ഇറ്റലിയിൽ വൈശാഖി ആഘോഷത്തിനിടെ വെടിവെപ്പ്: രണ്ട് ഇന്ത്യൻ വംശജര്‍ കൊല്ലപ്പെട്ടു

റോം: ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലുള്ള കോവോയിൽ രണ്ട് ഇന്ത്യൻ വംശജർ വെടിയേറ്റു മരിച്ചു. വൈശാഖി ആഘോഷത്തിന്റെ ഭാഗമായി ഒത്തുകൂടിയ ശേഷം ഗുരുദ്വാരയിൽ നിന്ന് മടങ്ങവെയാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്.
കോവോ സ്വദേശിയായ രജീന്ദർ സിംഗ് (48), അഗ്നാഡെല്ലോ സ്വദേശിയായ ഗുർമീത് സിംഗ് (48) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ വ്യവസായ മേഖലയിലുള്ള 'ഗുരുദ്വാര മാതാ സാഹിബ് കൗർ ജി'ക്ക് മുന്നിലെ മുറ്റത്തായിരുന്നു സംഭവം.
മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടത്തിയ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറിലെത്തിയ അക്രമി വെടിയുതിർത്ത ശേഷം വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. പ്രതിയും ഒരു ഇന്ത്യൻ വംശജനാണെന്നും ഇയാൾ സ്ഥിരമായി ഗുരുദ്വാരയിൽ എത്താറുള്ള വ്യക്തിയാണെന്നും ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.
ആക്രമണത്തിനിടെ വെടിയുണ്ടകൾ ഉരസി മറ്റൊരാൾക്കും നിസാര പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. വൈശാഖി ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് സംഭവം അരങ്ങേറിയത്. അക്രമിയെ കണ്ടെത്താനായി ഇറ്റാലിയൻ അധികൃതർ അന്വേഷണം ഊർജ്ജിതമാക്കി.










0 comments