻ കരിമ്പട്ടികയിലുണ്ട്. ഇറാനിൽ ഒറ്റ ആക്രമണത്തിൽ 167 വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയ അമേരിക്കൻ സൈന്യം ലിസ്റ്റിൽ ഇല്ല. അതുവരെയുള്ള കണക്കുകളാണ് പുറത്തു വിട്ടിട്ടുള്ളത്.

ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും
ഹൃദയ ശൂന്യമായ കൊലകൾ
പലസ്തീൻ പ്രദേശങ്ങളിലും ഇസ്രായേലിലും കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ വ്യാപ്തിയിൽ താൻ അതീവ ആശങ്കാകുലനാണെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. ഗാസയിൽ മാത്രം ഇസ്രായേൽ സൈന്യം 2,668 പലസ്തീൻ കുട്ടികളെ കൊലപ്പെടുത്തിയതായി യു എൻ സ്ഥിരീകരിച്ചു. കൂടാതെ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി 55 പലസ്തീൻ കുട്ടികളും കൊല്ലപ്പെട്ടു.
എന്നാൽ ഇവ ഭാഗികമായ കണക്കുകൾ മാത്രമാണ്. ഇതുവരെ ഔദ്യോഗിക സ്വീകരണം നൽകവയിൽ ഗാസയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 4,588 കുട്ടികളുടെ മരണങ്ങളും, ഇസ്രായേലിൽ 346 കുട്ടികൾക്ക് പരിക്കേറ്റ സംഭവങ്ങളും ഉൾപ്പെട്ടിട്ടില്ല. ഇവ യു എൻ ലിസ്റ്റ് ചെയ്ത് പരിശോധിച്ച് വരികായാണെന്ന് ഗുട്ടെറെസ് വ്യക്തമാക്കി.
സൈന്യത്തിന് പുറമെ
കുടിയേറ്റക്കാരും
പലസ്തീൻ കുട്ടികൾക്ക് നേരെ ഇസ്രായേൽ കുടിയേറ്റക്കാർ നടത്തുന്ന ആക്രമണങ്ങൾ വർധിക്കുകയാണ്. ഇതിനെതിരെ നിയമനടപടികൾ പോലും ഉറപ്പാക്കുന്നില്ലെന്ന് യുഎൻ ആശങ്ക രേഖപ്പെടുത്തി. കുട്ടികളെ കൊല്ലുന്നതും പരിക്കേൽപ്പിക്കുന്നതും ഒഴിവാക്കുന്നതിനും സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനും യു എൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇവ സംബന്ധിച്ച് വ്യക്തമായ സമയപരിധിയുള്ള ഒരു കരാറിൽ ഒപ്പുവെക്കാൻ രാജ്യത്തോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിനോട് ഇസ്രായേൽ പ്രതികരിച്ചില്ല. മാത്രമല്ല നിഷ്ഠൂരമായ കൊലപാതകങ്ങളും ഹൃദയ ശൂന്യമായ ആക്രമണങ്ങളും തുടരുകയും ചെയ്യുന്നു.
കുട്ടികളുടെ അടിമ സൈന്യം
നിർബന്ധിത സൈനിക സേവനം എന്ന പേരിൽ കുട്ടികളെ അടിമകളെ പോലെ സൈനിക സേവനത്തിന് റിക്രൂട്ട് ചെയ്യുന്നു. വിവിധ സംഘർഷങ്ങളിൽ പോരാടാനായി 6,607 കുട്ടികളെയാണ് സായുധ ഗ്രൂപ്പുകളും സൈന്യങ്ങളും നിർബന്ധിച്ച് റിക്രൂട്ട് ചെയ്തത്. കോംഗോ, നൈജീരിയ, ഹെയ്തി, സൊമാലിയ, കൊളംബിയ എന്നിവിടങ്ങളിലാണ് ഇത് ഏറ്റവും കൂടുതൽ. നൈജീരിയ, കോംഗോ, സൊമാലിയ, മ്യാൻമർ, മൊസാംബിക് എന്നീ രാജ്യങ്ങളിൽ നിന്നായി 5,129 കുട്ടികളെ തട്ടിക്കൊണ്ടുപോയി.
