വ്യക്തിഗത, ബാങ്ക് വിവരം മോഷ്‌ടിക്കപ്പെടാൻ സാധ്യത; സ്ഥിരീകരിക്കാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്ന് ദുബായ് പൊലീസ്

ദുബായ് : ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും സൈബർ തട്ടിപ്പുകാർക്ക് കൈവശപ്പെടുത്താൻ ഇടയാക്കുമെന്ന് ദുബായ് പൊലീസ്. ഗെയിമിങ്, നിക്ഷേപം തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യാജ ആപ്പുകളാണ് തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ മൊബൈൽ ഫോണിലേക്ക് അനധികൃതമായി പ്രവേശനം നേടാനാകും. വ്യക്തിഗത വിവരങ്ങൾ, ബാങ്ക് വിവരങ്ങൾ എന്നിവ കൈക്കലാക്കി ഉപയോക്താവിന്റെ അറിവില്ലാതെ സാമ്പത്തിക തട്ടിപ്പ് നടത്താനും സാധിക്കുമെന്നും പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ ബോധവൽക്കരണ വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഔദ്യോഗികവും അംഗീകൃതവുമായ ആപ്പ് സ്റ്റോറുകളിൽനിന്ന് മാത്രമേ ആപ്പുകൾ ഡൗൺലോഡ് ചെയ്യാവൂ. ബാങ്ക് അക്കൗണ്ടുകൾക്ക് സുരക്ഷ ഉറപ്പാക്കാനായി ബാങ്കിങ് അലർട്ടുകൾ സജീവമാക്കുക്കണം. സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും ദുബായ് പൊലീസ് നിർദേശിച്ചു. സൈബർ തട്ടിപ്പിന് ശ്രമമുണ്ടായാൽ ദുബായ് പൊലീസ് സ്മാർട്ട് ആപ്, 901 ഹെൽപ്‌ലൈൻ, ഇ–ക്രൈം പ്ലാറ്റ്‌ഫോം എന്നിവ വഴി ഉടൻ പരാതി നൽകണമെന്നും അധികൃതർ അറിയിച്ചു.










0 comments