ചൈനയിൽ കനത്ത നാശം വിതച്ച് 'ബാവി' ചുഴലിക്കാറ്റ്; 20 ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു, ഗതാഗതം തടസ്സപ്പെട്ടു

ബാവി ചുഴലിക്കാറ്റിനെ തുടർന്ന് ചൈനയിലെ തീരദേശ മേഖലയിലുണ്ടായ നാശനഷ്ടങ്ങൾ| Photo:Reuters
ബെയ്‌ജിങ് : ഈ വർഷം ചൈനയിൽ വീശിയടിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ 'ബാവി' കിഴക്കൻ തീരപ്രദേശങ്ങളിൽ കനത്ത നാശനഷ്ടം വിതച്ചു. ശക്തമായ കാറ്റും പ്രളയവും ജനജീവിതം സ്തംഭിപ്പിച്ചതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലാണ്. ഞായറാഴ്ച രാവിലെ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് ട്രോപ്പിക്കൽ കൊടുങ്കാറ്റായി മാറിയെങ്കിലും, വരും ദിവസങ്ങളിൽ കിഴക്കൻ-വടക്കൻ ചൈനയിൽ ഉടനീളം വൻ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.
കനത്ത നാശനഷ്ടം മുൻകൂട്ടി കണ്ട് സാമ്പത്തിക-സാങ്കേതിക ഹബ്ബായ സെജിയാങ് പ്രവിശ്യയിൽ നിന്ന് ഉൾപ്പെടെ 20 ലക്ഷം ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. സെജിയാങ്ങിലെ തീരദേശ നഗരങ്ങളായ യുഹുവാനിലും വെൻഷൗവിലെ യുക്വിംഗിലുമാണ് ബാവി ചുഴലിക്കാറ്റ് കരതൊട്ടത്. തീരദേശ മേഖലകളിൽ വൻതോതിൽ മരങ്ങൾ കടപുഴകി വീഴുകയും വീടുകളുടെ മേൽക്കൂരകൾ തകരുകയും ചെയ്തു . മലയോര മേഖലകളിൽ ശക്തമായ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു.
തായ്‌വാനിലും ബാവി ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം ഉണ്ടാക്കി. വടക്കൻ തായ്‌വാനിൽ 80 സെന്റീമീറ്ററോളം മഴയാണ് രേഖപ്പെടുത്തിയത്. വിവിധ അപകടങ്ങളിലായി 134 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ചുഴലിക്കാറ്റിനെ തുടർന്ന് ചൈനയിലെ ഗതാഗത സംവിധാനങ്ങൾ പൂർണമായും തടസപ്പെട്ടു. സെജിയാങ് പ്രവിശ്യാ തലസ്ഥാനമായ ഹാങ്‌ഷൗവിൽ ട്രെയിൻ സർവീസുകൾ നിർത്തിവെക്കുകയും 327 വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു.
അയൽ നഗരമായ ഷാങ്ഹായിൽ 1,620 ട്രെയിൻ സർവീസുകളും 684 വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ജിലിൻ, ലിയാനിംഗ്, ഹെബെയ്, ഷാൻഡോംഗ് തുടങ്ങിയ പ്രവിശ്യകളിൽ കനത്ത മഴ തുടരുമെന്നാണ് റിപ്പോർട്ട്. പ്രളയബാധിത പ്രദേശങ്ങളിൽ ബോട്ടുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.











0 comments