ഇവരിൽ ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ 1,783 കുട്ടികളുടെ വിവരങ്ങൾ യു എൻ സ്ഥിരീകരിച്ചു. കോംഗോ, നൈജീരിയ, സൊമാലിയ, സുഡാൻ, ഹെയ്തി എന്നിവയാണ് ഇതിൽ മുന്നിൽ.
സർക്കാർ സൈന്യങ്ങൾ പ്രധാന പ്രതികൾ
സായുധ സംഘർഷങ്ങളിലെ കുട്ടികളുടെ സംരക്ഷണത്തിനായുള്ള യു എൻ പ്രത്യേക പ്രതിനിധി വനേസ ഫ്രേസിയർ ഔദ്യോഗിക സര്‍ക്കാര്‍ സേനകളുടെ ഇതിലെ പങ്ക് എടുത്തു പറയുന്നു. "അന്താരാഷ്ട്ര നിയമങ്ങളോടുള്ള തികഞ്ഞ അവഗണനയും, തങ്ങൾക്കെതിരെ നടപടിയുണ്ടാകില്ലെന്ന ധാരണയുമാണ് ഇത്തരം അതിക്രമങ്ങൾ വര്‍ധിക്കുന്നതിന് പ്രധാന കാരണം.
ആധുനിക യുദ്ധമുറകളിൽ വന്ന മാറ്റങ്ങളും ഇതിന് ആക്കം കൂട്ടി. പരമ്പരാഗത യുദ്ധക്കളങ്ങളിൽ നിന്ന് മാറി ജനസാന്ദ്രതയേറിയ നഗരങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും യുദ്ധം വ്യാപിച്ചു. ഡ്രോണുകളും വലിയ തോതിൽ നാശനഷ്ടമുണ്ടാക്കുന്ന ആധുനിക സ്ഫോടകവസ്തുക്കളും ജനവാസ മേഖലകളിൽ ഉപയോഗിക്കുമ്പോൾ ഇരകളാകുന്നത് കുട്ടികളാണ്." ഇസ്രയേലും മ്യാൻമറും പോലുള്ള രാജ്യങ്ങളുടെ ആക്രമണങ്ങളിൽ വംശഹത്യാ താത്പര്യങ്ങളും ലക്ഷ്യങ്ങളും കലരുന്നു.
ഭക്ഷണവും വെള്ളവും മരുന്നും തേടി പോകുമ്പോഴും, യുദ്ധമേഖലകളിൽ അവശേഷിക്കുന്ന മൈനുകളും സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങളും കാരണവും കുട്ടികൾ ദുരന്തത്തിന് ഇരയാവുന്നു. മിക്ക സംഭവങ്ങിലും കൊല്ലപ്പെടുകയോ ആജീവനാന്ത വൈകല്യങ്ങൾക്ക് ഇരയാവുകയോ ചെയ്യുന്നു. ആയിര കണക്കിന് കുട്ടികൾ ഇങ്ങനെ ഇരയാക്കപ്പെടുന്നു. ഇതിന് കണക്കുകൾ ഇല്ല.

വമ്പൻ രാജ്യങ്ങൾ
അവകാശം സംസ്കാര സമ്പന്നര്‍
മുൻകാലങ്ങളിൽ ആഭ്യന്തര കലാപങ്ങളും പ്രാദേശിക സായുധ സംഘങ്ങളും തമ്മിലുള്ള പോരാട്ടങ്ങളായിരുന്നു കൂടുതൽ എങ്കിൽ സമീപകാലത്ത് ആധുനിക സജ്ജീകരണങ്ങളുള്ള ഔദ്യോഗിക ഭരണകൂടങ്ങളുടെ സൈന്യങ്ങൾ നേരിട്ട് യുദ്ധരംഗത്തുണ്ട്. ഇവയിൽ അധികവും വികസിത രാജ്യങ്ങളും അവയുടെ നിഴൽ ശക്തികളുമാണ്. ജനാധിപത്യ വികാസത്തിന്റെ യും ആധുനിക ജീവിത വീക്ഷണങ്ങളുടെയും സംസ്കാര സമ്പന്നതയുടെയും പേരിൽ ഊറ്റം കൊള്ളുന്നവരാണ്.
