സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ ലോകത്ത് 50 ശതമാനം വർധന; യുഎൻ റിപ്പോർട്ട്

ജനീവ: സമൂഹത്തിൽ ലിംഗ വിവേചനവും സ്ത്രീകൾക്കെതിരായ ആക്രമണങ്ങളും ഇപ്പോഴും സാധാരണമായി നിലനിൽക്കുന്നെന്ന് ഐക്യരാഷ്‌ട്ര സംഘടനയുടെ റിപ്പോർട്ട്. മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായാണ് ആശങ്ക ഉയർത്തുന്ന റിപ്പോർട്ട് യു എൻ പുറത്തു വിട്ടത്.
ലോകത്തിൽ 87 രാജ്യങ്ങളിൽ മാത്രമേ ഇപ്പോഴും സ്‌ത്രീകൾ അധികാരത്തിലുള്ളൂ. മുപ്പത് വർഷങ്ങൾക്ക് മുമ്പ്, ലോകമെമ്പാടുമുള്ള നേതാക്കൾ ലിംഗസമത്വം കൈവരിക്കുന്നതിനുള്ള ചരിത്രപരമായ ഒരു രൂപരേഖ അംഗീകരിച്ചിരുന്നു. അതു കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സമൂഹത്തിൽ സ്ത്രീകളുടെ അവസ്ഥയിൽ വലിയ പുരോഗതി ഉണ്ടായില്ല.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ ആക്രമണങ്ങൾ ഇപ്പോഴും ലോക സമൂഹത്തിൽ തുടരുകയാണ്. ഇത് മനുഷ്യ സമൂഹത്തെയും സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ലോകത്തിലെ മൂന്നിലൊന്ന് രാജ്യങ്ങളിലും സ്ത്രീകളുടെ അവകാശങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ നടന്നതായി റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസം, കുടുംബാസൂത്രണം എന്നിവയുൾപ്പെടെ ചില മേഖലകളിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇപ്പോഴും ആശങ്കാജനകമാണ്. ലോകത്ത് ഓരോ പത്ത് മിനിറ്റിലും ഒരു പെൺകുട്ടി വീതം സ്വന്തം കുടുംബാംഗങ്ങളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 2022-നെ അപേക്ഷിച്ച് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ സംഭവങ്ങൾ 50 ശതമാനം വർധിച്ചു. മാർച്ച് 8 ന് ലോകമെമ്പാടും അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കാൻ പോകുന്ന വേളയിലാണ് യു എൻ റിപ്പോർട്ട് പുറത്തിറങ്ങിയിരിക്കുന്നത്.
ലിംഗ വിവേചനത്തിനെതിരെ നടന്ന ബീജിങ് സമ്മേളനം
ലിംഗ വിവേചനത്തിനെതിരെ പോരാടാൻ 1995-ൽ ബീജിങിൽ ഒരു സമ്മേളനം നടന്നു. 189 രാജ്യങ്ങൾ പങ്കെടുത്ത വനിതാ സമ്മേളനത്തിൽ 150 പേജുള്ള ഒരു പ്രഖ്യാപനം പാസാക്കി. ദാരിദ്ര്യത്തിനെതിരെ പോരാടുക, ലിംഗാധിഷ്ഠിത വിവേചനവും ആക്രമണങ്ങളും തടയുക, ബിസിനസ്, സർക്കാർ ചർച്ചകൾ എന്നിവയിൽ സ്ത്രീകൾക്ക് ഉന്നത സ്ഥാനങ്ങൾ നൽകുക എന്നിവയ്‌ക്കുവേണ്ടി സമ്മേളനം വാദിച്ചു. ഈ റിപ്പോർട്ട് മൂന്നു പതിറ്റാണ്ട് പിന്നിട്ടിട്ടും മാറ്റങ്ങൾ ഉണ്ടായില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടി കാട്ടുന്നത്.








0 comments