ad
Deshabhimani

ഇറാന്‍ ഡ്രോണുകളെ പ്രതിരോധിക്കാന്‍ സഹായിക്കാം, പകരം പണം നല്‍കണം: വ്ലോഡിമിര്‍ സെലന്‍സ്കി

zelensky

വ്ലോഡിമിര്‍ സെലന്‍സ്കി

വെബ് ഡെസ്ക്

Published on Mar 16, 2026, 06:48 AM | 1 min read

കീവ് : ഇറാന്‍റെ ഡ്രോണുകളെ പ്രതിരോധിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കാമെന്ന വാഗ്ദാനവുമായി യുക്രെയ്ന്‍. ആക്രമണ ഡ്രോണുകളെ നേരിടുന്നതില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധസംവിധാനം യുക്രെയ്നിലുണ്ടെന്നും എന്നാല്‍ തങ്ങളുടെ സേവനങ്ങള്‍ക്ക് രാജ്യങ്ങള്‍ ഇനി മുതല്‍ പണം നല്‍കണമെന്നും യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ലോഡിമിര്‍ സെലന്‍സ്കി പറഞ്ഞു.
ഡ്രോണ്‍ ഭീഷണിയെ നേരിടാന്‍ യുഎസും പശ്ചിമേഷ്യന്‍ രാജ്യങ്ങളും യുക്രെയ്നോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും സെലന്‍സ്കി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സെലന്‍സ്കി പരാമര്‍ശിച്ച രാജ്യങ്ങളൊന്നും ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല.
യുക്രെയ്നിലെ നഗരങ്ങളില്‍ ആക്രമണം നടത്തുന്ന അതേ ഷാഹെദ് ഡ്രോണുകള്‍ തന്നെയാണ് ഇറാന്‍ പശ്ചിമേഷ്യയില്‍ ഉപയോഗിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ യുക്രെയ്ന്‍റെ പക്കലുണ്ട്. സ്വന്തം രാജ്യത്തിന്‍റെ പ്രതിരോധം ദുര്‍ബലപ്പെടാത്ത രീതിയില്‍ മറ്റ് രാജ്യങ്ങളെ സഹായിച്ച് വരികയാണെന്നും ഇതിനായി യുക്രെയ്നിലെ വിദേശ, പ്രതിരോധ മന്ത്രാലയങ്ങള്‍ക്കും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സെലന്‍സ്കി വ്യക്തമാക്കി.
ഇറാന്‍റെ ഡ്രോണ്‍ ആക്രമങ്ങളെക്കുറിച്ച് പഠിക്കാനും പ്രതിരോധ നടപടികള്‍ വിലയിരുത്താനുമായി നാല് രാജ്യങ്ങളിലേക്ക് വിദഗ്ധ സംഘങ്ങളെ യുക്രെയ്ന്‍ അയച്ചിട്ടുണ്ട്. ഖത്തർ, യുഎഇ, സൗദി അറേബ്യ, ജോർദാനിലെ യുഎസ് സൈനിക താവളം എന്നിവിടങ്ങളിലാണ് സംഘം സന്ദർശിച്ചത്. ഇറാനുമായി ഞങ്ങൾ യുദ്ധത്തിലല്ലെന്നും ഷാഹെദ് ഡ്രോണുകളെ എങ്ങനെ പ്രതിരോധിക്കാം എന്നതിനേക്കുറിച്ച് പഠനം നടത്തുക മാത്രമാണ് ലക്ഷ്യമെന്നും സെലെന്‍സ്‌കി വ്യക്തമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home