റിപ്പോർട്ടുമായി ബന്ധപ്പെട്ട് യു.എൻ പുറത്തുവിട്ട അധിക വിവരങ്ങളിൽ ഏറ്റവും ആശങ്കപ്പെടുത്തുന്ന ഒരു കാര്യം യുദ്ധങ്ങളിലെ സാങ്കേതികവിദ്യയുടെ ഉപയോഗമാണ്. ലക്ഷ്യങ്ങൾ നിർണ്ണയിക്കുന്നതിനായി (Target Identification) സൈന്യങ്ങൾ ഇപ്പോൾ കൃത്രിമ ബുദ്ധി വ്യാപകമായി ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള സാങ്കേതികവിദ്യകളുടെയും ഡ്രോണുകളുടെയും ഉപയോഗം പലപ്പോഴും ലക്ഷ്യങ്ങൾ തെറ്റുന്നതിനും, സ്കൂളുകളും ജനവാസ കേന്ദ്രങ്ങളും ആക്രമിക്കപ്പെടുന്നതിനും കാരണമാകുന്നുണ്ടെന്ന് യുഎൻ വ്യക്തമാക്കുന്നു. ഇറാനിലെ മിനാബിൽ (Minab) പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിന് നേരെ അമേരിക്ക നടത്തിയ ആക്രമണം പോലുള്ള സംഭവങ്ങൾ മനപൂര്‍വമാണെന്നും വിലയിരുത്തപ്പെടുന്നു. യുദ്ധത്തിന്റെ പേരിൽ ഈ ആക്രമണത്തെ ന്യായീകരിക്കയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ചെയ്തത്.
വിദ്യാലയങ്ങളെ
ലക്ഷ്യമാക്കുന്നതും പ്രവണത
ഇത്തരം വൻശക്തികളുടെ ആക്രമണങ്ങൾ പലപ്പോഴും യുഎൻ റിപ്പോർട്ടുകളിൽ നേരിട്ട് കരിമ്പട്ടികയിൽ വരാൻ രാഷ്ട്രീയമായ കാരണങ്ങളാൽ വൈകുമെങ്കിലും, "വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണം" എന്ന വലിയ വിഭാഗത്തിൽ ഇവയെല്ലാം ഉൾപ്പെടുന്നുണ്ട്. ആഗോളതലത്തിൽ സ്കൂളുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ 40 ശതമാനത്തിലധികം വർധനവാണ് അടുത്ത കാലത്തായി രേഖപ്പെടുത്തിയിട്ടുള്ളത്.
സമീപകാലത്തായി യുദ്ധങ്ങൾ ഹ്രസ്വകാലത്തേക്ക് കരുതിയുള്ളതല്ല. പകരം വർഷങ്ങളോളം നീണ്ടുനിൽക്കുകയാണ് (Protracted Conflicts). ഇത് കുട്ടികളുടെ നിലനിൽപ്പിനെ പൂർണ്ണമായി ഇല്ലാതാക്കുന്നുതായി യു എൻ റിപ്പോര്‍ട് വിലയിരുത്തുന്നു. യുദ്ധം നേരിട്ട് ഏൽപ്പിക്കുന്ന പരിക്കുകൾക്ക് പുറമെ, ലക്ഷക്കണക്കിന് കുട്ടികൾക്കാണ് പട്ടിണി മൂലം ജീവൻ നഷ്ടപ്പെടുന്നത്. കുട്ടികൾക്ക് ജീവൻരക്ഷാ മരുന്നുകളും ഭക്ഷണവും എത്തിക്കുന്നതിനുള്ള മാനുഷിക സഹായങ്ങൾ നിഷേധിക്കുന്നതിൽ മാത്രം 52% വർധനവാണ് ഉണ്ടായിരിക്കുന്നത്. ബോംബുകളിൽ നിന്ന് രക്ഷപ്പെട്ടാലും പട്ടിണിയും രോഗങ്ങളും കൊണ്ട് കുട്ടികൾ മരണപ്പെടാൻ ഇത് കാരണമാകുന്നു. തലമുറകളെ തന്നെ ഉന്മൂലനം ചെയ്യുക എന്ന ഗൂഢ ലക്ഷ്യങ്ങളും ഇതിന് പിന്നിൽ പ്രവര്‍ത്തിക്കുന്നു.










0 comments