ഇസ്രയേൽ– ഇറാൻ സംഘർഷം: യുഎൻ രക്ഷാസമിതി യോഗം ഇന്ന്‌

un security council
വെബ് ഡെസ്ക്

Published on Jun 20, 2025, 07:53 AM | 1 min read

ഐക്യരാഷ്ട്ര കേന്ദ്രം: ഇസ്രയേൽ– ഇറാൻ സംഘർഷം ചർച്ചചെയ്യാൻ ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ അടിയന്തരയോഗം വെള്ളിയാഴ്‌ച ചേരും. ഇറാന്റെ അഭ്യർഥന പരിഗണിച്ചാണ്‌ യോഗം. സംഘർഷത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതിനുള്ള മാർഗമായി ചൂണ്ടിക്കാട്ടി റഷ്യയും ചൈനയും ഇറാന്റെ ആവശ്യത്തെ പിന്തുണച്ചു.


അതേസമയം, ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി ജനീവയിൽ യൂറോപ്യൻ വിദേശമന്ത്രിമാരുമായി വെള്ളിയാഴ്‌ച കൂടിക്കാഴ്ച നടത്തും. ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നിവിടങ്ങളിലെ മന്ത്രിമാരുമായും യൂറോപ്യൻ യൂണിയനിലെ ഉന്നത നയതന്ത്രജ്ഞരുമായും ആണവവിഷയത്തിൽ കൂടിക്കാഴ്ച നടത്തുമെന്ന്‌ അരാഗ്‌ചി പറഞ്ഞു.


സംഘർഷം തുടരുന്ന സാഹചര്യത്തിൽ എല്ലാ ഇന്ത്യക്കാരും എംബസിയിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം നൽകി. ഇസ്രയേൽ വിടാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരെ അവിടെ നിന്ന് ഒഴിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാരെ കര അതിർത്തികളിലൂടെ സുരക്ഷിത സ്ഥലത്തേക്കും തുടർന്ന് വിമാനമാർ​ഗം ഇന്ത്യയിലേക്കും എത്തിക്കും. ടെൽ വീവിലെ ഇന്ത്യൻ എംബസി നടപടികൾ ഏകോപിപ്പിക്കും.


ഇസ്രയേലിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും ഇസ്രയേലി അധികൃതരും ഹോം ഫ്രണ്ട് കമാൻഡും പുറപ്പെടുവിച്ച സുരക്ഷാ മാർ​ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി ആവർത്തിച്ചു. സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിനായി എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു.


ഇസ്രയേലിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ടെൽ അവീവിലെ ഇന്ത്യൻ എംബസിയിൽ (https://www.indembassyisrael.gov.in/indian_national_reg) രജിസ്റ്റർ ചെയ്യണം. ‌‌സംശയങ്ങൾക്ക് ടെൽ അവീവിലെ ഇന്ത്യൻ എംബസിയിൽ സ്ഥാപിച്ചിട്ടുള്ള 24/7 കൺട്രോൾ റൂമുമായി ബന്ധപ്പെടാം: ടെലിഫോൺ നമ്പറുകൾ: +972 54-7520711; +972 54-3278392; ഇ-മെയിൽ: [email protected].



deshabhimani section

Related News

View More
0 comments
Sort by

Home