Deshabhimani

അമേരിക്കയിൽ രണ്ട് ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചു; ഡ്രൈവർമാർ മരിച്ചു, ഒമ്പത് പേർക്ക് പരിക്ക്

us ohio bus accident
വെബ് ഡെസ്ക്

Published on Nov 24, 2026, 07:34 AM | 1 min read

വാഷിങ്ടൺ: അമേരിക്കയിൽ രണ്ട് ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് ഡ്രൈവർമാർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. ഒഹായോ സംസ്ഥാനത്തെ കൊളംബസിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം. സെൻട്രൽ ഒഹായോ ട്രാൻസിറ്റ് അതോറിറ്റിയുടെ രണ്ട് ബസുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിനിടെ മറ്റൊരു വാഹനവും ബസുകളിലൊന്നിൽ ഇടിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


തിങ്കളാഴ്ച രാവിലെ എട്ടോടെ കൊളംബസ് നഗരത്തിന്റെ വടക്കൻ മേഖലയിലാണ് അപകടമുണ്ടായത്. ബസുകളിലൊന്ന് റോഡിന്റെ മധ്യത്തിലെ ഇരട്ട മഞ്ഞവര കടന്ന് എതിർദിശയിൽ വന്ന ബസിൽ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ ബസ് തെറ്റായ ദിശയിലേക്ക് നീങ്ങാനുണ്ടായ കാരണം വ്യക്തമല്ലെന്ന് കൊളംബസ് പൊലീസ് സർജന്റ് ജോസഫ് ആൽബർട്ട് പറഞ്ഞു.


അപകടത്തിൽ ഒരു ബസ് ഡ്രൈവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. ബസുകളിലെ യാത്രക്കാരും അപകടത്തിൽപ്പെട്ട മൂന്നാമത്തെ വാഹനത്തിലുണ്ടായിരുന്നവരുമടക്കം ഒമ്പത് പേർക്കാണ് പരിക്കേറ്റത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പരിക്കുകൾ ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു. കാൽനടയാത്രക്കാർക്കാർക്കും പരിക്കേറ്റിട്ടില്ല.


അപകടത്തിന്റെ അന്വേഷണം തുടരുകയാണ്. സെൻട്രൽ ഒഹായോ ട്രാൻസിറ്റ് അതോറിറ്റിയും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. അപകടത്തിൽപ്പെട്ട ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ പിന്തുണയും കൗൺസലിങ് സേവനങ്ങളും നൽകുമെന്ന് അതോറിറ്റി അറിയിച്ചു.


അപകടത്തിൽ കൊളംബസ് സിറ്റി കൗൺസിൽ പ്രസിഡന്റ് ഷാനൻ ഹാർഡിനും കൗൺസിൽ അംഗം ലൂർദസ് ബറോസോ ഡി പഡില്ലയും അനുശോചനം രേഖപ്പെടുത്തി. അവധിക്കാലം ആരംഭിക്കാനിരിക്കെ രണ്ട് കുടുംബങ്ങൾക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടത് ഏറെ വേദനാജനകമാണെന്ന് ഇരുവരും പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനൊപ്പം ജീവൻ നഷ്ടപ്പെട്ടവരെയും ദുഃഖത്തിലായ കുടുംബങ്ങളെയും മറക്കരുതെന്നും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home