യുഎസ് യുദ്ധക്കപ്പൽ കരീബിയൻ കടലിൽ പ്രവേശിച്ചു; നീക്കം റൗള്‍ കാസ്‍ട്രോയെ പ്രതിചേര്‍ത്തതിനുപിന്നാലെ

കരീബിയൻ കടലിൽ പ്രവേശിച്ച യുഎസ് സൈനികവിന്യാസം | Screengrab
ന്യൂയോർക്ക്: ക്യൂബയ്‌ക്കെതിരായ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണികൾക്കിടയിൽ നിമിറ്റ്സ് യുദ്ധക്കപ്പൽ കരീബിയൻ കടലിൽ പ്രവേശിച്ചു. യുഎസ് സതേൺ കമാൻഡ് (സൗത്ത്കോം) ഈ സൈനികവിന്യാസം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ക്യൂബൻ വിപ്ലവനേതാവും മുൻ പ്രസിഡന്റുമായ റൗൾ കാസ്ട്രോയ്ക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് പുതിയ കുറ്റപത്രങ്ങൾ സമർപ്പിച്ച ദിവസം തന്നെയാണ് ഈ സൈനിക വിന്യാസവും. യുഎസ് നടപടി മേഖലയിൽ അസ്ഥിരത വർധിപ്പിച്ചിട്ടുണ്ട്.
യുഎസ്എസ് നിമിറ്റ്സിനെ കൂടാതെ വിവിധ യുദ്ധവിമാനങ്ങൾ, മറ്റ് കപ്പലുകൾ എന്നിവയുൾപ്പെടെയുള്ള വൻ സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്. "നിമിറ്റ്സ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന് കരീബിയനിലേക്ക് സ്വാഗതം" എന്ന് വിശേഷിപ്പിച്ച് എക്സിൽ സൗത്ത്കോം വീഡിയോ പങ്കുവെച്ചു.
ട്രംപ് ക്യൂബയ്‌ക്കെതിരെയുള്ള പ്രസ്താവനകൾ കടുപ്പിക്കുകയും സൈനിക നടപടിയുടെ സൂചനകൾ നൽകുകയും ചെയ്ത സാഹചര്യത്തിലാണ് ഈ വിന്യാസം.
കഴിഞ്ഞ ജനുവരിയിൽ വെനിസ്വേലയിൽ അതിക്രമിച്ചുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ കടത്തിക്കൊണ്ടുപോകാൻ അമേരിക്ക യുഎസ്എസ് ജെറാൾഡ് ഫോർഡ് എന്ന വിമാനവാഹിനിക്കപ്പൽ ഉപയോഗിച്ചിരുന്നു.
ഫ്ലോറിഡ ആസ്ഥാനമായ 'ബ്രദേഴ്സ് ടു ദി റെസ്ക്യൂ' എന്ന ക്യൂബാവിരുദ്ധ സംഘടനയുടെ രണ്ട് ചെറുവിമാനങ്ങൾ 1996 ഫെബ്രുവരി 24-ന് വ്യോമാതിർത്തി ലംഘിച്ചപ്പോൾ ക്യൂബൻ സേന വെടിവച്ചിട്ടതുമായി ബന്ധപ്പെട്ടാണ് റൗൾ കാസ്ട്രോക്കെതിരായ കേസ്. ക്യൂബയിൽനിന്നുള്ള അഭയാർത്ഥികളെ കണ്ടെത്താൻ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന വലതുപക്ഷ കൂട്ടായ്മയുടെ വിമാനങ്ങളിൽനിന്ന് ഭരണവിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. അന്ന് ഫിദൽ കാസ്ട്രോ പ്രസിഡന്റും റൗൾ പ്രതിരോധമന്ത്രിയുമായിരുന്നു. ഫിദലിന്റെ പിൻഗാമിയായി 15 വർഷം ക്യൂബയെ നയിച്ച റൗൾ 2021-ലാണ് നേതൃത്വത്തിൽനിന്ന് ഒഴിഞ്ഞത്.
റൗൾ കാസ്ട്രോയ്ക്കെതിരെയുള്ള നിയമനടപടികളെക്കുറിച്ച് നീതിന്യായവകുപ്പ് പ്രതികരിക്കട്ടെ എന്നായിരുന്നു എയർഫോഴ്സ് വണ്ണിൽ വച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മറുപടി. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ കടുത്ത എണ്ണ ഉപരോധവും സാമ്പത്തിക നിയന്ത്രണങ്ങളും കാരണം ക്യൂബ വലിയ ഇന്ധന പ്രതിസന്ധിയിലാണ്. സമ്മർദ്ദം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റൗളിനെതിരായ നീക്കത്തെ വിലയിരുത്തുന്നത്.










0 comments