ഫിലിപ്പീൻസിനെ തകർത്ത് കൽമേഗി; 114 മരണം, 127 പേരെ കാണാതായി: അടിയന്തരാവസ്ഥ

photo credit: X
മനില : ഫിലിപ്പീൻസിൽ കനത്ത നാശം വിതച്ച് കൽമേഗി ചുഴലിക്കാറ്റ്. അതീതീവ്ര ചുഴലിക്കാറ്റായ കൽമേഗി വീശിയടിച്ചതോടെ നാലു ദിവസത്തിനിടെ 114 പേരാണ് ഫിലിപ്പീൻസിൽ മരിച്ചത്. 127 പേരെ കാണാതായി. കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലുമാണ് മരണങ്ങൾ ഏറെയും. ഫിലിപ്പീൻസിൽ ഈ വർഷം ഉണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് കൽമേഗി ചുഴലിക്കാറ്റ്. വ്യാഴാഴ്ച പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ അനന്തരഫലങ്ങൾ വിലയിരുത്തുന്നതിനായി ദുരന്ത നിവാരണ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. ഏകദേശം 2 ദശലക്ഷം ആളുകളെ ചുഴലിക്കാറ്റ് ബാധിച്ചു. 5,60,000ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു.
മധ്യ ഫിലിപ്പീൻസ് പ്രവിശ്യയായ സെബുവിലാണ് കൽമേഗി ഏറ്റവും നാശം വിതച്ചത്. സെബു പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് സിവിൽ ഡിഫൻസ് ഓഫീസ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ബെർണാഡോ റാഫലിറ്റോ അലജാൻഡ്രോ പറഞ്ഞു. സെബുവിൽ വെള്ളപ്പൊക്കത്തിൽ 49 പേർ മുങ്ങിമരിച്ചു. മണ്ണിടിച്ചിലിലും അവശിഷ്ടങ്ങൾ ഇടിഞ്ഞുവീണുമാണ് മറ്റു മരണങ്ങൾ. 13 പേരെ കാണാതായതായി സിവിൽ ഡിഫൻസ് ഓഫീസ് അറിയിച്ചു. പേമാരിയിൽ നദിയും മറ്റ് ജലാശയങ്ങളും കരകവിഞ്ഞൊഴുകിയതോടെ റസിഡൻഷ്യൽ ഏരിയകൾ മുഴുവൻ വെള്ളത്തിൽ മുങ്ങി. സെബുവിനടുത്തുള്ള നീഗ്രോസ് ഓക്‌സിഡന്റൽ, നീഗ്രോസ് ഓറിയന്റൽ എന്നീ മധ്യ പ്രവിശ്യകളിൽ നിന്ന് 62 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.

ഫിലിപ്പിൻസിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സെബു. വടക്കൻ സെബുവിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 79 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതിന് ഒരു മാസത്തിന് ശേഷമാണ് പ്രാദേശികമായി ടിനോ എന്നറിയപ്പെടുന്ന കൽമേഗിയിൽ നിന്നുള്ള നാശം ഉണ്ടായത്. 2.4 ദശലക്ഷത്തിലധികമാണ് സെബുവിലെ ജനസംഖ്യ. ഭൂകമ്പത്തിൽ വീടുകൾ തകർന്നതോടെ ഭൂരിഭാഗവും താൽക്കാലിക ഷെൽട്ടറുകളിലാണ് കഴിഞ്ഞിരുന്നത്.
തെക്കൻ ലുസോണിന്റെയും വടക്കൻ മിൻഡാനാവോയുടെയും ചില ഭാഗങ്ങൾ ഉൾപ്പെടെ വിസയാസ് മേഖലയിലുടനീളം 2 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു. പല മേഖലകളിലും വെള്ളപ്പൊക്കം രൂക്ഷമായി. വീടുകൾ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിൽ നിരവധി പേർ വീടിന്റെ മേൽക്കൂരകളിൽ കുടുങ്ങി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. വൈദ്യുതി പൂർണമായി തടസപ്പെട്ടു. ഇന്റർഐലാൻഡ് ഫെറികളും മത്സ്യബന്ധന ബോട്ടുകളും കടലിലേക്ക് പോകുന്നത് നിരോധിച്ചു. വിമാന സർവീസുകൾ റദ്ദാക്കി.
ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെല്ലാം രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. മരിച്ചവരിൽ ആറ് സൈനികരും ഉൾപ്പെടുന്നു. ദുരിതബാധിത പ്രവിശ്യകളിൽ മാനുഷിക സഹായം നൽകുന്നതിനായി പോകുന്നതിനിടെ, തെക്കൻ അഗുസാൻ ഡെൽ സുർ പ്രവിശ്യയിലാണ് അഞ്ച് ഉദ്യോഗസ്ഥരുമായി പോയിരുന്ന ഫിലിപ്പൈൻ വ്യോമസേന ഹെലികോപ്റ്റർ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും മരിച്ചു.

ഈ വർഷം ഫിലിപ്പൈൻ ദ്വീപസമൂഹത്തിൽ നാശം വിതച്ച ഇരുപതാമത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് കൽമേഗി. 2013 നവംബറിൽ ശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളിലൊന്നായ ടൈഫൂൺ ഹയാൻ മധ്യ ഫിലിപ്പീൻസിൽ ആഞ്ഞടിച്ചിരുന്നു. 7,300 ൽ അധികം പേർ മരിച്ചു. ഏകദേശം 1 ദശലക്ഷം വീടുകൾ തകർന്നു. 4 ദശലക്ഷത്തിലധികം ആളുകളെയാണ് അന്ന് മാറ്റിപ്പാർപ്പിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് കൽമേഗി പടിഞ്ഞാറൻ പലാവാൻ പ്രവിശ്യയിൽ നിന്ന് ദക്ഷിണ ചൈനാ കടലിൽ നിന്ന് വിയറ്റ്നാമിലേക്ക് സഞ്ചരിച്ചുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ കരയിലേക്ക് കടന്നതിനുശേഷം ദുർബലമായ കൽമേഗി, ദക്ഷിണ ചൈനാ കടലിന് മുകളിൽ എത്തുമ്പോൾ ശക്തി പ്രാപിക്കുമെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വിയറ്റ്നാം തീരം തൊടുമെന്നാണ് കരുതുന്നത്.
കൽമേഗി അടുക്കുന്നതോടെ വിയറ്റ്നാമിലും സുരക്ഷ മുൻകരുതലുകൾ ആരംഭിച്ചു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വിയറ്റ്നാം മുങ്ങിയത് കഴിഞ്ഞ മാസമാണ്. കൽമേഗി എത്തുന്നതോടെ അതിതീവ്ര മഴ വിയറ്റ്നാമിൽ ലഭിക്കുമെന്നാണ് നിരീക്ഷണം.പ്രാദേശികമായി ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകൾ എല്ലാം കരയിലേക്ക് മടങ്ങിയതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.











0 comments