ad
Deshabhimani

ഇറാൻ യുഎസ് വെടിനിര്‍ത്തൽ കലാവധി നാളെ അവസാനിക്കും

ibt

courtesy - © Ilya Ryzhov/TASS

വെബ് ഡെസ്ക്

Published on Apr 21, 2026, 02:26 PM | 2 min read

റിയാദ്: "ഭീഷണിയുടെ നിഴലിൽ ചർച്ചകൾക്ക് ഞങ്ങൾ തയ്യാറല്ല" എന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫ് ആവര്‍ത്തിച്ചു. പശ്ചിമേഷ്യൻ സംഘര്‍ഷത്തിന് അയവുവരുമെന്ന് ലോകം കാത്തിരിക്കുമ്പോൾ യു എസ് സമ്മര്‍ദ്ദ തന്ത്രങ്ങൾക്കെതിരെ കടുത്ത നിലപാട് തുടരുകയാണ് ഇറാൻ.


ഇസ്ലാമാബാദിൽ ഇരുരാജ്യങ്ങളുമായി നടന്ന ആദ്യഘട്ട ചര്‍ച്ച പ്രകാരമുള്ള വെടിനിര്‍ത്തൽ കലാവധി നാളെ ബുധനാഴ്ച അവസാനിക്കുകയാണ്. ലോകത്തെ പ്രതിസന്ധിയിലാക്കിയ സംഘര്‍ഷം രണ്ടാംഘട്ട ചര്‍ച്ചയോടെ വെടിനിര്‍ത്തലിലേക്ക് വീണ്ടുമെത്തും എന്ന പ്രതീക്ഷയായിരുന്നു. ഇസ്‌ലാമാബാദിൽ വെച്ചുള്ള രണ്ടാം ഘട്ട ചർച്ചകൾക്ക് അമേരിക്കൻ സംഘം തയ്യാറെടുത്തിരുന്നു. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, ജാറെഡ് കുഷ്നർ, സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരടങ്ങുന്ന സംഘം ഇതിനായി തിരിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറയുകയും ചെയ്തു.


പക്ഷെ, ഇതോടൊപ്പം ട്രംപ് ഭരണകൂടം പ്രകോപനം കടുപ്പിച്ചു. ഹോര്‍മുസ് കടലിടുക്കിന്റെ പേരിൽ ഇറാൻ തുറമുഖങ്ങളിൽ സൈനിക ഉപരോധം തുടരുകയാണ്. മാത്രമല്ല ഇറാൻ കപ്പലിന് നേരെ വെടിയുതിര്‍ക്കയും തടഞ്ഞു വെക്കുകയും ചെയ്തു. കരാര്‍ പാലിക്കേണ്ടത് ഇറാന്റെ മാത്രം ബാധ്യതയാണ് എന്ന നിലയ്ക്കായിരുന്നു പ്രതികരണങ്ങൾ. എന്നാൽ പതിവ് ഭീഷണി തന്ത്രത്തിന് ഇറാൻ വഴങ്ങിയില്ല.


അമേരിക്ക ഇറാനെ കീഴടങ്ങാൻ പ്രേരിപ്പിക്കുകയാണെന്നും, എന്നാൽ ഇതിനു വിപരീതമായി 'യുദ്ധക്കളത്തിൽ പുതിയ തന്ത്രങ്ങൾ' പുറത്തെടുക്കാൻ ഇറാൻ തയ്യാറെടുക്കുകയാണെന്നുമാണ് ബാഘർ ഖാലിബാഫ് കടുത്ത ഭാഷയിൽ പ്രതികരിച്ചത്.


വെടിനിര്‍ത്തൽ പ്രഖ്യാപനത്തോടെ ഹോര്‍മുസിലെ ഉപരോധം നീക്കിയിരുന്നു. ഇതോടെ ക്രൂഡ് ഓയിൽ വില 90 ന് താഴെ എത്തിയിരുന്നത് ഇപ്പോൾ തിരിച്ച് കയറുകയാണ്. യു എസ് ഉപരോധം ചൂണ്ടികാട്ടി ഹോര്‍മുസ് വഴിയുള്ള വ്യാപരം ഇറാൻ വീണ്ടും തടഞ്ഞിരിക്കുന്നു. ലോകം വീണ്ടും ആശങ്കയിലാണ്.


എങ്കിലും ഇസ്ലാമാബാദിൽ ചര്‍ച്ചയ്ക്കായുള്ള ഒരുക്കങ്ങൾ പ്രതീക്ഷയിൽ തന്നെയാണ്. യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കാലാവധി നീട്ടാൻ സാധ്യതയുണ്ടെന്ന് മുൻ സിഐഎ മേധാവി ജനറൽ ഡേവിഡ് പെട്രേയസ് അഭിപ്രായപ്പെട്ടു. സൈനികമായി ഇറാൻ ദുർബലപ്പെട്ടെങ്കിലും, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം തുടരുന്നത് ഇറാനെ തന്ത്രപരമായി ശക്തമായ നിലയിൽ തന്നെ നിലനിർത്തുന്നുമെന്നാണ് പെട്രേയസ് അഭിപ്രായപ്പെട്ടത്.


ലെബനൻ ഇസ്രയേൽ മുഖാമുഖം,

രണ്ടാംവട്ടം വ്യാഴാഴ്ച


ഇറാൻ വിമുഖത കാണിക്കുമ്പോഴും, നേരിട്ടുള്ള ചർച്ചകൾക്ക് വീണ്ടും തയ്യാറായി ഇസ്രായേലും ലബനനും രംഗത്തെത്തിയിട്ടുണ്ട്. വ്യാഴാഴ്ച വാഷിംഗ്ടൺ ഡി സിയിൽ ചർച്ചയിൽ ഇരുരാജ്യങ്ങളും പങ്കെടുക്കും. ഇത് മേഖലയിലെ മറ്റൊരു സംഘർഷത്തിന് പരിഹാരമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.


പതിറ്റാണ്ടുകളായി ഔദ്യോഗികമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളാണ് ഇസ്രയേലും ലബനനും. നേരത്തെ നടന്ന ആദ്യ ഘട്ട ചർച്ചകളിൽ പ്രധാനമായും അതിർത്തി തർക്കങ്ങളും സുരക്ഷാ കാര്യങ്ങളുമാണ് ചർച്ച ചെയ്യപ്പെട്ടത്. വാഷിംഗ്ടണിൽ നടക്കാനിരിക്കുന്ന രണ്ടാം ഘട്ടത്തിൽ കൂടുതൽ വ്യക്തമായ കരാറുകളിലേക്കോ സുരക്ഷാ ക്രമീകരണങ്ങളിലേക്കോ എത്താനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home